‘റമദാൻ’ – ഒരുമയുടെ പുണ്യമാസം (ലേഖനം)

സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, ഒത്തൊരുമയുടെയും, ക്ഷമയുടെയും ഒക്കെ മാതൃകയായി ഇതാ ഒരു റമദാൻ പുണ്യ മാസം കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളാണ്. കഠിന വൃതാനുഷ്ഠാനത്തിനു ശേഷമുള്ള മുസ്ലിം സഹോദരങ്ങളുടെ നോമ്പ് തുറ പലപ്പോഴും ഇതര മത വിശ്വാസികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കോടീശ്വരനും, സാധാരണക്കാരനും, യാചകനും, ഒക്കെ ഒത്തൊരുമിച്ചുള്ള, ഇസ്ലാം മത വിശ്വാസികളുടെ നിസ്ക്കാരം, നോമ്പ് തുറ, ഇതിനൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാടു പ്രാധാന്യമുണ്ട്. നോമ്പ് തുറയുടെ സമയത്തു കൂടെയുള്ള ആരെയും ജാതിയോ മതമോ ഒന്നും നോക്കാതെ അവരുടെ കൂടെയിരുത്തി ഉള്ളതിന്റെ പങ്കു മറ്റുള്ളവർക്കുകൂടി പങ്കു വെങ്കുന്നത്, പലപ്പോഴും നമ്മെയൊക്കെ അതിശയിപ്പിക്കുന്ന ഒന്നാണെന്ന് പറയാതിരിക്കാൻ പറ്റില്ല. പണ്ടുള്ള കാലങ്ങളിൽ നിന്ന് വ്യതസ്തമായി ഇപ്പോൾ ഹൈന്ദവ ദേവാലയങ്ങളിലും, ക്രൈസ്തവ ദേവാലയങ്ങളിലും ഒക്കെ നോമ്പ് തുറ നടത്താറുണ്ട്. അതുപോലെ ചില സ്ഥലങ്ങളിൽ മറ്റു ഇതര മത ത്തിലുള്ളവർ അവരുടെ ദേവാലയങ്ങൾ മത ചിന്തകൾക്കതീതമായി ആരാധനക്കായി തുറന്നുകൊടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ കൂടി കണ്ടിട്ടുണ്ട്. സത്യത്തിൽ ഇവിടെയൊക്കെയാണ് സർവശക്തനായ ദൈവം സ്വർഗം വിട്ടു താഴേക്ക് ഇറങ്ങി വരുന്നത്. ജാതിയുടെയും മതത്തിന്റെയും വൻ മതിലുകളും, കോട്ടകളും തീർക്കുന്ന നല്ലൊരു വിഭാഗം മത വിശ്വാസികൾ എല്ലാ മതത്തിലും ഉണ്ടെന്നുള്ള കാര്യം നമുക്ക് മറക്കാൻ പറ്റില്ല. ഇവർക്കൊക്കെ ഒരു നല്ല പാഠമാവട്ടെ ഇതുപോലുള്ള നോമ്പ് തുറയും ഉത്സവങ്ങളും, പെരുന്നാളുകളും ക്രിസ്തുമസ്സും, ഈസ്റ്ററുമൊക്കെ.

അന്യന്റെ വിശപ്പു അറിയാത്ത ഒരു മതത്തിലും ദൈവം ഇല്ല എന്ന് വിശുദ്ധ ഖുറാനും, ബൈബിളും, ഭഗവത് ഗീതയുമൊക്കെ നമ്മെ പഠിപ്പിക്കുന്നു. സ്നേഹമാണ് ദൈവം, അത് മേല്പറഞ്ഞ ഗ്രന്ഥങ്ങളിലെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർ സത്യമായും ദൈവ നിഷേധികളാണെന്നുള്ള കാര്യം തറപ്പിച്ചു പറയാം. ഒരു നേരത്തെ വിശപ്പടക്കാൻ പാടുപെടുന്നവന്റെ വായിലോട്ടു ഖുർആനോ, ബൈബിളോ, രാമായണമോ, ഭഗവത് ഗീതയോ കുത്തി കയറ്റിയിട്ട് കാര്യമുണ്ടോ? വിശക്കുന്നവനു അവന്റെ വിശപ്പടക്കുക അതാണ് ആവശ്യം. മരണത്തോട് മല്ലടിച്ചു ആശുപത്രി കിടക്കയിലോ അല്ലാതെയോ മരുന്ന് വാങ്ങാൻ പണമില്ലാതെ നിലവിളിക്കുന്നവന് ഖുർആനോ, ബൈബിളോ, ഭഗവത് ഗീതയോ അല്ല വേണ്ടത്. മരുന്ന് വാങ്ങുവാൻ ആവശ്യമായ പണം ആണെന്നുള്ള കാര്യം മറക്കരുത്. ഏതെങ്കിലും ആപത്തു പറ്റി രക്തം വാർന്നൊലിച്ചു കിടക്കുന്നവന് രക്തം ദാനം ചെയ്യാൻ ആരെങ്കിലും ചെന്നാൽ ആരെങ്കിലും ചോദിക്കാറുണ്ടോ അല്ല സഹോദര നീ ക്രിസ്ത്യാനിയാണോ, മുസ്ലിമാണോ, ഹിന്ദുവാണോ, ഇന്ത്യകാരനാണോ പാകിസ്താനിയാണോ, അറേബ്യനാണോ, അമേരിക്കനാണോ എന്നൊക്കെ. പിന്നെ ആരാണ് ഈ മതത്തിന്റെയും ജാതിയുടെയും വിഷം ഉള്ളിൽ കയറ്റുന്നതു, ദൈവം ആരെന്നു മനസ്സിലാക്കാത്ത ഒരുകൂട്ടം നിരീശ്വരവാദികൾ, സത്യത്തിൽ ഇവരെയാണ് നിരീശ്വരവാദികൾ എന്ന് വിളിക്കേണ്ടത്.

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു അമ്പലങ്ങളും, പള്ളികളും, മോസ്‌ക്കുകളും തരിപ്പണമാക്കുകയും വിലപ്പെട്ട മനുഷ്യ ജീവൻ വേട്ടയാടുന്ന നിരീശ്വരവാദികൾക്കു ശക്തമായ മറുപടി കൊടുക്കാൻ റമദാനും, ഉത്സവങ്ങളും പെരുന്നാളുകളൂം, വിഷുവും, ക്രിസ്തുമസ്സും ഒക്കെ സാഹോദര്യത്തിന്റെയും, അനുഗ്രനത്തിന്റെയും, ഒത്തൊരുമയുടെയും സന്തോഷത്തിനിന്റെയും നാളുകളാക്കി മാറ്റാൻ നമ്മൾ ശ്രമിക്കണം.

അതുപോലെ തന്നെ ഈ പെരുന്നാളും എല്ലാ മുസ്ലിം സഹോദരീ സഹോദരങ്ങൾക്കും, ഉപ്പമാർക്കും, ഉമ്മമാർക്കും, കുഞ്ഞു അനുജന്മാർക്കും അനുജത്തിമാർക്കും വലിയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും ഒക്കെ നാളുകളായി തീരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.

കുര്യാക്കോസ് മാത്യു, ആല്‍ബനി ന്യൂയോർക്ക്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News