ഫ്ലൈയിംഗ് അക്കാദമിയില്‍ ലൈംഗിക പീഡനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് വനിതാ ട്രെയ്നി

തിരുവനന്തപുരം: രാജീവ് ഗാന്ധി ഫ്‌ളൈയിംഗ് അക്കാദമിയിലെ പരിശീലകനില്‍ നിന്ന് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വനിതാ പൈലറ്റ് ട്രെയ്നി. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും അനുകൂല സമീപനമോ പരിഗണനയോ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു.

ഫ്ലയിംഗ് അക്കാദമിയിൽ നിന്നുള്ള അപമാനത്തെ തുടർന്നാണ് താൻ അക്കാദമി വിട്ടതെന്ന് പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അനുഭാവപൂർവമായ നടപടി സ്വീകരിക്കുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച് പൈലറ്റാകുമെന്ന് സ്വപ്നം കണ്ട പെണ്‍കുട്ടി ഇപ്പോൾ പഠനം മുടങ്ങുമെന്ന വ്യഥയിലാണെന്ന് പറയുന്നു.

വിമാനം പറത്തുമ്പോഴും പരിശീലകനായ ടി.കെ. രാജേന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന്നും പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിലാണ് ലോകായുക്തയെ സമീപിച്ചതെന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. മുഖമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ പോലും പീഡിതയ്ക്ക് ലഭിക്കുന്നില്ലെങ്കിൽ പിന്നെ സ്ത്രീ സുരക്ഷയ്ക്കായി ആരെ സമീപിക്കണമെന്നാണ് സാധാരണ സ്ത്രീകൾ ഉയർത്തുന്ന ചോദ്യം. തുല്യനീതിക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന വനിതാ കമ്മീഷനും മറ്റ് സ്ത്രീ സംഘടനകളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു അതിജീവിതയ്ക്കുണ്ടായ അവഗണനയെക്കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരിക്കയാണ്.

പരിശീലന പറക്കലിനിടെ അദ്ധ്യാപകൻ അതിക്രമം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ സംഭവത്തിൽ തെറ്റായ മൊഴി എഴുതിച്ചേർത്തിരിക്കുകയാണെന്നാണ് പരാതിക്കാരിയായ പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ലൈംഗികപീഡന പരാതിയിൽ അക്കാദമിയുടെ ഇന്റേണൽ അന്വേഷണ കമ്മിറ്റി തെറ്റായ മൊഴി എഴുതിച്ചേർത്ത് തന്നോട് പ്രതികാരം തുടരുകയാണെന്ന് പരാതി ഉന്നയിച്ചത്. ജനുവരിയിൽ വിമാനത്തിലെ പരിശീലനപ്പറക്കലിനിടെ ചീഫ് ഫ്‌ളയിങ് ഓഫീസർ രാജേന്ദ്രൻ പൈലറ്റ് ട്രെയിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. താൻ പറയാത്ത കാര്യങ്ങൾ തന്റെ മൊഴി എന്ന പേരിൽ ഉൾപ്പെടുത്തി പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പെൺകുട്ടി പറഞ്ഞു.

പരിശീലകന്റെ നിരന്തരമായ അവഹേളനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് കണ്ണൂർ സ്വദേശിനിയായ പൈലറ്റ് ട്രെയിനി കഴിഞ്ഞ ശനിയായാഴ്ച വൈകീട്ടോടെ നാടുവിട്ടിരുന്നു. നാടുവിടുന്നതിന് മുമ്പ് പെൺകുട്ടി ഇത് സൂചിപ്പിച്ച് ബന്ധുക്കൾക്കും മറ്റും ശബ്ദ സന്ദേശവും അയച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ വലിയതുറ പൊലീസ് സ്റ്റേഷനിലെ ത്തി പരാതി നൽകി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തി നൊടുവിലാണ് പെൺകുട്ടിയെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയത്.

പരിശീലന പറക്കലിനിടെ പരിശീലകൻ അതിക്രമം നടത്തിയെന്നാരോപിച്ച് പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഒരു നടപടിയുമെടുത്തില്ല. സംഭവത്തിൽ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയും അദ്ധ്യാപകനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ച തെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെ പരിശീലകനും സഹപാഠികളും നിരന്തരമായി അവഹേളിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞിരുന്നു. കന്യാകുമാരിയിൽ നിന്ന് തിരിച്ചെത്തിച്ച പെൺകുട്ടിയുടെ വിശദമായ മൊഴി വലിയതുറ പൊലീസ് എടുത്തു. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയും എടുത്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment