ഫൊക്കാനയിലെ ഉരുക്കു വനിത: ചിക്കാഗോ മലയാളികളുടെ സ്നേഹനിധിയായ മറിയാമ്മ ചേച്ചി ഇനി ഓർമ്മകളിൽ

മാണി സാർ നാമകരണം ചെയ്തു; “മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത”

ന്യൂജേഴ്‌സി: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയാണ് ലോകം ആദ്യമായി ഉരുക്കു വനിതാ (iron lady) എന്നു വിളിച്ചത്. പിന്നീട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശക്തയായ വനിതാ നേതാവായി മാറിയ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ ലോകം ആ പേരു ചൊല്ലി വിളിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ ചിക്കോഗോയിലും ഒരു ശകതയായ വനിതാ നേതാവിനെ അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ “ഉരുക്കു വനിത” എന്ന് വിശേഷിപ്പിച്ചു തുടങ്ങി. ” ഉരുക്കു വനിത” എന്ന നാമകരണം മറ്റാരുമല്ല മറിയാമ്മ പിള്ളയ്ക്ക് ചാർത്തി നൽകിയത് ; മുൻ മന്ത്രി സാക്ഷാൽ കെ.എം. മാണിയാണ് ഫൊക്കാനയുടെ ഒരു കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ മറിയാമ്മ പിള്ളയെ ഉരുക്കു വനിതാ എന്ന് വിശേഷിപ്പിച്ചത്. മറിയാമ്മ പിള്ളയുടെ ചറുചുറുക്കും ആജ്ഞാശക്തിയും നേതൃപാടവും കണ്ട മാണി സാർ തന്നെ അത്‌ഭുതപ്പെട്ടുപായി. രണ്ടു രാജ്യങ്ങളിലെ ശക്തരായ രണ്ടു പ്രധാന മന്ത്രിമാരെ വിശേഷിപ്പിച്ചിരുന്ന “Irorn Lady” നാമത്തിനു ഒരു അമേരിക്കൻ മലയാളി വനിതയെ വിശേഷിപ്പിച്ചത് ഒരു വിരോധോഭാസമായി തോന്നാം. എന്നാൽ അവരെ നാം അടുത്തറിയുമ്പോൾ ആ വിശേഷണം ഒട്ടും തെറ്റായിപോയില്ല എന്ന് മനസിലാക്കാൻ കഴിയും.

2017ൽ ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ കോൺഫറൻസിനോടനുബന്ധിച്ച് മികച്ച ലേഖകനുള്ള അവാർഡ് സ്വീകരിക്കാനായി ചിക്കാഗോയിൽ പോയപ്പോഴാണ് മറിയാമ്മ പിള്ള എന്ന സ്നേഹനിധിയായ ആ വലിയ മനസിന്റെ ഉടമയെ ആദ്യമായി കാണുന്നത്. ഹോട്ടലിൽ തൊട്ടടുത്ത മുറിയിലായിരുന്നു താമസം. അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാൻ നടത്തിയ പ്രസംഗത്തിൽ കാൻസർ എന്ന മഹാദുരന്തത്തിലൂടെ ഞാൻ സഞ്ചരിച്ച യാത്രയെക്കുറിച്ച് ഹാസ്യമായി വിവരിച്ചിരുന്നു. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ഫോണിൽകൂടെ പലവട്ടം സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ എന്റെ രോഗാവസ്ഥയെക്കുറിച്ച് ആദ്യമായിട്ടായിരുന്നു മറിയാമ്മ ചേച്ചി അറിയുന്നത്. അതിനു ശേഷം രോഗ വിവരങ്ങളും കടന്നുപോയ നാൾ വഴികളുമൊക്ക ചോദിച്ചറിഞ്ഞ മറിയാമ്മ ചേച്ചി പിന്നീടങ്ങോട്ട് കൺവെൻഷൻ കഴിഞ്ഞു മടങ്ങും വരെ കരുതലുകൾ കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു.

അത് വരെ ഫ്രാൻസിസ് എന്ന് എന്റെ പേരു ചൊല്ലി അഭിസംബോധന ചെയ്തിരുന്ന ചേച്ചി പിന്നീട് മോനെ എന്നു മാത്രമായിരുന്നു വിളിച്ചിരുന്നത്. “മോനെ” എന്ന ആ വിളിയിൽ മാതൃത്വത്തിന്റെ ഊഷ്മളമായ പരിലാളനത്തിന്റെയും കരുതലിന്റയെയും പരിമളം അനുഭവിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എന്റെ വിവരങ്ങൾ ഞാൻ പോലുമറിയാതെ എന്റെ അടുത്ത സുഹൃത്തും ഫൊക്കാന സെക്രെട്ടറിയുമായ സജിമോൻ ആന്റണിയെ വിളിച്ച് അനേഷിക്കും. ചേച്ചിയെ നേരിൽ കണ്ടതിനു ശേഷം പലവട്ടം ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴെല്ലാം സാന്ത്വനത്തിന്റെ ആ വിളി എത്താറുണ്ടായിരുന്നു. ഹോസ്പിറ്റലിൽ കിടന്നിരുന്ന വേളയിലാണ് ഞാൻ ചേച്ചിയുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയുന്നത്. ചേച്ചിയുടേത് യൗവ്വനം മുതൽ മരണം വരെ സഹജീവികളോടുള്ള സഹാനുഭൂതിയാൽ 100 ശതമാനം സമർപ്പിതമായ ഒരു ജീവിതമായിരുന്നു.മരണത്തിന്റെ വക്കിൽ നിന്നും പലതവണ കരകയറി വന്ന എന്നോട് ചേച്ചിക്ക് പറയാനുള്ളത് ഇതായിരുന്നു.” ദൈവം മോനെ പ്രത്യേകം തെരഞ്ഞടുത്തതാണ്. മോൻ ഇനിയും ജീവിക്കണം. ഈ ലോകത്തിനു വേണ്ടി പല കാര്യങ്ങളും ചെയ്യാൻ വേണ്ടിയാണ് മോനെ ദൈവം ഇത്രമേൽ പരിപാലിക്കുന്നത്.” – ചേച്ചിയുടെ വാക്കുകളിലെ മൂർച്ച ഹൃദയത്തിൽ തറയ്ക്കുന്നതായിരുന്നു.

ഇതിനിടെ എപ്പോഴോ എന്റെ ജീവിതത്തിൽ കടന്നു വന്ന കാൻസർ എന്ന മഹാ ദുരന്തം ചേച്ചിയുടെ ജീവിതത്തിലേക്കും കടന്നു വന്നു.എന്നാൽ അക്കാര്യം മാത്രം ചേച്ചി എന്നോടു മറച്ചു വച്ചു. ഫൊക്കാന നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി പോന്ന ഞാൻ മാത്രം ആ വിവരം അറിഞ്ഞില്ല. ഒരിക്കൽ ഒരു പരിപാടിയിൽ ചേച്ചിയുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ചേച്ചിയുടെ രോഗവിവരം അറിയുന്നത്. ചേച്ചി കീമോ തെറാപ്പി ട്രീറ്റ്മെന്റിലാണെന്ന് സജിമോൻ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. രണ്ടാഴ്ച്ച കഴിഞ്ഞ് അൽപ്പം പരിഭവത്തോടെ വിളിച്ചപ്പോൾ താൻ മനഃപൂർവം പറയാതിരുന്നതാണെന്ന് പറഞ്ഞു. വെറുതെ മനസു വേദനിപ്പിക്കേണ്ട എന്നു കരുതി. ഒരു ആശ്വാസ വാക്കുകൾ പോലും പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല. കാരണം അത്രയ്ക്ക് ശുഭഭാപ്തി വിശ്വാസവും പോസിറ്റീവ് ചിന്താഗതിയുമുള്ള ഒരാളോട് സാന്ത്വന വാക്കുകൾ അധികപ്പറ്റായി മാറും.

ഓപ്പറേഷനും കീമോതെറാപ്പിയുമൊക്കെ കഴിഞ്ഞ് ഇടയ്ക്ക് വിളിക്കും. ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇതായിരുന്നു.” ഫ്രാൻസിസ് നമ്മൾ ജീവിക്കുന്നത് അമേരിക്കയിലാണ്. പ്രത്യേകിച്ച് ബ്രസ്റ്റ് കാൻസർ എന്നത് കൃത്യമായി ചികിൽസിച്ചാൽ പൂർണമായും ഭേദമാകും. നമ്മുടെ മനസ് രോഗത്തിന്റെ ഒപ്പം പോയി വ്യകുലത നിറക്കാതിരുന്നാൽ മതി.” ശുഭാപ്തി വിശ്വാസം നിറഞ്ഞ അവരുടെ വാക്കുകൾ ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു. പിന്നീട് നടന്ന ഫൊക്കാനയുടെ പല പരിപാടികളിലും മറിയാമ്മ ചേച്ചിയുടെ നേരിട്ടുള്ള സാന്നിധ്യം കണ്ടപ്പോൾ അവരോടുള്ള ബഹുമാനം ഒന്നുകൂടി വർധിച്ചു. രോഗബാധിതയായ ശേഷം രണ്ടു തവണ ന്യൂജേഴ്സിയിൽ രണ്ടു പരിപാടികളിൽ പങ്കെടുക്കാൻ അവർ എത്തിയിരുന്നു. “ഞാൻ രോഗത്തെ പ്രണയിക്കാറില്ല, അവഗണിക്കാറേയുള്ളു. ദൈവം തന്ന വേദന താൻ സന്തോഷപൂർവം സ്വീകരിക്കുന്നു.” -അസുഖം വന്ന ശേഷം ഒരിക്കൽ മറിയാമ്മ ചേച്ചി പറഞ്ഞ വാക്കുകളാണിത്. രോഗത്തെ പ്രണയിക്കുക എന്നാൽ ർരോഗം വന്നു കഴിഞ്ഞാൽ “എന്നെക്കൊണ്ടൊന്നിനും കഴിയില്ല , ഞാൻ ആരോഗ്യമില്ല.” – എന്നൊക്കെ പറഞ്ഞു അലസരായിരിക്കുന്നവരാണ് രോഗത്തെ പ്രണയിക്കുന്നവർ എന്നർത്ഥമാക്കിയത്.

ഒരിക്കൽ ചേച്ചി പറഞ്ഞു. “മോനെ, ഞാനിപ്പോൾ പൂർണമായും കാൻസർ വിമുക്തയായി. ഇനി എനിക്ക് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ കഴിയും.” രോഗാവസ്ഥയിലും മറിയാമ്മ ചേച്ചി ജോലിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.മക്കൾ വിവാഹിതയായതിനാൽ അവർ കൂടിയില്ല. ഭർത്താവ് ചന്ദ്രൻ ചേട്ടന്റെ സംരക്ഷണവും ചേച്ചി നേരിട്ടാണ് നടത്തി വന്നിരുന്നത്. വീട്ടു ജോലിക്ക് സഹായിക്കാനായി ഒരു പെൺകുട്ടിയുണ്ട്. അവളെ സ്വന്തം മകളെപ്പോലെയാണ് കരുതുന്നത്.- ചേച്ചി കൂട്ടിച്ചേർത്തു.

ചേച്ചിയുടെ മരണം ഇപ്പോഴും അവിശ്വനീയമായിട്ടാണ് തോന്നുന്നത്. അമേരിക്കയിലെ, പ്രത്യേകിച്ച് ചിക്കാഗോയിലെ ഒട്ടുമിക്ക മലയാളികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന മറിയാമ്മ പിള്ള എല്ലാവരുമായി ഏറെ സൗമ്യമായിട്ടാണ് പെരുമാറുക. എന്നെ പോലെ നൂറുകണക്കിനു പേരെ ഒരേ കരുതലോടെ കാണുന്ന മറിയാമ്മ ചേച്ചിയുടെ സംസാരത്തിൽ ഒരു അമ്മയുടെ കരുതലും വാത്സല്യവും സ്നേഹവുമുണ്ട്, ഒരു സഹോദരിയുടെ ഉപദേശമുണ്ട്, ഒരു നല്ല കൂട്ടുകാരിയുടെ ആത്മാർത്ഥതയുണ്ട്. അതുകൊണ്ട് അവരെ അടുത്തറിയുന്നവർ ആ സ്നേഹത്തിന്റെ തണലിൽ ആശ്വാസം കണ്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

ഒരു സംഘടനാ നേതാവെന്ന നിലയിൽ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും പ്രകടമാക്കുന്നയാളാണ് മറിയാമ്മ പിള്ള. ആരുടെയും മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്നു പറയും. കാര്യങ്ങൾ അൽപ്പം കടുപ്പിച്ചാണെങ്കിലും പറയാൻ യാതൊരു മടിയും കാട്ടാറില്ല. എന്നാൽ കാര്യങ്ങൾ മനസിൽ വച്ച് നടക്കുന്ന സ്വഭാവമില്ല. ഏതെങ്കിലും മീറ്റിംഗിൽ ആരോടെങ്കിലും എതിരഭിപ്രായം പറയേണ്ടി വന്നാലും ആരെങ്കിലും തന്നെ എതിർത്താലും ആ മീറ്റിംഗ് കഴിഞ്ഞാൽ എല്ലാം മറക്കുന്ന സ്വാഭാവമാണ് അവരുടേത്.

ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട മറിയാമ്മ പിള്ളയോളം യോഗ്യതയുള്ള മറ്റൊരു വനിതാ നേതാവ് ഇതുവരെയുണ്ടായിട്ടില്ല. എല്ലാവരെയും കോർത്തിണക്കി ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള കഴിവാണ് അവരെ മറ്റുള്ള വനിതാ നേതാക്കന്മാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. 2012 ൽ മറിയാമ്മ പിള്ളയുടെ നേതൃത്വത്തിൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ വിജയ രഹസ്യവും അതുതന്നെയായിരുന്നു. അവർക്കൊപ്പം അണിനിരന്ന ഒരുകൂട്ടം ചെറുപ്പക്കാർ മറിയാമ്മ പിള്ള എന്ന ഉരുക്കു വനിതയ്ക്കു വേണ്ടി എല്ലാ കാര്യങ്ങളും എണ്ണയിട്ട യന്ത്രം പോലെ നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരു മികച്ച നേതാവിന്റെ തലയെടുപ്പോടെ കൺവെൻഷൻ വേദികളിൽ നിർദ്ദേശങ്ങളുമായി മറിയാമ്മ പിള്ള ഓടി നടക്കുകയായിരുന്നു.

സാധാരണ ഫൊക്കാന പ്രസിഡണ്ട് ആകുന്നവർ അവരുടെ ഭരണ കാലാവധി കഴിഞ്ഞാൽ പിന്നീട് മറ്റൊരു റോളും ഏറ്റെടുക്കാതെ നിശബ്ദ പ്രവർത്തനം നടത്തുകയാണ് പതിവ്. കാരണം പ്രസിഡണ്ട് പദവിയേക്കാൾ വലിയൊരു പദവി വേറേയില്ലല്ലോ. എന്നാൽ മറിയാമ്മ പിള്ള സ്ഥാനമൊഴിഞ്ഞ ശേഷവും ഒരു സാധാരണ പ്രവർത്തകയെ പോലെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ അടിയുറച്ചു നിന്നു. ചെറുതും വലുതുമായ പല സ്ഥാനങ്ങളും അവർ ഏറ്റെടുത്തു വരികയായിരുന്നു.

നിലവിൽ ഫൊക്കാനയുടെ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ, ട്രസ്റ്റി ബോർഡ് മെമ്പർ, തെരെഞ്ഞെടുപ്പ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിൽ സജീവമായ സേവനം ചെയ്തു വരികയായിരുന്നു ഈ ധീര വനിത. മറിയാമ്മ പിള്ള സ്ഥാനമാനങ്ങൾക്ക് പിന്നാലെ ഒരിക്കലും പോകാറില്ല. അവരുടെ ആത്മാർത്ഥതയും കഴിവും കണ്ടറിഞ്ഞു സ്ഥാനമാനങ്ങൾ അവരെത്തേടിയെത്തുകയായിരുന്നു. സ്ത്രീ ശാക്തീകരണം സ്വയം ശാക്തീകരണത്തിലൂടെ ആർജവം നേടിയ അപൂർവം ചില വനിതാ നേതാക്കന്മാരിലൊരാളാണ് മറിയാമ്മ പിള്ള. ഇന്നത്തെ തലമുറയിലെ വനിതകൾ അവരെ മാതൃകയാക്കേണ്ടതാണ്. കഴിവും ആത്മാർത്ഥയുമുണ്ടെങ്കിൽ സ്ഥാനമാനങ്ങൾ താനെ വന്നുകൊള്ളുമെന്ന് വിശ്വസിച്ചിരുന്ന മറിയാമ്മ പിള്ള ഫൊക്കാന എന്ന പ്രസ്ഥാനത്തെ അത്ര മേൽ സ്നേഹിച്ചിരുന്നു.

വളരെ പെട്ടെന്നായിരുന്നു രോഗം മൂർച്ഛിച്ചത്. അതിനു മുൻപ് ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന അവർ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമെന്ന നിലയിൽ വളരെ സജീവമായി പ്രവർത്തനരംഗത്തുണ്ടായിരുന്നു.ഫ്ലളോറിഡ കൺവെൻഷനിൽ പങ്കെടുക്കാൻ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുകയും ടിക്കറ്റു വരെ ബുക്ക് ചെയ്യുകയും ചെയ്തു. ഏതായാലും ഒർലാണ്ടോ കൺവെൻഷനിൽ നിറസാന്നിധ്യമാകേണ്ടിയിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് സൃഷ്ട്ടിക്കുന്ന ശൂന്യത ഏറെ വലുതായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഫൊക്കാനയിലെ പ്രവർത്തനങ്ങൾക്കു പുറമെ നിരവധി മേഖലകളിലും അവരുടെ കർമ്മമണ്ഡലം പടർന്നു പന്തലിച്ചിരുന്നു. ചിക്കാഗോ മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവർത്തകയായായിരുന്ന മറിയാമ്മ പിള്ളയുടെ സന്നദ്ധ പ്രവർത്തനം ഏവരെയും അസൂയപ്പെടുത്തും വിധമായിരുന്നു.

നാലപ്പത്തിനായിരത്തിലധികം മലയാളി നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ 35 വർഷക്കാലം 10 നഴ്സിംഗ് ഹോമുകളുടെ ചുമതല വഹിച്ചതുകൊണ്ടാണ് ഇത്രയും ആളുകൾക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞത്. ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് ആർ.എൻ, എൽ.പി.എൻ., സി.എൻ. എ, അക്കൗണ്ടൻസി തുടങ്ങിയ പ്രാഥമിക കോഴ്സുകൾ നേരിട്ട് പരിശീലനം നല്കിയയാണ് ഇവർക്ക് തൊഴിൽ നേടിക്കൊടുത്തത്.

1976 ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ കേവലം സെര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ് (സി.എന്‍.എ) ആയി ജോലിയില്‍ കയറിയാണ് കരിയര്‍ ആരംഭിക്കുന്നത്. ആറു മാസത്തിനുള്ളില്‍ ഒരു നഴ്‌സിംഗ് ഹോമിലെ ചാര്‍ജ് നേഴ്‌സ് ആയ അവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നേഴ്‌സിംഗ് അഡിമിനിസ്ട്രേറ്ററും സി.ഇ ഒ കൂടിയായ മറിയാമ്മ പിന്നീട് നാലു നഴ്‌സിംഗ് ഹോമുകള്‍ സ്വന്തമായുള്ള സ്ത്രീ ശക്തിയായിരുന്നു. ഒരേ സമയം 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അവരുടെ നഴ്‌സിംഗ് ഹോമിന് പ്രസിഡണ്ട് ബുഷിന്റെ അവാര്‍ഡ് ഉള്‍പ്പെടെ മികച്ച നഴ്‌സിംഗ് ഹോമിനുള്ള ചിക്കാഗോ ഗവര്‍ണരുടെ പുരസ്‌കാരം 6 തവണ ലഭിച്ചിട്ടുണ്ട്. മറിയാമ്മ പിള്ള പരിശീലനം നൽകിയ നിരവധി പേർ ഇപ്പോൾ പല ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് തലപ്പത്തുവരെ പ്രവർത്തിക്കുന്നു. മറ്റെല്ലാ കർത്തവ്യങ്ങളിൽ നിന്നു വിരമിച്ച മറിയാമ്മ പിള്ള നിലവിൽ ഒരു ഹോം ഹെൽത്ത് കെയർ നടത്തിവരികയായിരുന്നു.

ഒരേ സാമയം 10 നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമതല വരെ ഏറ്റെടുത്തു നടത്തിയിരുന്ന അവർ ഈ നഴ്സിംഗ് ഹോമുകളുടെ അഡ്മിനിസ്ട്രേറ്ററും സിഇഒയുമായിരുന്നു. ഒരുപാട്‌ നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമൊക്കെ അവരുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി. ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് പരിജ്ഞാനം നല്‍കാനും നഴ്‌സിംഗ്‌ സംബന്ധിച്ച കൂടുതല്‍ അറിവ്‌ പകരുവാനും അവര്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹ്യ സേവനരംഗത്തേക്കു വന്ന മറിയാമ്മ ഇന്നുവരെ കൈപിടിച്ചുയര്‍ത്തിയത് 45,000 പരം സ്ത്രീകളെയാണ്. ഇതിൽ സ്ത്രീ ശാക്തീകരണത്തിന് അവർ നൽകിയ സംഭാവന ഇതിലപ്പുറം വിവരിക്കാനാവില്ല.

ചിക്കാഗോയിലും അമേരിക്കയിലെ പലയിടത്തുമായി മറിയാമ്മ പിള്ളയുടെ സഹായ ഹസ്തം പിടിച്ച് അന്തസുള്ള ജീവിതം നയിക്കുന്ന അനേകരുടെ മനസിൽ, അവരുടെ കരുണയുടെ ദയാവായ്പ്പിന്റെയും സ്മരണകൾ കണ്ണീർതുള്ളികളായി അടർന്നു വീഴുമെന്ന കാര്യം ഉറപ്പാണ്. മറിയാമ്മ ചേച്ചി സഹായിച്ചവരെല്ലാവരും തന്നെ അവരുടെ അടുത്ത സുഹൃത്തുക്കളായി മാത്രമേ അവർ കരുത്താറുള്ളു. കടപ്പാടിന്റെ കണക്കുപുസ്തകം മറിയാമ്മ ചേച്ചിയുടെ പക്കലില്ല. ഒരു പിടി സൗഹൃദത്തിന്റയും സ്നേഹത്തിന്റയും പുസ്തകം മാത്രമാണ് അവരുടെ കൈവശമുള്ളു.

3000 ത്തിലധികം മലയാളി നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള നഴ്സിംഗ് പഠനം കഴിഞ്ഞവരെ, ഏതു രാജ്യക്കാരെന്നോ ഏതു ഭാഷക്കാരെന്നോ നോക്കാതെ, സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. ആര്‍. എന്‍. പരീക്ഷയ്ക്ക് പരിശീലനം നല്‍കി അവരെ ജോലിയില്‍ കയറ്റുന്നതു വരെ മറിയാമ്മ അവർക്ക് താങ്ങും തണലുമായി നിന്നിട്ടുണ്ട്. നഴ്സിംഗ് ജോലിക്കായി എത്തുന്നവർ ഒരേസമയം ആറും ഏഴും പേര്‍ വരെ പലപ്പോഴും മറിയാമ്മ പിള്ളയുടെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. ആരുടെ കൈയില്‍ നിന്നും ഒരു നയാ പൈസ വരെ വാങ്ങാതെയാണ് അവർ ഈ സല്‍കര്‍മ്മം നടത്തി വരുന്നത്.സ്ത്രീകൾക്ക് മാത്രമല്ല നിരവധി പുരുഷന്മാർക്കും തൊഴിൽ ദാതാവായിരുന്നു അവർ. നിരവധി മലയാളികൾക്ക് തൊഴിൽ നൽകുന്ന അവർ ചിക്കാഗോ മലയാളികൾക്കിടയിൽ മറിയാമ്മചേച്ചിയെന്നും ലോക മലയാളികൾക്കിടയിൽ ഫൊക്കാനയുടെ ഉരുക്കു വനിത എന്നുമാണ് അറിയപ്പെടുന്നത്.

അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയാണു അവരെ “ഉരുക്കു വനിത” എന്നു വിശേഷിപ്പിച്ചത്. ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ കഴിവിന്റെ മികവുകൊണ്ടാണ്. പ്രായത്തെയും താൻ പോലുമറിയാതെ തന്റെ കൂടെക്കൂടിയ കാൻസർ എന്ന മാരകരോഗത്തെയും പാടെ അവഗണിച്ചുകൊണ്ട് കര്‍മ്മരംഗത്തു സജീവമായി നിലകൊള്ളുന്ന ചിക്കാഗോക്കാരുടെ മറിയാമ്മ ചേച്ചി ഫൊക്കാനയിൽ ലിംഗഭേദമില്ലാതെ എല്ലാ നേതാക്കന്മാർക്കും ഒരു വലിയ മാതൃക തന്നെയാണ്. വ്യക്തികളെക്കാളും സംഘടനയ്ക്ക് പ്രാധാന്യം നൽകുന്ന മറിയാമ്മ പിള്ള അച്ചടക്ക ലംഘനം ആരു നടത്തിയാലും അർത്ഥശങ്കയ്ക്കിടവരുത്താതെ മുഖം നോക്കാതെ അതിനെതിരെ വാളോങ്ങാൻ യാതൊരു മടിയും കാട്ടാറില്ല.

വാഷിംഗ്‌ടണില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന കാലം മുതലാണ്‌ മറിയാമ്മ പിള്ള സംഘടനാ രംഗത്ത്‌ സജീവമായത്‌. നിശബ്‌ദമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി അവര്‍ കര്‍മ്മനിരതയായി.ഡോ. എം. അനിരുദ്ധന്‍ പ്രസിണ്ടായി ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷർ ആയിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിണ്ടായപ്പോള്‍ വൈസ്‌ പ്രസിണ്ടായി. റോച്ചസ്റ്ററില്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ചിക്കാഗോയില്‍ നിന്ന്‌ ഒട്ടേറെ യുവാക്കളെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌ അവരാണ്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News