ജമ്മു കശ്മീരിൽ കലാപം; 350 കശ്മീരി പണ്ഡിറ്റുകൾ കൂട്ട രാജി വെച്ചു

ജമ്മു: രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച 350 സർക്കാർ ജീവനക്കാർ രാജിവച്ചു. എല്ലാവരും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്ക് രാജിക്കത്ത് അയച്ചു. ഈ കശ്മീരി പണ്ഡിറ്റുകളെല്ലാം പ്രധാനമന്ത്രിയുടെ പാക്കേജിലെ ജീവനക്കാരാണ്.

സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയതോടെ താഴ്‌വരയിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതായി ഇവർ പറയുന്നു. കൂടാതെ, ലാൽ ചൗക്കിൽ പ്രക്ഷോഭവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പഴയ ജമ്മു-അഖ്‌നൂർ ഹൈവേ ഉപരോധിച്ചിരുന്നു. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. എട്ട് കശ്മീരി പണ്ഡിറ്റുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പോലീസ് ലാത്തിച്ചാർജിൽ നാല് പേർക്ക് പരിക്കേറ്റു.

രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങളെ കണ്ടതായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു. “അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാൻ നീതി ഉറപ്പ് നൽകി. ദു:ഖത്തിന്റെ ഈ വേളയിൽ രാഹുലിന്റെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നു. ഈ കുറ്റകൃത്യത്തിന് ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും വലിയ വില നൽകേണ്ടിവരും,” അദ്ദേഹം കുറിച്ചു.

രാഹുൽ ഭട്ടിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്‌നയും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി കവീന്ദ്ര ഗുപ്തയും കശ്മീരി പണ്ഡിറ്റുകളുടെ എതിർപ്പ് നേരിട്ടു. കശ്മീരി പണ്ഡിറ്റുകൾ ഇരുവരെയും ഘരാവോ ചെയ്ത് മുദ്രാവാക്യം വിളിച്ചു. രോഷാകുലരായ കശ്മീരി പണ്ഡിറ്റുകൾ മോദി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

മറുവശത്ത്, മുതിർന്ന ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് സർക്കാരിനെതിരെ പ്രതികരിച്ചു. ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതും ഉച്ചഭാഷിണി നീക്കം ചെയ്യുന്നതും കശ്മീരി പണ്ഡിറ്റുകൾക്ക് പരിഹാരമാകില്ലെന്ന് പറഞ്ഞു. ഈ പ്രശ്‌നം ഇല്ലാതാകണമെങ്കിൽ കേന്ദ്ര സർക്കാർ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും.

കശ്മീരിൽ രണ്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടപ്പോഴും സുരക്ഷ ചൂണ്ടിക്കാട്ടി രാഹുൽ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും രെ സ്ഥലം മാറ്റിയില്ലെന്ന് രാഹുലിന്റെ ഭാര്യ മീനാക്ഷി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News