കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോർക്ക് മലയാളി അസ്സോസിയേഷന്റെ (നൈമ) കൈത്താങ്ങ്

ന്യൂയോർക്ക്: ആലപ്പുഴ കരിയിലക്കുളങ്ങരയിലെ കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളി അസ്സോസിയേഷന്റെ കൈത്താങ്ങ്. സ്വന്തമായി ഒരു വീടു വെയ്ക്കണമെന്ന ഇവരുടെ ആഗ്രഹം നിറവേറ്റാന്‍ ന്യൂയോർക്ക് മലയാളി അസോസിയേഷനിൽ നിന്നും സഹായധനം ലഭിച്ചതാണ് ആശ്വാസവാർത്ത. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോൽഘാടനം ഈമാസം 23 ന് നടക്കാനിരിക്കെയാണ് അസോസിയേഷന് എന്നും അഭിമാനിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവർത്തനം. അസോസിയേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു ചാരിറ്റി പ്രവർത്തനത്തിലൂടെയാവണം തുടക്കമെന്ന് അസോസിയേഷൻ ഭാരവാഹികളുടെ ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് ആലപ്പുഴയിലെ സിനിയുടെ വീട്ടിലേക്ക് ആശ്വാസമായി അസോസിയേഷന്റെ സഹായം എത്തിയത്.

കനീഷ്-സിനി ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു കിടപ്പാടം എന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ആദ്യ ഇടപടെലാണ് പ്രസിഡന്റ് ലാജി തോമസിൻറെ നേതൃത്വത്തിൽ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നടത്തിയത്. അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ആദ്യ ഘട്ടസഹായധനം കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം അഡ്വ. രാജഗോപാൽ സിനി കനീഷിന് കൈമാറി. ഭവന നിർമ്മാണം പുരോഗമിക്കുമ്പോൾ തുടർ സഹായധനം കൈമാറുമെന്നും ന്യൂയോർക്ക് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഒൻപതു വർഷം മുൻപ് വൃക്കരോഗം പിടിപെട്ട കനീഷിന് സ്വന്തം വൃക്ക പകുത്തുനൽകാൻ തീരുമാനിച്ചതായിരുന്നു കൊട്ടാരക്കര സ്വദേശിനിയായ സിനി. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത കനീഷിന്റെ രോഗാവസ്ഥയിൽ കനിവ് തോന്നിയ സിനി സ്വന്തം വൃക്ക വാഗ്ദാനം ചെയ്യാൻ താല്പര്യം കാണിച്ച് കനീഷിന് കത്തെഴുതി. എന്നാൽ വീട്ടുകാരുടെ ശക്തമായ എതിർപ്പുകൾമൂലം സിനിയുടെ ആ സ്വപ്‌നം നടന്നില്ല. എന്നാൽ കനീഷിനെ അങ്ങിനെ മറക്കാൻ സിനി തയ്യാറായില്ല. വൃക്ക നൽകാനായില്ലെങ്കിലും കനീഷിന് പകരം ഹൃദയം നൽകി. അങ്ങിനെ രോഗത്താൽ ദുരിതാവസ്ഥയിലായിരുന്ന കനീഷിന്റെ ജീവിത സഖിയായി സിനി മാറുകയായിരുന്നു. എട്ട് വർഷമായി കനീഷിനെ പരിപാലിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് സിനി. ജീവിക്കാൻ ആകെയുള്ള മാർഗം ഒരു മാടക്കട മാത്രമാണിവർക്ക്. ഡയാലിസിസ്, ഭാരിച്ച മരുന്നുകളുടെ ചിലവ് എന്നിവ ഈ ദമ്പതികളുടെ ജീവിതം ഏറെ താറുമാറാക്കി. ഈ ദുരിതാവസ്ഥ കണ്ടറിഞ്ഞാണ് ന്യൂയോർക്ക് മലയാളി അസോസിയേഷൻ സഹായഹസ്തവുമായി ആലപ്പുഴയിലെ കരിയിലക്കുളങ്ങര പുതിയവിളയിലെ കനീഷ് ഭവനിലേക്ക് എത്തുന്നത്.

മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുണ്ടെങ്കിൽ മാത്രമേ സർക്കാർ പദ്ധതിയിൽ വീടു ലഭിക്കുകയുള്ളൂ. സഹായം ലഭിച്ചാൽ ആദ്യം വീടിനുള്ള സ്ഥലം കണ്ടെത്തണം, പിന്നീട് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാമെന്നാണ് സിനിയുടെ പ്രതീക്ഷ. സിനിയുടെ അപേക്ഷ ലഭിച്ചപ്പോൾ പുതുതായി സ്ഥാനമേറ്റ മലയാളി അസോസിയേഷൻ ഭാരവാഹികൾ ഏകകണ്ഠമായി ഒരു തീരുമാനമെടുത്തു, അസോസിയേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും മുൻപ് സിനിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങാവണമെന്ന്. പുറത്തു നിന്നുള്ള ആരുടേയും സഹായം ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് നൈമയുടെ മെമ്പേഴ്സിന്റെ ഭാഗത്തു നിന്നും വളെരെ അധികം സഹായ സഹകരണം ഉണ്ടായതിൽ നൈമ ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി കോർഡിനേറ്റർസ് മാത്യുക്കുട്ടി ഈശോയും ജെയ്സൺ ജോസെപ്പും നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News