ഡോ. ബി.ആർ അംബേദ്കർ വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ഡോ ബി ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ ഇരിക്കുമ്പോൾ കാണുന്ന മുസ്‌ലിം-ദലിത് വംശഹത്യ ശ്രമങ്ങളുടെ വർധനവ് നമ്മോട് പറയുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു.

മുക്കം മാട്ടുമുറിയിൽ വെച്ച് നടന്ന പരിപാടിയിൽ തിരുവമ്പാടി മണ്ഡലം അസിസ്റ്റന്റ് കൺവീനർ അഫ്നാൻ കെ. ടി യൂണിറ്റ് ഭാരവാഹികൾ ആയ തസ്‌നി, പ്രമിത എന്നിവർ സംസാരിച്ചു. വ്യത്യസ്തമായ കലാപരിപാടികൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.

Print Friendly, PDF & Email

Leave a Comment

More News