ആനയെ കണ്ട അന്ധന്മാരും അവരുടെ സ്വകാര്യ നിഗമനങ്ങളും (ലേഖനം)

തിലകൻ നായകനായ ‘സന്ദേശം‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായി വക്കീലിനെയും കൂട്ടിയെത്തിയ മകളോടും, മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “അപ്പ നിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര് കൊണ്ട് പോയി” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻകാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ”അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക്കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻ ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ.

പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ നിഗമനങ്ങൾ. എത്രയോ കാലങ്ങളായി ശാസ്ത്ര ശാഖകൾ ആധികാരികമായി പുറത്തു വിട്ടപലതും ശരിയല്ലായിരുന്നു എന്ന് അവർ തന്നെ സമ്മതിക്കുന്നു. തങ്ങളുടെ മുൻ നിഗമനങ്ങളെ കൂടി ചേർത്തുനിർത്തിക്കൊണ്ടുള്ളതും, എന്നാൽ അവയുടെ പോരായ്മകളെ തുറന്നു സമ്മതിച്ചു കൊണ്ടുള്ളതുമാണ് പുതിയനിഗമനങ്ങൾ.

ഉദാഹരണമായി, സൂര്യനിൽ നിന്നും അടർന്നു പോയ ആയിരത്തിൽ ഒന്ന് ഭാഗം വീണ്ടും ചിതറി തെറിച്ച്തണുത്തുറഞ്ഞ് രൂപപ്പെട്ടിട്ടുള്ളതാണ് സൗരയൂഥ സംവിധാനം എന്ന പഴയ കണ്ടെത്തൽ ശരിയല്ലെന്ന് ഇന്ന് അവർപറയുന്നു. ഓറിയോൺ നക്ഷത്ര രാശിയിലെ മൂന്നാം ശിഖരത്തിലുണ്ടായ സൂപ്പർനോവാ സ്ഫോടനത്തിന്റെ ബാക്കിപത്രങ്ങളായിട്ടാണ് സൗര യൂഥം രൂപപ്പെട്ടത് എന്ന സമീപ കാല വാദവും ഇന്ന് അത്രക്കങ്ങു പ്രസക്തമാവുന്നുമില്ല. പതിനഞ്ചു ബില്യൺ ( 1500 കോടി ) വർഷങ്ങൾക്ക് മുമ്പാണ് ബിഗ് ബാംഗിലൂടെ പ്രപഞ്ചമുണ്ടായത് എന്ന് മുമ്പ്അവർ പുറത്തു വിട്ട കാല ഗണനയിൽ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ട് പതിമ്മൂന്ന് ബില്യൺ എൺപതു ലക്ഷം ( 1380 കോടി ) വർഷങ്ങളായി കാലം ചുരുക്കുകയും ചെയ്തിരിക്കുന്നു. ( ചിലപ്പോളൊക്കെ 1370 കോടി എന്നുംപറയുന്നുണ്ട്. )

അതൊക്കെ സഹിക്കാം, സൂര്യനിൽ നിന്നടർന്ന് കത്തിജ്വലിച്ചു കൊണ്ടിരുന്ന ഭൂമി ക്രമേണ തണുത്തുറയുമ്പോൾഉണ്ടായ രാസ പരിണാമങ്ങളുടെ ഫലമായി രൂപപ്പെട്ട മേഘപടലങ്ങൾ പെയ്തൊഴിഞ്ഞിട്ടാണ് ഭൂമിയിൽവെള്ളമുണ്ടായത് എന്ന മുൻകാല വിലയിരുത്തലുകൾ ഇന്ന് പാടേ തള്ളിക്കളഞ്ഞിരിക്കുന്നു. സൗരയൂഥഅതിർത്തിയിലുള്ള നെപ്റ്റ്യൂണിൽ നിന്ന് വന്ന ഉൽക്കകൾ ഇടിച്ചിറങ്ങിയിട്ടാണ് ഭൂമിയിൽ വെള്ളം ഉണ്ടാക്കിയത് എന്ന് ഇന്നവർ പറയുമ്പോൾ, എങ്കിൽപ്പിന്നെ നെപ്റ്റിയൂണിൽ എന്ത് കൊണ്ട് വെള്ളമുണ്ടായില്ല എന്ന ചോദ്യംനമ്മൾ ചോദിച്ചാൽ, അത് അശാസ്ത്രീയമായ, അന്ധ വിശ്വാസ പരമായ, അക്ഷന്തവ്യമായ അപരാധമായിപ്പോകും. ഇക്കണ്ട കണക്കുകളും, കാര്യങ്ങളുമെല്ലാം എത്രയോ രാത്രികളിൽ ഉറക്കമിളച്ചിരുന്ന് പഠിച്ചു വച്ച നമ്മുടെ ഗതിതിലകന്റെ ഡയലോഗ് പോലെയായി : “ അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക് കാര് കൊണ്ട് പോയി. “

ഒരു പ്രോട്ടോണിനേക്കാൾ ചെറിയ വലിപ്പത്തിൽ ഉൾച്ചേർന്നിരുന്ന മുഴുവൻ പ്രപഞ്ചവും, ബിഗ് ബാംഗ്സംഭവിക്കുമ്പോൾ അവിടെ ഉണ്ടായി എന്ന് പറയപ്പെടുന്ന അതി കഠിനമായ ചൂടിൽ ( 1 എഴുതിയ ശേഷം 32 പൂജ്യം ഇട്ടാൽ കിട്ടുന്ന തുകയുടെ അത്രയും ഡിഗ്രി ചൂട് ) വിഘടിക്കുകയും, അന്ന് വരെ ഒന്നായിരുന്ന നാല്അടിസ്ഥാന സംയോജന ശക്തികളിൽ നിന്ന് വേർ പിരിഞ്ഞ് സ്വതന്ത്രമാവുകയും, ഹൈഡ്രജന്റെയും, ഹീലിയത്തിന്റെയും കണികകളായി പരിണമിച്ച് വികസിക്കാൻ തുടങ്ങുകയും, ഒരു എട്ട് – എട്ടര ബില്യൺവർഷങ്ങൾ വരെ നീണ്ടു നിന്ന ഈ വികാസ പരിണാമ പ്രിക്രിയകൾക്കു ശേഷം നമ്മുടെ ഈ ഭാഗത്ത്‌ ഉൾപ്പെട്ടുനിന്ന കണികകൾ പരസ്പരം കൂടിച്ചേർന്നും, കറങ്ങിയും വളർന്നു വളർന്ന് രൂപപ്പെട്ട നമ്മുടെ ഗാലക്സിയിൽവീണ്ടും, വീണ്ടും സംഭവിച്ച ഏതാനും സൂപ്പർനോവകൾ അവശേഷിപ്പിച്ച അതി വിശാലമായ കണികാ മേഘപടലങ്ങളിൽ അവിടവിടെ രൂപം പ്രാപിച്ചു വളർന്നു വന്നതാണ് സൂര്യനും, സൗര യൂഥത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുവസ്തുക്കളും എന്നതാണ് ഇപ്പോളത്തെ നിഗമനം.

എട്ടു ബില്യൺ വർഷങ്ങൾ എടുത്തിട്ടാണ് ഏകദേശം ഇന്ന് കാണുന്ന തരത്തിൽ നമ്മുടെ ഗാലക്സിയായമിൽക്കിവേ ആയിത്തീർന്നത് എന്ന് ശാസ്ത്രം പറയുമ്പോളും, വീണ്ടും ഒരു ബില്യണിലധികം വർഷങ്ങൾ കൂടികഴിഞ്ഞിട്ടാണ് നമ്മുടെ ഗാലക്സിയിൽ രൂപം കൊണ്ട വാതക – പൊടി പടലങ്ങളിലെ അതി മർദ്ദത്തിന്റെയും, ഉഗ്രതാപത്തിന്റെയും ഫലമായി നക്ഷത്ര കേന്ദ്രങ്ങൾ രൂപപ്പെട്ടതും, അവിടെ നടന്ന ന്യൂക്ലിയർ ഫ്യൂഷൻ പുറത്തു വിട്ടഭീമമായ വാതക കൂമ്പാരങ്ങൾ അവിടവിടെ കേന്ദ്രീകരിക്കപ്പെട്ട് പരിണമിച്ച് നമ്മുടെ സൂര്യനും, സൂര്യനെ ഭ്രമണംചെയ്തു കൊണ്ടിരിക്കുന്ന ഭൂമി ഉൾപ്പടെയുള്ള മറ്റു സൗരയൂഥ ഭാഗങ്ങളും ഇന്ന് കാണുന്ന തരത്തിൽ നിലനിൽക്കുന്നത് എന്ന് ഇപ്പോൾ ശാസ്ത്രം വിശദീകരിക്കുന്നു.

ബിഗ് ബാംഗ് സംഭവിച്ചതിന് മുമ്പ് സമയമോ, കാലമോ ഇല്ലായിരുന്നു എന്ന് വീറോടെ വാദിച്ചിരുന്നശാസ്ത്രത്തിന്, അതിനും മുമ്പ് ഉണ്ടായിരുന്ന ചില സാഹചര്യങ്ങളെ, അഥവാ സംഭവ വികാസങ്ങളെ ഇന്ന്അംഗീകരിക്കേണ്ടി വരുന്നുണ്ട്. ബിഗ് ബാംഗിന് മുമ്പ് കാലവും, സമയവും എല്ലാം ‘ 00 ‘ ആയിരുന്നു എന്ന്സ്ഥാപിക്കാൻ കഠിനമായി പരിശ്രമിക്കുമ്പോളും, ആ സമയത്തെ ചൂട് 1 + 32 പൂജ്യം ഡിഗ്രി ആയിരുന്നു എന്ന് സമ്മതിക്കുക വഴി ആ ചൂട് ബിഗ് ബംഗിന് മുമ്പേ അവിടെയുണ്ട് എന്നതല്ലേ സത്യം ?

ഈ ചൂടൻ അവസ്ഥ ബിഗ് ബംഗിന് മുമ്പായിരുന്നു എന്നും, ഒരു പ്രോട്ടോണിനേക്കാൾ ചെറിയതായി അതുവരെആയിരുന്ന പ്രപഞ്ച വിത്തിന് ഇനിയും അപ്രകാരം നില നിൽക്കാനാവാത്ത അവസ്ഥ സംജാതം ആയതു കൊണ്ടുംകൂടി ആയിരുന്നു ബിഗ് ബാംഗ് എന്ന് വിവക്ഷിക്കപ്പെടുന്ന വികാസ പ്രിക്രിയയിലൂടെ പ്രപഞ്ചമുണ്ടായത് എന്ന് പ്രസ്താവിക്കുകയും ചെയ്യുമ്പോൾ ഈ പ്രസ്താവനയിൽ നിന്ന് തന്നെ ബിഗ് ബാംഗിന് മുമ്പും എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന് ശാസ്ത്രം തന്നെ പരോക്ഷമായി സമ്മതിക്കുകയല്ലേ ചെയ്യുന്നത് ?

അത് മാത്രവുമല്ല, ബിഗ് ബാങ്ങിനു മുമ്പും ചില വസ്തുതകൾ ഉണ്ടായിരുന്നതായി പരോക്ഷമായി മാത്രമല്ലാ, പ്രത്യക്ഷമായും ഇന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതിനെ അവർ ‘ പ്ലാങ്ക് എപ്പോക് ‘ (Planck epock ) എന്നപേര് കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. അത് ഉണ്ടായിരുന്നുവെന്നും, എന്താണെന്ന് ആർക്കുംഅറിയില്ലെന്നുമാണ് ശാസ്ത്രത്തിന്റെ വിലാപം. ബിഗ് ബാംഗിന് തൊട്ടു മുമ്പ് അങ്ങിനെയൊരവസ്ഥഉണ്ടായിരുന്നതായി അവർ സമ്മതിക്കുമ്പോൾ പോലും ആ അവസ്ഥയുടെ കാലവും, സമയവും തങ്ങൾക്കുതിട്ടപ്പെടുത്താൻ ആവാത്ത അത്ര സങ്കീർണ്ണം ആയതിനാൽ അക്കാര്യങ്ങളെ കുറിച്ചൊന്നും നമ്മൾ ചിന്തിക്കണ്ടാ, അതങ്ങു വിട്ടു കളഞ്ഞേരെ, നമുക്ക് അവിടം മുതൽ അഥവാ ‘ 00 ‘ യിൽ നിന്ന് തുടങ്ങാം എന്നാണു അവർഇപ്പോൾ പറയുന്നത്.

പ്ലാങ്ക് എപ്പോക്ക് എന്ന ഈ അവസ്ഥ ശാസ്ത്രത്തിനു വെളിവായത് വളരേ വളരേ ചെറിയ ഒരു സമയത്തേക്ക്മാത്രമാണ് എന്നവർ സമ്മതിക്കുന്നു. ഒരു സെക്കന്റിന്റെ നേരിയ ഒരംശം വരുന്ന സമയം. അതായത്, ഒന്ന്എഴുതിയ ശേഷം നാൽപ്പത്തി രണ്ടു പൂജ്യം കൂടി ഇട്ടാൽ കിട്ടുന്ന സംഖ്യ കൊണ്ട് ഒരു സെക്കന്റിനെ ഹരിച്ചാൽകിട്ടുന്ന തുകയായിരുന്നുവത്രേ ഈ സമയ ദൈർഘ്യം. മനുഷ്യനോ, അവൻ കണ്ടെത്തിയ യാതൊരു ശാസ്ത്രശാഖകൾക്കോ ഈ ഹരണഫലം തിട്ടപ്പെടുത്താൻ ആവാത്തതു കൊണ്ട് കൂടിയാണ് അത് പരിഗണിക്കേണ്ടാ, അവിടം മുതൽ തുടങ്ങിയാൽ മതി എന്ന നിഗമനത്തിൽ ഇപ്പോൾ ശാസ്ത്രം എത്തിച്ചേർന്നു നിൽക്കുന്നത്.

വളരേ നേർത്ത ഒരു സമയം മാത്രമേ അറിയാൻ കഴിഞ്ഞുള്ളു എന്നതിനാൽ തന്നെ ഈ ‘ എപ്പോക്കി ‘ നെഇന്നുള്ള ശാസ്ത്ര – സാങ്കേതിക ലബോറട്ടറി തെളിവെടുപ്പുകൾക്ക് വിധേയമാക്കാനും പറ്റിയില്ല. തെളിയിക്കപ്പെടാത്തത് ഒന്നും സത്യമല്ല എന്ന് തലയറഞ്ഞ് കരയുമ്പോളും, തെളിയിക്കപ്പെടാൻ ആവാത്ത ചിലതുകൂടിയുണ്ട് എന്ന് സ്വയം മനസിലാക്കിയെങ്കിലും അത് പറഞ്ഞാൽ തങ്ങളുടെ തന്നെ അടപ്പിളകിപ്പോകുംഎന്നതിനാലും ആയിരിക്കണം, ബിഗ് ബാംഗിന് മുമ്പുള്ളതൊക്കെ വെറും പൂജ്യമാണ്, ബിഗ് ബാംഗാണ് പ്രപഞ്ചഉല്പത്തിക്ക് കാരണമായിത്തീർന്നത് എന്ന് ഇപ്പോളും അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്.

നാം കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും, അനുഭവിക്കുന്നതുമായ എല്ലാറ്റിനും പിന്നിൽ മറ്റൊന്ന് കൂടിഉണ്ടെന്ന് ( ഏറ്റവും ചുരുങ്ങിയത് ഒരു ചിന്തയെങ്കിലും ) യുക്തി ഭദ്രതയോടെ തന്നെ കണ്ടെത്താവുന്നതാണ്. ഈമറ്റൊന്നിനെ ആദ്യത്തേതിന്റെ കാരണം എന്നും, ആദ്യത്തേതിനെ കാര്യം എന്നും വിളിക്കുന്നു. ഏതൊരു രണ്ടുസംഗതികളിലും മുന്നിലുള്ളത് കാര്യവും, അതിനു തൊട്ടു പിന്നിലുള്ളത് അതിന്റെ കാരണവും ആയികണക്കാക്കപ്പെടുന്നു. ഇപ്രകാരം കുഞ്ഞ് കാര്യവും, ‘അമ്മ കാരണവുമാകുന്നു. വീണ്ടും പിന്നിലേക്ക് വരുമ്പോൾ’അമ്മ കാര്യവും, അമ്മയുടെ ‘അമ്മ കാരണവും ആയി മാറുന്നുണ്ട്. ഇങ്ങനെ പിന്നോട്ട്, പിന്നോട്ട് പോയിപ്പോയിഎല്ലാറ്റിന്റെയും പിന്നിൽ നിൽക്കുന്ന ആദ്യകാരണത്തിൽ എത്തിച്ചേരും. ആദ്യ കാരണത്തിന് പിന്നിൽ വേറെകാരണമില്ല. അഥവാ ഉണ്ടായാൽ പിന്നെ അത് കാരണമല്ല, കാര്യമാണ്.

പ്രപഞ്ചത്തിന്റെ ആദ്യ കാരണമായി ശാസ്ത്രം പ്രഖ്യാപിക്കുന്നത് ബിഗ് ബാംഗ് ആണെങ്കിലും, മനുഷ്യ വംശചരിത്രത്തിലെ മഹാ മാനുഷികളായ ദാർശനികർ അത് നിഷേധിച്ചു കൊണ്ട് അവിടെ പ്രപഞ്ചകാരണമായിത്തീർന്ന ഒരു ശാക്തിക റിസോഴ്സിനെ പ്രതിഷ്ഠിക്കുന്നു. ഒന്നുമില്ലാത്ത ഒരവസ്ഥയെയാണ് ശൂന്യാകാശം എന്ന് ശാസ്ത്രം വിളിച്ചിരുന്നത് എങ്കിലും, ഊർജ്ജ കണികകൾ സദാ പ്രവഹിച്ചു കൊണ്ടിരിക്കുന്നഒരു പ്രതിഭാസത്തെയാണ് ശൂന്യാകാശമായി തങ്ങൾ വിവക്ഷിച്ചത് എന്ന് 1984 ന് ശേഷം ശാസ്ത്രം തന്നെസമ്മതിക്കുകയുണ്ടായി. അത് കൊണ്ട് കൂടിയാണ് ബിഗ് ബാംഗ് സംഭവിക്കുന്നതിന് മുമ്പ് തന്നെ അത്സംഭവിക്കുന്നതിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിരുന്നു എന്ന് എന്നെപ്പോലുള്ള ചിലരെങ്കിലും വിലയിരുത്തുന്നതും, ആയതിനെ പ്രപഞ്ചാത്മാവായ സജീവ ബോധാവസ്ഥയായി അംഗീകരിക്കുന്നതും.

മനുഷ്യ വംശ ചരിത്രവും, സാമൂഹ്യ – സാമ്പത്തിക – സാംസ്കാരിക സാഹചര്യങ്ങളും കൂടി മനുഷ്യ വർഗ്ഗത്തിന്സമ്മാനിച്ച ദൈവ സങ്കൽപ്പങ്ങളിൽ അപൂർണ്ണനായ മനുഷ്യന്റെ അപൂർണ്ണമായ ചിന്ത ഏറെ സ്വാധീനംചെലുത്തിയിട്ടുള്ളതായി കണ്ടെത്താവുന്നതാണ്. ദൈവത്തെ പുസ്തകമെഴുത്തുകാരനും, സാഡിസ്റ്റും, എഴുത്തുകാർ സൃഷ്ടിച്ച കഥാ പാത്രങ്ങളും, പള്ളികളിലെയും, ക്ഷത്രങ്ങളിലെയും വിഗ്രഹങ്ങളും ഒക്കെയായിഅടയാളപ്പെടുത്തിയത് മനുഷ്യന് പറ്റിപ്പോയ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ദൃശ്യമായ സ്ഥൂല പ്രപഞ്ച ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത മനുഷ്യ ശരീരത്തിൽ അദൃശ്യ പ്രപഞ്ച ഭാഗമായആത്മ ബോധാവസ്ഥ കുടിയിരിക്കുന്നത് പോലെ മഹാ പ്രപഞ്ചത്തിന്റെ സ്ഥൂലാവസ്ഥയിൽ ആനുപാതികമായആത്മ ബോധാവസ്ഥയായി ദൈവം സ്ഥിതി ചെയ്യുന്നുണ്ട് എന്ന പ്രപഞ്ച സത്യം അംഗീകരിക്കാൻ തയാറാവാത്തതായിരിക്കണം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനുഷ്യൻ മാനത്തേക്ക് കണ്ണും നട്ട്വിഷണ്ണനായി നിൽക്കുന്നതിന്റെ പ്രധാന കാരണം. ?

ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യക്തികളായും, കൂട്ടങ്ങളായും പ്രപഞ്ച ഉൽപ്പത്തിയുടെ കാരണംതേടിയുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുകയാണ്. അതിൽ ലോകത്താകമാനമുള്ള പ്രമുഖശാസ്ത്ര പ്രതിഭകളുടെ നേതൃത്വത്തിൽ സ്വിസ്സ് – ഫ്രഞ്ച് അതിർത്തി പ്രവിശ്യയിലെ ‘ സേൺ ‘ എന്നയിടത്തെ ‘ ഹൈഡ്രോൺ കൊളൈഡർ ‘ എന്ന പരീക്ഷണ ശാലയിൽ പത്തു ബില്യൺ ഡോളർ വലിച്ചെറിഞ്ഞ് നടത്തിയ കണികാ പരീക്ഷണങ്ങളിൽ പോലും ബിഗ് ബാംഗ് തന്നെയാണ് പ്രപഞ്ച ഉല്പത്തിക്ക് കാരണമായത് എന്ന് ഒന്ന്കൂടി ഉറപ്പിക്കുവാൻ മാത്രമേ സാധിച്ചിരുന്നുള്ളു.

അത് കൊണ്ടാണ് 00 യിൽ നിന്നാണ് ബിഗ് ബാംഗ് ആരംഭിച്ചത് എന്ന് ശാസ്ത്ര ലോകം തറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ എവിടെ നിന്നോ ഒരു പ്ലാൻക് എപ്പോക് രംഗ പ്രവേശം നടത്തുന്നു. കൂടെ ചിന്തകൾക്കു പോലും അളക്കാനാവാത്ത ചൂടും, സമയവും. ! ഈ പ്രത്യേക അവസ്ഥയിൽ പിടിച്ചു നിൽക്കാൻആവാതെയല്ലേ സർവ പ്രപഞ്ചത്തിന്റെയും ഊർജ്ജക്കടൽ ഉള്ളിലൊതുക്കി നിന്നിരുന്ന പ്രോട്ടോണിനേക്കാൾചെറുതായിരുന്ന ദ്രവ്യം വികസിക്കാൻ തുടങ്ങിയത് ? മഹാ വികാസ പരമ്പരയിലൂടെ നമ്മുടെ പ്രപഞ്ചം നമുക്ക്പോലും അനുഭവേദ്യമായത്‌ ? ‘ 00 ‘ യ്ക്ക് മുമ്പുള്ള ഒരു ‘1 ‘ ന്റെ സാന്നിധ്യമല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത് ? ആ ഒന്ന് തന്നെയല്ലേ കാര്യ – കാരണ ചങ്ങലയിലെ ആദ്യ കാരണം എന്ന കണ്ണിയായി ഭവിച്ച് സാഹചര്യങ്ങളുടെസംയോഗങ്ങളിലൂടെ നമ്മളാകുന്ന നമ്മളുടെ പ്രപഞ്ചത്തെ അദ്വൈതാവസ്ഥയിൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത് ?

പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം – അത് ഒരിക്കലും ഒരിടത്തും എത്താൻപോകുന്നേയില്ല.എന്നതാണ് സത്യം. മനുഷ്യന്റെ ശാസ്ത്ര വളർച്ച പ്രകാശത്തെ ഇന്ധനമായി ഉപയോഗപ്പെടുത്താൻസാധിക്കുന്ന ഒരു കാലം അവനു സമ്മാനിച്ചേക്കാം. പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിന്രൂപമുണ്ടാവുകയില്ല എന്ന ഐൻസ്റ്റെയിനിന്റെ കണ്ടെത്തലിനു പരിഹാരം കാണുന്നതിനും ശാസ്ത്രത്തിന്സാധിച്ചേക്കും എന്നതിനാൽ പ്രകാശ വേഗത്തിൽ മനുഷ്യനെ എയ്തു വിടുന്ന ഒരു കാലംസമാഗതമാവുന്നതാണ്.

സെക്കൻഡിൽ ലക്ഷത്തി എൺപത്താറായിരം മൈൽ വേഗതയിൽ പറന്നെത്തുന്ന മനുഷ്യൻ അവന്റെ തറവാടായസൗരയൂഥത്തിന് തെട്ടടുത്തുള്ള അയൽക്കാരന്റെ അടുത്തെത്താൻ നാലേകാൽ വർഷം സമയമെടുക്കും. അവിടെനിന്നും അകലത്തേക്കു പറക്കുന്ന അവൻ അവന്റെ ആയുഷ്‌ക്കാലമായ നൂറു വർഷത്തിനുള്ളിൽ ഒന്നോ, അഥവാരണ്ടോ നക്ഷത്രങ്ങൾ കൂടി സന്ദർശിച്ചേക്കാം. അതിനകം ആള് പടം മടക്കി പിൻവാങ്ങിയിരിയ്ക്കും. പാമ്പുംകോണിയും കളിയിലെ പാമ്പിന്റെ വാലിലേക്കുള്ള വീഴ്ച. വീണ്ടും അടിയിൽ നിന്ന് തുടങ്ങണം എന്നിരിക്കെ, എത്രയൊക്കെ ശ്രമിച്ചാലും ‘ ഹേ മനുഷ്യാ, നീയൊരു പാവം സാധു ജീവിയാണ് ‘ എന്ന് നിന്നെ സ്വയം ബോധ്യപ്പെടുത്തിക്കൊണ്ട് ഈ സൗരയൂഥ പരിസരത്തു തന്നെ നീയുണ്ടാവും. അനന്ത വിസ്തൃതവും, അഗമ്യനിസ്തുലവുമായ മഹാ രാപഞ്ചം നിന്റെ ചിന്തകളിൽ മാത്രം എന്നെന്നും സജീവമായി നിൽക്കുന്നുണ്ടാവും എന്നേയുള്ളു ?

മനുഷ്യൻ നിർമ്മിച്ച് വിക്ഷേപിച്ച മുപ്പത്തിനായിരത്തിനും മേൽ ഭൗമ വസ്തുക്കൾ ഭൂമിയെ സദാ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നമ്മുടെ വാർത്താ വിനിമയങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ നമുക്ക്ലഭ്യമാവുന്നതും അങ്ങിനെയാണ്. എങ്കിലും ഈ പെരുപ്പം നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെഅവ താഴോട്ടു വന്നേ തീരൂ എന്നതിനാൽ നമ്മുടെ ഉച്ചിI യിൽ ഇടിച്ചിറങ്ങാനുള്ള ഉൽക്കകൾ നാം തന്നെനിർമ്മിച്ച് അയക്കുകയായിരുന്നു എന്ന് നാളെ നമ്മുടെ തലമുറകൾക്കു വിലപിക്കേണ്ടി വന്നേക്കാം. 2021 ൽഅമേരിക്കയുടെ ഒരു ഉപഗ്രഹം ചൈനീസ് ഉപഗ്രഹത്തെ ഇടിച്ചു തകർക്കുമായിരുന്ന ഒരു സാഹചര്യംഉണ്ടാക്കിയെന്നും, തങ്ങൾ സമയോചിതമായി തങ്ങളുടെ ഉപഗ്രഹത്തെ ഉയർത്തി വഴി മാറ്റിയത് കൊണ്ടാണ്അപകടം ഒഴിവായതെന്നും, യു. എൻ. ൽ ചൈന നൽകിയ ഒരു റിപ്പോർട്ടിൽ പറയുന്നു. നാളെ അണ്വായുധങ്ങൾവഹിച്ചു കൊണ്ടുള്ള ഉപഗ്രഹങ്ങൾ ഭ്രമണ പഥങ്ങളിൽ എത്തിയേക്കാം എന്ന ഭീതി ഇപ്പഴേ നില നിൽക്കുന്നുണ്ട്എന്നതിനാൽ നമ്മുടെ തലമുറകളെക്കുറിച്ചുള്ള ആധികളോടെ മാത്രമേ നമുക്കും മരിക്കാൻ സാധിക്കുകയുള്ളൂഎന്ന വേദനയോടെയാണ് ഇത് എഴുതുന്നത്.

ശാസ്ത്ര – സാങ്കേതിക രംഗങ്ങളിലെ വൻ വികാസങ്ങളെ വില കുറച്ചു കാണുവാനല്ല ഇവിടെ ശ്രമിക്കുന്നത്. ഭൗതിക നേട്ടങ്ങളുടെ വർണ്ണചിറകുകളിൽ ഏറി എവിടെയൊക്കെ നാം പറന്നുയർന്നാലും, പച്ചയായ മനുഷ്യന്റെനഗ്ന പാദങ്ങളോടെ ഈ വെറും മണ്ണിൽ വന്നു നിന്ന് കൊണ്ട് മാത്രമേ നമുക്ക് യാത്ര അവസാനിപ്പിക്കുവാൻസാധിക്കുകയുള്ളു എന്നുള്ള ജ്ഞാനം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. ചന്ദ്ര കളഭം ചാർത്തി ഉറങ്ങുകയും, ഇന്ദ്രധനുസ്സിന്റെ തൂവൽ പൊഴിഞ്ഞു കിടക്കുകയും ( ഓ ! പ്രിയപ്പെട്ട വയലാർ ! ) ചെയ്യുന്ന ഈ മനോഹര ഭൂമിയിൽ ഒരു കൊച്ചുറുമ്പിന്റെതു പോലുള്ള ഈ ജീവിതം ആസ്വദിക്കാൻ എനിക്ക് നേർ ബന്ധമില്ലാത്ത അനേകംസാഹചര്യങ്ങളിലൂടെ അവസരം നൽകിയതിന്, മഹാ കാല മാന്ത്രികനായ പ്രപഞ്ച ശിൽപ്പിക്ക്, പ്രപഞ്ചാത്മാവായദൈവത്തിന് അഭിവാദനങ്ങൾ അർപ്പിച്ചു കൊണ്ട് തുടരുകയാണ് ജീവതം നന്ദി !

Print Friendly, PDF & Email

Leave a Comment

More News