കുടുംബശ്രീ പ്രവർത്തകർ മേയറുടെ ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായി ആരോപണം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായും ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായും കുടുംബശ്രീ പ്രവർത്തകർക്കെതിരെ പരാതി. കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൊളിക്കുന്നതിനെതിരെ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് കൈയേറ്റശ്രമം.

സമരം നടക്കുന്നതിനിടെ എത്തിയ മേയറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയറുടെ ഉടുമുണ്ട് വലിച്ചൂരാന്‍ നോക്കിയത്. പ്രതിഷേധം കടുപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സമരക്കാരും വനിത പോലീസും തമ്മില്‍ പിടവലിയും ഉന്തും തള്ളും നടന്നു.

തുടര്‍ന്ന് സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചഴച്ചുമാണ് പോലീസ് വണ്ടിയില്‍ കയറ്റി കൊണ്ടു പോയത്. അപമാനിക്കാനും ദേഹോപദ്രവമേല്‍പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ട് പ്രതിപക്ഷ വനിത നേതാക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം നേതാക്കളും മേയറും തമ്മില്‍ സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

Print Friendly, PDF & Email

Leave a Comment

More News