നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ 43 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്

കൊച്ചി: ഫ്രഷ് ഫിഷ് ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വ്യവസായിയെ 43.30 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ നടൻ ധർമജൻ ബോൾഗാട്ടിക്കും മറ്റ് പത്ത് പേർക്കുമെതിരെ എറണാകുളം സിറ്റി പോലീസ് കേസെടുത്തു.

2019-ൽ കോതമംഗലത്തെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്ന് മൂവാറ്റുപുഴ സ്വദേശി ആസിഫ് പുതുക്കാട്ടിൽ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.

2019 നവംബർ 16-ന് കോതമംഗലത്ത് ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ആസിഫ് ആരംഭിച്ചു. കരാർ പ്രകാരം ധർമ്മൂസ് ഫിഷ് ഹബ്ബ് ഔട്ട്‌ലെറ്റിൽ മത്സ്യം എത്തിക്കണമായിരുന്നു. എന്നാൽ, 2020 മാർച്ചിൽ അവര്‍ മീൻ വിതരണം നിർത്തിയതിനാൽ ആസിഫ് ഔട്ട്‌ലെറ്റ് അടച്ചിടാന്‍ നിർബന്ധിതനായി.

വ്യാഴാഴ്ചയാണ് ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെ വിശ്വാസവഞ്ചനയ്ക്കും വഞ്ചനയ്ക്കും പോലീസ് കേസെടുത്തത്. എഫ്‌ഐആർ പ്രകാരം, ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്താന്‍ ധര്‍മ്മജനും കൂട്ടരും പരാതിക്കാരനെ പ്രേരിപ്പിച്ചതായി പറയുന്നു.

പരാതിയുമായി ആസിഫ് ജില്ലാ കോടതിയെ സമീപിച്ചതായും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയതായും പോലീസ് പറഞ്ഞു.

“കുറ്റാരോപിതര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്, അവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവരെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും. പരാതിയുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. പരാതിക്കാരൻ കുറ്റാരോപിതരായ വ്യക്തികളുമായി നടത്തിയ ബാങ്ക് ഇടപാടും ഞങ്ങൾ പരിശോധിക്കുന്നുണ്ട്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസിൽ ഒന്നാം പ്രതിയാണ് ധർമജൻ. കിഷോർ കുമാർ പി വി, താജ് കടേപ്പറമ്പിൽ, ലിജേഷ്, ഷിജിൽ, ജോസ്, ഗ്രാൻഡി, ഫിജോൾ, ജയൻ, നിബിൻ, ഫെബിൻ എന്നിവരാണ് കൂട്ടു പ്രതികൾ. മൂന്നാം പ്രതി താജ് കടേപ്പറമ്പിൽ 2019 മെയ് 12 ന് ആസിഫിൽ നിന്ന് 10,000 രൂപ അഡ്വാൻസ് വാങ്ങിയതായി പരാതിയിൽ പറയുന്നു. പിന്നീട് പരാതിക്കാരൻ പണമായും ബാങ്ക് ഫണ്ട് ട്രാൻസ്ഫറുമായും 43.30 ലക്ഷം രൂപ നൽകി.

ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനായി തന്റെ കരിയർ ആരംഭിച്ച ധർമ്മജൻ ടിവി ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ജനപ്രിയനായി, 2010-ൽ ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലൂടെ മോളിവുഡിലേക്ക് കടന്നു. 60-ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ധർമ്മജൻ തന്റെ ഫ്രഷ് ഫിഷ് സൂപ്പർമാർക്കറ്റ്- ധർമ്മൂസ് ഫിഷ് ഹബ് 2018-ലാണ് ആരംഭിച്ചത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിനോട് പരാജയപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News