പൊതുസ്ഥലങ്ങളില്‍ കൊടി തോരണങ്ങള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധം

തിരുവനന്തപുരം: കൊടിമരങ്ങൾ, തോരണങ്ങള്‍, ബാനറുകൾ, പരസ്യബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാക്കി സംസ്ഥാന സർക്കാർ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതനുസരിച്ച് അത്തരം വസ്തുക്കൾ സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി മുന്‍‌കൂട്ടി അനുമതി വാങ്ങിയിരിക്കണം.

പാതയോരത്ത് കൊടിതോരണങ്ങളും മറ്റ് പ്രചാരണ സാമഗ്രികളും സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പൊതു മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ചിൽ വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കൊടി മരങ്ങളും മറ്റും സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നാണ് യോഗം ചേർന്നത്.

ഉടമസ്ഥന്റെ അനുമതിയോടെ സ്വകാര്യ വസ്‌തുക്കളുടെ കോമ്പൗണ്ടിലും ഭിത്തിയിലും പതാകകളും ബാനറുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. എന്നാല്‍, ഇത് ഗതാഗതത്തിന് ഒരു തടസ്സവും ഉണ്ടാക്കരുത്.

യോഗങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കാതെ ഒരു നിശ്ചിത സമയത്തേക്ക് റോഡരികിൽ പതാകകളും ബാനറുകളും സ്ഥാപിക്കാനും അനുമതി നൽകും. എന്നാൽ, വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പതാകകളോ കൊടിതോരണങ്ങളോ പരസ്യങ്ങളോ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാൻ പാടില്ല.

വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ കൊടികളും തോരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിക്ക് നടപടി സ്വീകരിക്കാവുന്നതാണ്. അത്തരം വസ്തുക്കൾ നീക്കം ചെയ്യുന്നത് രാഷ്ട്രീയവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാതിരിക്കാൻ മതിയായ മുൻകരുതൽ എടുക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.

അവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കം ഉണ്ടായാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും സഹായം തേടണം. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അത്തരം വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏത് സാഹചര്യവും നേരിടാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News