വനംവകുപ്പിന്റെ പരിസ്ഥിതിലോല കണക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്തീര്‍ണ്ണത്തെക്കുറിച്ചും വനവിസ്തൃതി സംബന്ധിച്ചും സംസ്ഥാന വനംവകുപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുള്ള കണക്കുകളും റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനംവിസ്തൃതി ഉയര്‍ത്തിക്കാട്ടി വനവല്‍ക്കരണത്തിനുള്ള വിദേശ സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമമാണ് കാലങ്ങളായി വനംവകുപ്പ് നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥ അജണ്ടയില്‍ ഭരണനേതൃത്വങ്ങള്‍ വീണുപോകുന്നത് ജനാധിപത്യഭരണസംവിധാനത്തിന് അപമാനകരമാണ്. പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച് ഇന്‍ഫാം ഉള്‍പ്പെടെ കര്‍ഷകസംഘടനകള്‍ തെളിവുസഹിതം ഉയര്‍ത്തുന്ന കണക്കുകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിഷേധിക്കാനാവില്ലെന്ന് വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം.

കര്‍ഷകഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ രേഖകളില്‍ കൃഷിഭൂമി വനമാക്കി കൃത്രിമംകാട്ടി തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം. ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമായി ഉള്‍പ്പെടുത്തി കര്‍ഷകരെ ക്രൂശിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തലിലും ദുരൂഹതയുണ്ട്. ഭൂമാഫിയകളുടെ പിന്‍ബലത്തില്‍ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ താലൂക്കുകളിലെയും വില്ലേജുകളിലെയും ആധികാരിക രേഖകള്‍ പലതും കൃത്രിമം നടത്തി അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്നതും തലമുറകളായി കൈമാറ്റം ചെയ്തു ലഭിച്ചിരിക്കുന്നതുമായ ഭൂമി റീസര്‍വ്വേകളിലൂടെ നഷ്ടപ്പെട്ടവര്‍ ഒട്ടേറെയാണ്. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും വനവല്‍ക്കരണ അജണ്ടകളും ഭൂമാഫിയകളുമാണ് ഇതിന്റെ പിന്നില്‍.

വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും ബഫര്‍ സോണ്‍ നിര്‍മ്മിക്കുവാന്‍ വേണ്ടി കര്‍ഷകരുടെ കൃഷിസ്ഥലം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന ശ്രമങ്ങളെ കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും സംഘടിച്ചെതിര്‍ക്കും. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം. കര്‍ഷകഭൂമിയുടെയും മനുഷ്യരുടെയും സംരക്ഷണത്തിനുവേണ്ടി വനത്തിനുള്ളില്‍ നിശ്ചിതദൂരം ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വര്‍ഷങ്ങളായി കാര്‍ഷികവിളകള്‍ കൃഷിചെയ്യുന്ന ഭൂമി പരിസ്ഥിതിലോലപ്രദേശമല്ലെന്നുള്ള 2022 ഏപ്രിലിലെ ഹൈക്കോടതി വിധിയും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കണം. അതിരുകള്‍ വനമാണെന്നും വന്യജീവികളുടെ സാന്നിധ്യമുള്ള വനഭൂമിയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ വനംവകുപ്പ് നടത്തിയ ശ്രമവും കോടതിയില്‍ പരാജയപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതിലോല കരടുവിജ്ഞാപനത്തിന്റെ കാലാവധി 2022 ജൂണ്‍ 30ന് അവസാനിക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നോണ്‍ കോര്‍ വ്യവസ്ഥകള്‍ അംഗീകരിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേയ്ക്കും പഠനത്തിനുമായി പ്രസിദ്ധീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News