തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ നൽകിയ പിതൃത്വ കേസിൽ തമിഴ് നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്

ചെന്നൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയ പഴയ പിതൃത്വ കേസിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി സമൻസ് അയച്ചു. നടൻ തങ്ങളുടെ മൂന്നാമത്തെ പുത്രനാണെന്ന് പ്രായമായ ദമ്പതികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് താരം വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. മധുര മേലൂര്‍ സ്വദേശി കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

2016-ലാണ് കതിരേശനും മീനാക്ഷിയും തമിഴ്‌നാട് മധുര ജില്ലയിലെ മേലൂരിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടൻ തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇത് നിഷേധിച്ച് ധനുഷ് സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ധനുഷ് ഹാജരാക്കിയ തെളിവുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കതിരേശന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ധനുഷിന് കോടതി സമന്‍സ് അയക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്‌ച്ചെന്നും ഇവര്‍ വാദിക്കുന്നു. സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന്‍ ആരോപിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News