പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി ഒളിവില്‍ കഴിഞ്ഞത് പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍; വീടിനു നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് തൊട്ടടുത്ത്. ഒളിവില്‍ താമസിച്ചത് സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍. പ്രതിക്ക് കഴിയാന്‍ വീട് വിട്ടു നല്‍കിയതിന് പ്രശാന്തിന്റെ ഭാര്യയായ അധ്യാപിക അറസ്റ്റില്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പി.എം രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഐഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.

ഹരിദാസന്‍ വധക്കേസിലെ ഏതാനും പ്രതികളെ നേരത്തെ അറസ്റ്റു ചെയ്‌തെങ്കിലും നിജിനായി തിരച്ചില്‍ തുടരുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നുള്ള വാട്‌സ്ആപ് കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ അടുത്താണ് നിജിന്‍ ഒളിവില്‍ കഴിഞ്ഞത്. പോലീസ് നിരീക്ഷണത്തിലുള്ള ഈ മേഖലയില്‍ നിജിന്‍ എത്തിയതും രേഷ്മയുടെ വീടിനു നേര്‍ക്ക് ഇന്നലെ ബോംബേറുണ്ടായതും വലിയ സുരക്ഷാവീഴ്ചയാണ്.

സിപിഎം ശക്തികേന്ദ്രത്തില്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എത്തിയതൂം സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞതും പാര്‍ട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് നാണക്കേടില്ലെന്ന് സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോട്ട് രാജന്‍ പറയുന്നു. സാധാരണയായി ഇതിന് ആര്‍ക്കും ധൈര്യം വരാറില്ല. ബോംബേറില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. പ്രതിഷേധമുണ്ട്. ആക്രമണം സ്വാഭാവിക വൈകാരിക പ്രകടമായിരിക്കാം. രാഷ്ട്രീയമായ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Print Friendly, PDF & Email

Leave a Comment

More News