പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസിന്റെ വീഴ്ചയാണെന്ന് കോൺഗ്രസും ബിജെപിയും

പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ രംഗത്ത്. ആഭ്യന്തര മന്ത്രാലയം സമ്പൂർണ പരാജയമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമര്‍ശനം.

24 മണിക്കൂറിനിടെ നടന്ന രണ്ടു കൊലപാതകങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയുമാണ് കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുന്നത്.

അക്രമങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. ഇന്നലത്തെ സംഭവത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രകോപനം സൃഷ്ടിച്ചു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

അതിനിടെ, ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ മരണാന്തര ക്രിയകൾ തീരും മുമ്പേയാണ് ആർഎസ്എസ് പ്രവർത്തകൻ ക്രൂരമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലേമുറിയിലാണ് സംഭവം. ശ്രീനിവാസനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെട്ടു. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. പാലക്കാട്ട് എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയാണ് ശ്രീനിവാസൻ. കടയിലിരുന്നിരുന്ന ശ്രീനിവാസനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു.

ആലപ്പുഴയിൽ നടന്നതിന് സമാനമായ കൊലപാതക പരമ്പരയാണ് പാലക്കാട്ടും ഉണ്ടായിരിക്കുന്നത്. ആലപ്പുഴയിലെ ഷാൻ – രൺജീത് വധങ്ങൾ ഇതേപോലെ താനെയായിരുന്നു. എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട് 24 മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി നേതാവായ രൺജിത്തിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഡിസംബർ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസൻ.

എസ്ഡിപിഐ പ്രവർത്തകനായ ഷാനിന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതക കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലയാളി സംഘം ഉപയോഗിച്ച കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകനെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. കാർ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അലിയാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപി പ്രവർത്തകനായ രമേശാണ് കാർ കൊണ്ടുപോയതെന്നും സംഭവ ശേഷം രമേശിന്റെ ഫോൺ ഓഫ് ആണെന്നും അലിയാർ പറയുന്നു. കാറുടമയായ കൃപേഷിന്റെ സുഹൃത്താണ് അലിയാർ.

സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കാണ്. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. പ്രതികൾ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്.

ഇന്നലെ ഉച്ചയോടെയാണ് അരും കൊല നടന്നത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

അതിനിടെ കൊലയാളി സംഘം ഉപയോഗിച്ചത് പാലക്കാട് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കാർ തന്നെയെന്ന് സ്ഥിരീകരിച്ചു. സഞ്ജിതിന്റെ അമ്മ സുനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ പരിഹരിക്കാൻ വർക്‌ഷോപ്പിൽ കൊടുത്ത കാർ ആയിരുന്നു അത് എന്നാൽ മകന്റെ മരണ ശേഷം കാർ എവിടെയായിരുന്നെന്ന് അന്വേഷിച്ചിട്ടില്ലെന്നും സഞ്ജിത്തിന്റെ കാറിൽ കൊലയാളികൾ വന്ന വിവരം വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും സുനിത പറഞ്ഞു. കാർ എവിടെയാണ് കൊടുത്തതെന്നോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. മകന്റെ മരണശേഷം കാറിനെ കുറിച്ച് ചിന്തിച്ചില്ലെന്നതാണ് സത്യം. കാർ എവിടെയാണോന്നോ ആരാണ് ഉപയോഗിക്കുന്നത് എന്നോ അറിയില്ലെന്നും അമ്മ പറഞ്ഞു.

സഞ്ജിതിന്റെ അച്ഛൻ ആറുമുഖനും ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക്ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വർക്ക്ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് തങ്ങൾ. സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാർ സംബന്ധിച്ച് കൂടുതൽ അറിയില്ലായിരുന്നു, ഏത് വർക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാർ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.

ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വർക്ക്ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തൻ്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിൻ്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അർഷിക പറഞ്ഞു. സഞ്ജിത്തിൻ്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിച്ച കൊലയാളി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാർ പറഞ്ഞു.

അതേസമയം സുബൈർ കൊലപാതകത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികൾ സഞ്ചരിച്ച വാഗണാർ കാറിൻറേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കാർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലെപ്പെട്ട സുബൈറിൻറെ നീക്കങ്ങൾ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ‍ സഞ്ജിത്തിൻറെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിൻറെ പിതാവ് അബൂബക്കറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അഥേസമയം, സുബൈറിൻറെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.

കൊല്ലപ്പെട്ട സുബൈറിൻറെ അച്ഛൻ അബൂബക്കറിൻറെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കൺമുന്നിൽ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ഇന്നലെ ചേർന്നിരുന്നു.

തുടർന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുന്ന സംഘത്തിൽ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Print Friendly, PDF & Email

Leave a Comment

More News