വിദ്യാഭ്യാസ രംഗത്തെ ഭാവി നാം മുൻകൂട്ടി കാണണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: വിദ്യാഭ്യാസ മേഖലയിൽ ഭാവി രൂപപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. എസ്ബി കോളേജിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ആഗോള വിദ്യാർത്ഥി സമ്മേളനമായ SB @ 100: Global Alumni Meet – 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഇന്നത്തെ സൃഷ്ടികൾ മാത്രമല്ല, ഇന്നലെകളുടെ ചുമലിൽ നിൽക്കുന്നവരാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ആശയങ്ങളുടെ പങ്കാളിത്തം പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും മാർ പെരുന്തോട്ടം വ്യക്തമാക്കി. മതസൗഹാർദത്തിന്റെ പ്രകാശം പരത്തുന്ന കലാലയമാണ് എസ്.ബിയെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ പൂർവ വിദ്യാർത്ഥികളുടെ വൈദഗ്‌ധ്യം എസ്.ബിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് വിദ്യാർത്ഥികൾ കൂടുതലായി പോകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് കേരളത്തിൽ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ സാഹചര്യം മെച്ചപ്പെടണമെന്ന് എസ്. ബി. മൾട്ടിമീഡിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
കേരളത്തിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ പ്രവേശനത്തിലും അധ്യാപക നിയമനത്തിലും പണം വാങ്ങുമ്പോൾ എസ് ബി അങ്ങനെയല്ലെന്നത് കോളജിന്റെ മൂല്യം കാണിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ഇൻവെസ്റ്റിഗേഷൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി അഭിപ്രായപ്പെട്ടു.

അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു. സുവർണ ജൂബിലി ബാച്ചിനെയും കോളജിൽ നിന്ന് വിരമിച്ചവരെയും മാനേജർ റവ.ഡോ.തോമസ് പാടിയത്ത് മെമന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ് അഗസ്റ്റിൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, ന്യൂ വാൽസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, വൈസ് പ്രിൻസിപ്പൽമാരായ റവ.ഡോ. ജോസ് തെക്കേപുറത്ത്, ഡോ.ജോസഫ് ജോബ്, ഡോ.ബെന്നി മാത്യു, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞിലിൽ, ഫാ.ജോൺ ചാവറ, അലുംമ്നൈ അസോസിയേഷൻ ഭാരവാഹികളായ ഡോ.ഷിജോ കെ. ചെറിയാൻ, ഷാജി മാത്യു പാലാത്ര, ഡോ.സെബിൻ എസ്. കൊട്ടാരം, ജോഷി എബ്രഹാം, ബ്രിഗേഡിയർ ഒ. എ. ജയിംസ്, ജിജി ഫ്രാൻസിസ് നിറപറ, സാജൻ ഫ്രാൻസിസ്, ഡോ.ജോസ് പി.ജേക്കബ്, ഡോ.രാജൻ കെ. അമ്പൂരി, ഡോ. ബിൻസായ് സെബാസ്റ്റ്യൻ, മാത്യു സി. മുക്കാടൻ, പിടിഎ പ്രസിഡന്റ് സിബി ചാണ്ടി എന്നിവർ പ്രസംഗിച്ചു.

എസ്.ബി കോളജിനേക്കുറിച്ച് പ്രഫ.ടി.ജെ മത്തായി രചിച്ച ചരിത്ര പുസ്തകം മുൻ പ്രിൻസിപ്പൽമാരായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലും ഫാ. ടോം കുന്നുംപുറവും ചേർന്ന് പ്രകാശിപ്പിച്ചു. കാവുകാട്ട് ഹാൾ നവീകരണ ബ്രോഷർ പ്രകാശനം ജോബ് മൈക്കിൾ എം.എൽ എ നിർവഹിച്ചു. അലുംമ്നൈ അസോസിയേഷൻ ഓൺലൈൻ മെംബർഷിപ് പോർട്ടൽ പ്രധാന മന്ത്രിയുടെ ഓഫിസിലെ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളായ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി ഡീൻ ഡോ. കുരുവിള ജോസഫ്, ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉൾപ്പെട്ട ഡോ. രഞ്ജിത്ത് തോമസ്, സംസ്ഥാന മാധ്യമ പുരസ്കാര ജേതാക്കളായ മലയാള മനോരമ പിക്ചർ എഡിറ്റർ റിജോ ജോസഫ്, 24 ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റർ സുജയ പാർവതി എസ്, സി.എം.എസ്. കോളജ് മുൻ പ്രിൻസിപ്പൽ റവ.എം.സി.ജോൺ, എസ്.ബിയിൽ നിന്ന് ആദ്യമായി ഐ എ എസ് നേടിയ വനിത ആനി പ്രസാദ്, ഡോ.ബിജോയ് തോമസ് എന്നിവരെ ആദരിച്ചു.

പൂർവ്വ വിദ്യാർത്ഥികൾ നേരിട്ടും വിദേശത്തും ഓൺലൈനിൽ പങ്കെടുത്ത ഗ്ലോബൽ അലുമ്‌നൈ കോൺഫറൻസ് ഒരു ഹൈബ്രിഡ് മോഡലിലായിരുന്നു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

Print Friendly, PDF & Email

Leave a Comment

More News