മെയ് മൂന്നിനകം പള്ളികളിൽ നിന്ന് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണം: സർക്കാരിന് രാജ് താക്കറെയുടെ മുന്നറിയിപ്പ്

താനെ: ചൊവ്വാഴ്ച താനെയിൽ നടന്ന റാലിയിൽ, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ, മെയ് 3 നകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എംഎൻഎസ് അനുഭാവികളെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ മുന്നറിയിപ്പ് നല്‍കി. നീക്കം ചെയ്തില്ലെങ്കില്‍ പാർട്ടി പ്രവർത്തകർ പള്ളിക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ *ഹനുമാൻ ചാലിസ വായിക്കാൻ തുടങ്ങും.

ചൊവ്വാഴ്ച നടന്ന റാലിയിൽ, സംസ്ഥാന സർക്കാർ നടപടിയെടുക്കുകയും എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ, തുടർനടപടികൾക്ക് താനോ തന്റെ പാർട്ടിയോ ഉത്തരവാദിയാകേണ്ടതില്ലെന്ന് താക്കറെ പറഞ്ഞു. മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുന്നതിനാൽ, പള്ളികളിൽ നിന്ന് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്ന് ഈ മാസം ആദ്യം എംഎൻഎസ് മേധാവി താക്കറെ പ്രഖ്യാപിച്ചിരുന്നു.

താൻ ഒരു പ്രാർത്ഥനയ്ക്കും എതിരല്ലെന്നും, എന്നാൽ ആളുകൾ അവരുടെ വീടുകളിൽ അവരുടെ ഭക്തി പാലിക്കണമെന്നും മറ്റുള്ളവരെ കഷ്ടപ്പെടുത്താൻ അനുവദിക്കരുതെന്നും താക്കറെ തുടർന്നു പറഞ്ഞു. ഇതേ രാജ് താക്കറെയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ എംഎൻഎസ് പ്രവർത്തകർ പലയിടത്തും ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തു. മുംബൈയിലെ കുർളയിലും ഘാട്‌കോപ്പറിലും എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചിരുന്നു, തുടർന്ന് പോലീസ് നടപടിയെടുക്കുകയും പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

*ഹനുമാന്‍ ചാലിസ ഐതിഹ്യം
ശ്രീരാമന്റെ ദർശനം ലഭിച്ചതിനുശേഷം അക്കാലത്തെ ചക്രവർത്തിയായിരുന്ന അക്ബറിനെ തുളസീദാസ് സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞെന്നാണ് ബാക്കി കഥ (വിക്കിപീഡിയ).

Print Friendly, PDF & Email

Leave a Comment

More News