ക്ഷേത്രത്തിലെ മേളയിൽ ഖുറാൻ പാരായണം എന്ന പഴയ ആചാരത്തിന് കർണാടക സർക്കാർ അനുമതി നൽകി

ഹാസൻ: സംസ്ഥാനത്ത് വർഗീയ ധ്രുവീകരണ സംഭവങ്ങളെച്ചൊല്ലിയുള്ള അശാന്തിക്കിടയിൽ, കർണാടകയിലെ ബി.ജെ.പി സർക്കാർ ഹാസൻ ജില്ലയിലെ ഹൈന്ദവ സംഘടനകളുടെ എതിർപ്പ് അവഗണിച്ച് ചരിത്രപരമായ ഹിന്ദു മത മേളയിൽ ഖുറാൻ സൂക്തങ്ങൾ ചൊല്ലുന്ന പുരാതന ആചാരത്തിന് ബുധനാഴ്ച അനുമതി നൽകി.

ഹാസൻ ജില്ലയിലെ ബേലൂരിലെ ചന്നകേശവ ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ഭക്തർ ഈ നടപടിയെ അഭിനന്ദിച്ചു.

ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ സാന്നിധ്യത്തിൽ ചന്നകേശവ ഭഗവാന്റെ രഥത്തിനു മുന്നിൽ ഖാസി സയ്യിദ് സജീദ് പാഷ ഖുറാൻ സൂക്തങ്ങൾ പാരായണം ചെയ്തു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെയും മൈത്രിയുടേയും പ്രതീകമാണ് ഈ ആചാരം.

ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്യുന്നത് തലമുറകളായി ഒരു പാരമ്പര്യമാണ്, അത് എന്റെ പൂർവ്വികരിൽ നിന്ന് ലഭിച്ചതാണ്. ഭിന്നതകൾ എന്തുതന്നെയായാലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ ജീവിക്കണമെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും പാഷ പറഞ്ഞു.

ബേലൂർ ക്ഷേത്രത്തിലെ ‘രഥോത്സവ്’ ചടങ്ങ് രണ്ട് ദിവസമാണ് നടത്തുന്നത്, ഇത് സംസ്ഥാനത്തെ അപൂർവ പ്രതിഭാസമാണ്. മൈസൂർ രാജാക്കന്മാർ സമ്മാനിച്ച സ്വർണ്ണ, വജ്രാഭരണങ്ങൾ കൊണ്ട് ചന്നകേശവ വിഗ്രഹം അലങ്കരിക്കും. ഈ ക്ഷേത്ര മേളയിൽ ലക്ഷക്കണക്കിന് ഭക്തരാണ് ബേലൂരിൽ എത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായി ഈ വർഷം രഥം നീക്കുന്നതിന് മുമ്പ് ഖുർആൻ പാരായണം ചെയ്യുന്ന പുരാതന പാരമ്പര്യത്തിനെതിരെ ഹിന്ദു സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചു.

ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായി വർഷങ്ങളായി തുടരുന്ന ആചാരത്തിന്റെ തുടർച്ച സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ മുസ്‌രൈ വകുപ്പിന് കത്ത് നൽകിയിരുന്നു.

മുസ്രൈ വകുപ്പ് കമ്മീഷണർ രോഹിണി സിന്ധൂരി ആചാരം തുടരുന്നതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. 2002ലെ ഹിന്ദു റിലീജിയസ് ആക്‌ട് സെക്ഷൻ 58 പ്രകാരം ക്ഷേത്രത്തിലെ ആചാരക്രമങ്ങളിലും ചടങ്ങുകളിലും ഇടപെടാൻ പാടില്ലെന്നും അവർ പറഞ്ഞു.

അവരുടെ നിർദ്ദേശത്തെത്തുടർന്ന്, ക്ഷേത്രക്കമ്മിറ്റി ഖുറാനിലെ വാക്യങ്ങൾ ചൊല്ലുന്ന ആചാരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News