ബഫല്ലോയിലെ ടോപ്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്തു പേര്‍ വെടിയേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്കേറ്റു

ബഫല്ലോ (ന്യൂയോര്‍ക്ക്): ന്യൂയോർക്കിലെ ബഫല്ലോയില്‍ ടോപ്‌സ് ഫ്രണ്ട്‌ലി സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമിയുടെ വെടിയേറ്റ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ പത്തു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമായിരുന്നു എന്ന് എറി കൗണ്ടി ഷെരീഫ് ജോൺ ഗാർഷ്യ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കൂട്ട വെടിവയ്പ്പ് വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കുകയാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

സൈനികന്റെ വേഷം ധരിച്ചെത്തിയ പെയ്ടണ്‍ ജെന്‍ഡ്രന്‍ എന്ന 18 വയസ്സുള്ള വെള്ളക്കാരൻ, ഉച്ചയ്ക്ക് 2:30 ഓടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ബഫല്ലോ സിറ്റി പോലീസ് കമ്മീഷണർ ജോസഫ് ഗ്രാമഗ്ലിയ പറഞ്ഞു.

അക്രമി സൂപ്പർമാർക്കറ്റിലേക്ക് ആദ്യം കയറുകയും പിന്നീട് പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ അക്രമി തന്നെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. വെടിവയ്പ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് ഇയാൾ എത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്ലിയ മാധ്യമങ്ങളോടു പറഞ്ഞു.

സൂപ്പർ മാർക്കറ്റിന് പുറത്തുള്ള നാലു പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ വെടിവച്ച് ഇയാളെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അക്രമിക്ക് പരിക്കേറ്റില്ല. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാരനേയും അക്രമി വെടിവച്ച് കൊന്നു. ഇതിന് പിന്നാലെ ഇയാൾ കടയ്‌ക്കുള്ളിലേക്ക് കയറി കൂടുതൽ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റവരിൽ 11 പേർ കറുത്ത വർഗക്കാരും രണ്ടു പേർ വെളുത്ത വർഗക്കാരുമാണെന്ന് പോലീസ് പറഞ്ഞു. കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അക്രമി ബഫല്ലോ നിവാസിയല്ലെന്നും, ആക്രമണം നടത്താൻ മണിക്കൂറുകളോളം ഡ്രൈവ് ചെയ്താണ് വന്നതെന്നും പോലീസ് പറഞ്ഞു.

ബഫല്ലോ മേയർ ബൈറൺ ബ്രൗൺ വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളിൽ ഈ സംഭവത്തെ “ഏത് സമൂഹവും അഭിമുഖീകരിക്കാവുന്ന ഏറ്റവും മോശമായ പേടിസ്വപ്നം” എന്ന് വിശേഷിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News