ശമ്പള പ്രതിസന്ധി: ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. അംഗീകൃത ട്രേഡ് യൂണിയനുകളായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിലാണ് യോഗം.

എല്ലാ മാസവും അഞ്ചാം തീയതിക്കകം വേതനം ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആർടിസിക്ക് ഇതുവരെ ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇതോടെ സമരം ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ, കെഎസ്‌ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പരാമര്‍ശം ചര്‍ച്ചയായതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രി പറഞ്ഞത് സർക്കാർ നിലപാടെന്ന് വിശദീകരിച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാലും രംഗത്തെത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News