വിജയ് ബാബുവിനെതിരായ നടപടി അനിവാര്യം; ‘അമ്മ’യുടെ തീരുമാനം അംഗീകരിക്കാനാവില്ല: മാലാ പാര്‍വതി

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമെന്ന് നടി മാല പാര്‍വതി. ഇക്കാര്യത്തില്‍ ‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാനാവില്ല. വിജയ് ബാബുവിനെ മാറിനില്‍ക്കാന്‍ അനുവദിക്കുകയല്ല, ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്ന നടപടിയായിരുന്നു അമ്മ സ്വീകരിക്കേണ്ടത്.

എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ നിന്ന് താത്ക്കാലികമായി മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ നിലപാട് അംഗീകരിച്ച അമ്മയുടെ തീരുമാനം ശരിയല്ല. ഭാരവാഹിത്വത്തില്‍ നിന്ന് പുറത്തുപോകുകയാണ്. അത് അമ്മ ആവശ്യപ്പെടുകയാണ് വേണ്ടത്.- അവര്‍ പറഞ്ഞു.

ഒളിവില്‍ കഴിയുന്ന വിജയ് ബാബു അമ്മയ്ക്ക് കത്ത് നല്‍കിയെന്നാണ് പറയുന്നത്. കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടില്ല. സ്വയം മാറിനില്‍ക്കാന്‍ വിജയ് ബാബു തയ്യാറായി എന്നാണ് അമ്മയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ മാറിനില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രസ്താവനയെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു.

താന്‍ ഇന്നലെ തെന്ന രാജി പ്രഖ്യാപിച്ചിരുന്നു. സെല്‍ അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സെല്ലില്‍ നിന്നാണ് മാറിനില്‍ക്കുന്നത്. അമ്മയില്‍ നിന്നും രാജിവയ്ക്കില്ല.

ആഭ്യന്തര പരാതി പരിഹാര സെല്‍ പരിഗണിക്കുന്ന ആദ്യ കേസാണിത്. അമ്മ പരിഗണിക്കേണ്ടത് സെല്ലിന്റെ റിപ്പോര്‍ട്ടായിരുന്നു. ശക്തമായ നടപടി വേണമെന്നായിരുന്നു സെല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിനു പകരം എക്‌സിക്യുട്ടീവ് കമ്മിറ്റി വിജയ് ബാബുവിന്റെ കത്ത് പരിഗണിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അമ്മയ്ക്ക് പരാതി പരിഹാര സെല്‍ വയ്‌ക്കേണ്ട ആവശ്യമില്ല. അമ്മ തൊഴിലുടമയല്ല, അംഗങ്ങള്‍ തൊഴിലാളികളുമല്ല. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പാലിച്ച് അമ്മയില്‍ സെല്‍ രൂപീകരിച്ചു. -മാല പാര്‍വതി ചൂണ്ടിക്കാട്ടി

 

Print Friendly, PDF & Email

Leave a Comment

More News