കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം; ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ പോലീസ് ജാഗ്രത പുലർത്തണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട്ട് എസ്.ഡി.പി.ഐ,ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടത് രാഷ്ട്രീയ പാർട്ടികൾ അക്രമ,കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടാണെന്നും ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാമനമവി ആഘോഷത്തിന്റെ മറവിൽ സംഘ്പരിവാർ വിവിധ സംസ്ഥാനങ്ങളിൽ മുസ് ലിം വംശഹത്യ നടത്തിയിരുന്നു. കേരളത്തിൽ സമുദായിക സ്പർധ വളർത്താനും കാലങ്ങളായി അവർ ശ്രമിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായിട്ടു തന്നെ വേണം പാലക്കാട്ടെ സുബൈറിന്റെ കൊലപാതകത്തെയും കാണാൻ.

അതേസമയം, സമൂഹത്തിലെ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെയേ ഈ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാകൂവെന്നും അതല്ലാതെ സമാന രീതിയിൽ തിരിച്ചടിച്ച് നിർത്താനാകുമെന്നത് തെറ്റായ ധാരണയാണെന്നും ഇത് കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയേയുള്ളൂവെന്നും ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു.

പാലക്കാട്ട് നിലവിൽ കലാപാന്തരീക്ഷമാണുള്ളത്.കൊലക്കത്തി താഴെ വെക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ തയ്യാറാകണമെന്ന് ഫ്രറ്റെണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.സുബൈറിന് നേരെ കൊലപാതക സാധ്യതയുണ്ടെന്നും പോലീസ് സുരക്ഷ നൽകണമെന്നും നേരത്തെ പൊലീസിനെ അറിയിച്ചു എന്നാണ് അറിയുന്നത്.

സംഘർഷ സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കേണ്ട സമയത്ത് നഗര മധ്യത്തിൽ വീണ്ടും കൊലപാതകം നടന്നത് പോലീസിന്റെ ജാഗ്രതക്കുറവ് കൂടുതൽ വ്യക്തമാക്കുകയാണ്. പ്രശ്നങ്ങൾ വർധിക്കാതിരിക്കാനും ജില്ലയിലെ ക്രമസമാധാന പാലനം ഉറപ്പുവരുത്താനും പോലീസ് ജാഗ്രത പുലർത്തണം.കൊലപാതകങ്ങളിൽ പങ്കാളികളായവരും ഗൂഢാലോചനയിൽ പങ്കെടുത്തവരും ഉൾപ്പടെ മുഴുവൻ ക്രിമിനലുകളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം സാബിർ അഹ്സൻ,ഹിബ തൃത്താല,നവാഫ് പത്തിരിപ്പാല,രഞ്ജിൻ കൃഷ്ണ,റഫീഖ് പുതുപ്പള്ളി തെരുവ്,സാബിത് മേപ്പറമ്പ്, ഫിദ ഷെറിൻ,ദിവ്യ കോഷി,റഷാദ് പുതുനഗരം,ആബിദ് വല്ലപ്പുഴ,ധന്യ മലമ്പുഴ,ത്വാഹ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News