മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ടെന്നസി സംസ്ഥാനം പാസാക്കി

ടെന്നസി: മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ടെന്നസി സെനറ്റ് പാസാക്കി. ഏപ്രില്‍ 27നാണ് സെനറ്റ് ഐക്യകണ്‌ഠേന നിയമം പാസാക്കിയത്.

മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ കുറ്റക്കാരനായ ഡ്രൈവര്‍ കൊല്ലപ്പെടുന്നവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമമാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. വെഹിക്കുലര്‍ ഹോമിസൈഡ് എന്ന കുറ്റം ചുമത്തി കേസ് എടുക്കുന്നതിനും ബില്ലില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മദ്യപിച്ച ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടാലും അവരുടെയെല്ലാം കുട്ടികള്‍ക്ക് 18 വയസു തികയുന്നതുവരെയാണ് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കേണ്ടിവരിക.

കുട്ടിയുടെ സാമ്പത്തികാവശ്യവും മാതാപിതാക്കളുടെ വരുമാനവും പരിഗണിച്ചായിരിക്കും ചൈല്‍ഡ് സപ്പോര്‍ട്ട് നിശ്ചയിക്കുകയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്ലിന് വിവിധ ഇടങ്ങളില്‍നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ബില്ലിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് തയാറായിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News