അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയ വരന്റെ ‘യഥാര്‍ത്ഥ’ രൂപം കണ്ട് വധു ഞെട്ടി; വിവാഹവും മുടങ്ങി

ഉന്നാവോ: ബോളിവുഡ് ചിത്രം ‘ബാല’ യിലെ രംഗം പോലെ ഉത്തർപ്രദേശിലെ ഉന്നാവോയില്‍ രസകരമായ സംഭവം നടന്നു. വിവാഹ വേദിയില്‍ വരന്റെ “തനിരൂപം” കണ്ടതോടെ വധു മാത്രമല്ല, വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവരെല്ലാം ഞെട്ടി.

സഫിപൂർ കോട്വാലി മേഖലയിലെ പരിയാർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ലഖൻ കശ്യപിന്റെ മകൾ നിഷയും കാൺപൂർ നഗറിലെ താമസക്കാരനായ അശോക് കുമാർ കശ്യപിന്റെ മകൻ പങ്കജിന്റേയും വിവാഹ വേദിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

മെയ് 20ന് പ്രദേശത്തെ ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹ വേദി. വാദ്യമേളങ്ങളോടെയാണ് വരനും പാര്‍ട്ടിയും എത്തിയത്. ചടങ്ങുകൾക്കിടയില്‍ വരന് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു. ഉടനെ വധുവിന്റെ സഹോദരങ്ങളായ നിതിൻ, വിപിൻ എന്നിവർ വരന്റെ മുഖത്ത് വെള്ളം തളിക്കുകയും തലയില്‍ വെച്ചിരുന്ന തലപ്പാവ് ഊരിയെടുക്കുകയും ചെയ്തു. എന്നാല്‍, തലപ്പാവിനോടൊപ്പം വരന്റെ ‘വിഗും’ ഊരിപ്പോന്നതോടെ എല്ലാവരും ഞെട്ടി!! സദസ്സിലുണ്ടായിരുന്നവര്‍ അത് കണ്ടതോടെ പൊട്ടിച്ചിരിച്ചു. ഏതായാലും ആടയാഭരണങ്ങളോടെ കൊട്ടും കുരവയുമായി വിവാഹത്തിനെത്തിയ വരനും പാര്‍ട്ടിക്കും വധുവില്ലാതെ മടങ്ങേണ്ടി വന്നു.

വരന്റെ അച്ഛന്‍ ചതിച്ചെന്നു പറഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ വരനെ കെട്ടിയിടുകയും വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ ബഹളമായി. രാത്രി വൈകിയും പിറ്റേന്ന് രാവിലെ വരെ ഇരു വിഭാഗക്കാരുടേയും ചര്‍ച്ച നീണ്ടെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പരിയാർ പോലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് രാംജിത് യാദവ് സ്ഥലത്തെത്തി. തുടർന്ന് ഇരുകൂട്ടരുടേയും വിശദീകരണം കേട്ടു. എന്നാല്‍, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നെയുമല്ല, അവര്‍ക്ക് വിവാഹത്തിനായി ചിലവായ 5.66 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നല്‍കണമെന്ന വ്യവസ്ഥയും മുന്നോട്ടു വെച്ചു.

വരന് അപസ്മാര രോഗം ഉണ്ടായിരുന്നു എന്ന കാര്യം വരന്റെ വീട്ടുകാര്‍ മറച്ചുവെച്ചെന്നു മാത്രമല്ല, വരന് കഷണ്ടിയുണ്ടെന്ന കാര്യവും മറച്ചു വെച്ചാണ് വിവാഹം നടത്തിയതെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ഏതായാലും കൊട്ടും കുരവരയുമായി ഘോഷയാത്രയോടെ വിവാഹ വേദിയിലേക്കു വന്ന വരന് വധുവില്ലാതെ മടങ്ങേണ്ടി വന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News