സമകാലീന ഇന്ത്യ അംബേദ്ക്കറെ ഉറ്റുനോക്കുന്നു: ഹമീദ് വാണിയമ്പലം

സംഗമം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക നീതി,സമത്വം,സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന അംബേദ്‌ക്കറിസ്റ്റ് ചിന്തകൾ രാജ്യത്തിന്റെ അതിജീവന പോരാട്ടത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 14 ഡോ.ബി.ആർ അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് “വംശീയതയല്ല,വൈവിധ്യമാണ് ഇന്ത്യ ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വംശീയോന്മൂലനത്തിന് രാമനമവിയെ വരെ മറയാക്കുന്ന സംഘ്പരിവാർ നടപടികൾ അവരുടെ അജണ്ട എത്രത്തോളം അപായമാണെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന ‘കൾച്ചറൽ നാഷണലിസം’ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിതരും അടിമകളുമാക്കുന്നതുമാണ്.അതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്ത് ഒറ്റക്കെട്ടായ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു.എഴുത്തുകാരി സതി അങ്കമാലി മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ.സുന്ദര വല്ലി (ചെന്നൈ) മുഖ്യാതിഥിയായി. ഐ.ഗോപിനാഥ്,വിളയോടി വേണുഗോപാൽ,നീലിപ്പാറ മാരിയപ്പൻ,ശിവരാജ് ഗോവിന്ദാപുരം എന്നിവർ സംസാരിച്ചു. എം. സുലൈമാൻ സ്വാഗതവും പി.എസ് അബൂഫൈസൽ നന്ദിയും പറഞ്ഞു.

Leave a Comment

More News