കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയെ എംപി ബിനോയ് വിശ്വത്തിന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തി

കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്.

കൽപറ്റ: തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ വൈത്തിരി നാരങ്ങക്കുന്ന് സ്വദേശി ലിൻഡ ബിനോജ് ശനിയാഴ്ച നാട്ടിലെത്തി. രാജ്യസഭാ എംപി ബിനോയ് വിശ്വം ഇടപെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് മോചനത്തിന് വഴിയൊരുക്കിയത്.

കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകർ ലിൻഡയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചു.

“ഞാൻ ജനുവരിയിൽ കുവൈറ്റിലേക്ക് പോയി. കഴിഞ്ഞ നാല് വർഷമായി എന്റെ ഭർത്താവ് ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. പലരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 3 ലക്ഷം രൂപ വരെ വായ്പയെടുത്തു. തുടക്കത്തിൽ അവർ എനിക്ക് 130 KD (32,592 രൂപ) ശമ്പളം വാഗ്ദാനം ചെയ്തു. പിന്നീട് അത് 110 KD ആയി കുറഞ്ഞു (27,578 രൂപ). രണ്ട് മാസം ശമ്പളം കിട്ടി, അതിന് ശേഷം ശമ്പളം നൽകിയില്ല. തൊഴിലുടമ എന്നെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. Global Kerala Pravasi Association അംഗങ്ങൾ എന്നെ ഇന്ത്യൻ എംബസിയിൽ എത്തിക്കാൻ സഹായിച്ചു,” 36 കാരിയായ ലിൻഡ പറഞ്ഞു.

ഭർത്താവിന്റെ ചികിത്സയെക്കുറിച്ചാണ് ലിന്‍ഡ ഇപ്പോള്‍ വിഷമിക്കുന്നത്. “ഞങ്ങൾക്ക് സ്വന്തമായി വീടില്ല. ഒരു ഷെഡ്ഡിലാണ് ഞങ്ങളുടെ താമസം. അതിന്റെ ചില ഭാഗങ്ങൾ ഈയിടെ മഴയിൽ നശിച്ചു. മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചും എനിക്ക് ആശങ്കയുണ്ട്. മാത്രമല്ല, എന്റെ ഇളയ മകന് ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണ്,” മൂന്ന് കുട്ടികളുടെ അമ്മ ലിൻഡ പറഞ്ഞു. കുവൈറ്റിലെ തൊഴിലുടമയുടെ പീഡനത്തിൽ നിന്ന് ഞാൻ ഒരുവിധം രക്ഷപ്പെട്ടു. ഇനി കൽപ്പറ്റയിൽ വേറെ എന്തെങ്കിലും ജോലി നോക്കണം,” അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment