മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ ജീവനോടെ ചുട്ടുകൊന്ന കേസിൽ 6 പേർക്ക് വധശിക്ഷ

ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരനായ പ്രിയന്ത കുമാറിനെ ജീവനോടെ ചുട്ടുകൊന്ന കേസിൽ പാക്കിസ്താനിലെ ഭീകരവിരുദ്ധ കോടതി (എടിസി) തിങ്കളാഴ്ച (ഏപ്രിൽ 18) 89 പ്രതികളെ ശിക്ഷിച്ചു. അവരില്‍ ആറ് പേർക്ക് വധശിക്ഷയും, ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ള 72 പ്രതികള്‍ക്ക് 2 വർഷം വീതം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് അഞ്ച് വർഷം തടവും ഒരാളെ വെറുതെ വിടുകയും ചെയ്തു.

പഞ്ചാബ് പ്രോസിക്യൂഷൻ വകുപ്പ് സെക്രട്ടറി നദീം സർവാർ ലാഹോറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കോടതിയുടെ തീരുമാനം അറിയിച്ചത്. അതേസമയം, മരിച്ച പ്രിയന്തയുടെ നിയമപരമായ അവകാശികൾക്ക് രണ്ട് ലക്ഷം രൂപ പ്രതികൾ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. എടിസി കോടതിയിലെ ജസ്റ്റിസ് നടാഷ നസീം ആണ് ഈ കേസ് കേട്ടത്.

എല്ലാ പ്രതികൾക്കും എതിരായ കുറ്റം തെളിയിക്കാൻ 43 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതായി സർവാർ പറഞ്ഞു. കേസിലെ സാക്ഷികളുടെ മൊഴിയെടുക്കൽ അതിവേഗം ഒരു മാസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് വാദിക്കാൻ കോടതി സമയം അനുവദിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News