കാട്ടുപന്നി ക്ഷുദ്രജീവി പ്രഖ്യാപനം – കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പാല: ജനവാസമേഖലകളിലേയ്ക്ക് കടന്നുവന്ന് ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണെന്നതില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം പാല രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാതെ നിരന്തരം കേന്ദ്രത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയില്‍നിന്ന് സംസ്ഥാന വനംവകുപ്പ് പിന്മാറണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 11-ാം വകുപ്പ് 1 ബി ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകള്‍ക്ക് വന്യമൃഗ അക്രമങ്ങളില്‍ നടപടികളെടുക്കാവുന്നതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നികളെ നിയന്ത്രിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നിരിക്കെ കേരളത്തില്‍ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പില്‍ വരുത്താന്‍ സംസ്ഥാനം തയ്യാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ചില വോട്ടുകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ കാട്ടുപന്നികളെ തൊടരുതെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷക കമ്മീഷന്റെ സിറ്റിംഗും തദവസരത്തില്‍ നടന്നു. കര്‍ഷക കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് കര്‍ഷകരില്‍ നിന്നുള്ള പരാതികള്‍ സ്വീകരിച്ചു. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഡ്വ.ബിനോയ് പറഞ്ഞു.

ഇന്‍ഫാം പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, സെക്രട്ടറി ബേബി പന്തപ്പള്ളി, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍, സണ്ണി അരങ്ങാണി പുത്തന്‍പുരയില്‍, മാത്തുക്കുട്ടി രത്‌നഗിരി, ജോളി ഭരണങ്ങാനം എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ കര്‍ഷക കമ്മീഷന്‍ സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസിന് കര്‍ഷകനിവേദനം ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍ കൈമാറുന്നു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍, പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, സെക്രട്ടറി ബേബി പന്തപ്പള്ളി, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍, മാത്തുക്കുട്ടി രത്‌നഗിരി, ജോളി ഭരണങ്ങാനം എന്നിവര്‍ സമീപം.

Print Friendly, PDF & Email

Leave a Comment

More News