പ്രൗഢി വെടിയാതെ അവസാന ശ്വാസത്തിലും നിറപുഞ്ചിരിയുമായി നിത്യതയുടെ അനന്തവിഹായസിലേക്ക് ‘ഉരുക്കു വനിത’ യാത്രയായി

മറിയാമ്മ പിള്ള അന്ത്യയാത്രയാകുമ്പോൾ കുടുംബങ്ങളോടൊപ്പം മുറിയിലുണ്ടായിരുന്ന ജോർജ് പണിക്കരുടെ സ്മരണകൾ

ചിക്കാഗോ: “മരിയ്ക്കും മുൻപ് ഒരു നോക്ക് കാണാൻ, ഒരു നല്ല യാത്ര മൊഴി നൽകാൻ ഭാഗ്യമുണ്ടായില്ല എങ്കിലും കൃത്യം മരണസമയത്ത് ദൈവം എന്നെ അവിടെ ഐ.സി.യുവിന് മുൻപിൽ എത്തിക്കുമ്പോൾ ആ നെഞ്ചിൽ നിന്ന് അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു ഞങ്ങളുടെ മറിയാമ്മ ചേച്ചി. ഐ.സി.യു. വരാന്തയിൽ ഹൃദയം തുറന്ന് ചേച്ചിയുടെ നല്ല മരണത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ എനിക്ക് അകത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു.”- ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡണ്ടും ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചിയുമായിരുന്ന മറിയാമ്മ പിള്ളയുടെ മരണ സമയത്ത് എത്തിച്ചേരാൻ ഭാഗ്യം ചെയ്ത ഐ.എം.എ മുൻ പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ ജോർജ് പണിക്കർ വികാരഭരിതനായി തന്റെ ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു.

ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ഫോണിൽ വിളിച്ച് അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് പോകാൻ നിർദ്ദേശിക്കുമായായിരുന്നു. രോഗ ബാധിതയായതിനു ശേഷം മറിയാമ്മ ചേച്ചിയുമായും അവരുടെ കുടുംബാംഗങ്ങളുമായും നിത്യേന എന്നവിധം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന പോളിന്റെ ഭാര്യ ലത മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മറിയാമ്മ ചേച്ചിയുടെ ഫോണിൽ വിളിച്ചപ്പോൾ മറുതലയ്ക്കൽ ഫോൺ എടുത്ത പിള്ള ചേട്ടനാണ് പറഞ്ഞത്. കൂടിയാൽ ഒരു മണിക്കൂർ…. – ദുഃഖം ഉള്ളിലൊതുക്കി പിള്ള ചേട്ടൻ പറഞ്ഞപ്പോൾ ലതയുടെ മനസും ഇടറിപ്പോയി.

പോളിന്റെ ഫോൺ വന്നയുടൻ ഹോസ്പിറ്റലിലേക്ക് വച്ചു പിടിക്കുകയായിരുന്നു. 1.45ന് ഞാന്‍ ഹോസ്പിറ്റലിലെത്തി. 1.54ന് ചേച്ചി മരണപ്പെട്ടു. ഒരു പത്ത് മിനുട്ട് താമസിച്ചിരുന്നെങ്കില്‍ എനിക്ക് ചേച്ചിയെ ജീവനോടെ കാണാന്‍ സാധിക്കുമായിരുന്നില്ല. ചേച്ചിയുടെ ഭര്‍ത്താവും മക്കളും ഞാനും മാത്രമാണ് ആ സമയത്ത് മുറിയിലുണ്ടായിരുന്നത്. ദൈവം എന്തുകൊണ്ടാണ് കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചതെന്ന് താന്‍ ആലോചിക്കാറുണ്ട്. ഇങ്ങനെയൊരു മഹത് വ്യക്തിയുടെ മരണത്തിന് കുടുംബാംഗങ്ങളൊഴിച്ച് താന്‍ മാത്രമാണ് സാക്ഷിയായത്.

താൻ അവിടെ എത്തിച്ചരുമ്പോൾ ഐ.സി.യുവിലെ ഒരു മുറിയിൽ ജീവിതത്തിൽ ഒരിക്കലും തളരാത്ത ചേച്ചി ഒട്ടും പതറാതെ തന്നെ ഇഹലോകം വെടിഞ്ഞ് നിത്യതയിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങുകയായിരുന്നു. . ചേച്ചിയുടെ മരണം തികച്ചും ആക്സിമക്മയിരുന്നു. ഇല്ലെങ്കിൽ ഹോസ്പിറ്റൽ പരിസരം ജനസഞ്ചയമായി മാറുമായിരുന്നു. അവിടെ ആദ്യം എത്തിച്ചേർന്നത് താനായിരുന്നുവെങ്കിലും തൊട്ടു പിന്നാലെ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യുവും പാഞ്ഞെത്തി. പിന്നീട് കേട്ടറിഞ്ഞവർ നിമിഷാർത്ഥം കൊണ്ട് ഹോപ്‌സിറ്റലിൽ എത്തിച്ചേർന്നു. – ജോർജ് പണിക്കർ കൂട്ടിച്ചേർത്തു.

” ഇത്രവേഗം പ്രിയപ്പെട്ട ചേച്ചി ഞങ്ങളെ വിട്ടു പോകുമെന്ന് ഒരിക്കലും കരുതിയില്ല. കാൻസർ ബാധിതയായതിനെ തുടർന്ന് പല കുറി ഹോസ്പിറ്റലിൽ. അഡ്മിറ്റ് ആയിട്ടുണ്ടെങ്കിലും തിരിച്ചു വരുന്നത് പതിവിലും സുസ്മേതവരിധയായിട്ടായിരിക്കും. ഇക്കുറിയും ചേച്ചി മടങ്ങിവന്നത് സുസ്മേതവരിധയായിട്ടു തന്നെ; പക്ഷേ ആ നെഞ്ചിലെ ശ്വാസം നിലച്ചിരുന്നുവെന്നുമാത്രം. പ്രൗഢിയോടുകൂടിയ ആ മുഖത്തെ പുഞ്ചിരിക്ക് ഒരു കോട്ടവും തട്ടാതെ, യാത്രയാവുകയാണെന്ന ഉത്തമ ബോധ്യത്തോടെ, നന്നായി ഒരുങ്ങിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടോളം ഒപ്പം യാത്ര ചെതിരുന്ന പ്രിയതമൻ പിള്ളചേട്ടന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട് മറിയാമ്മ പിള്ള എന്ന ഞങ്ങളുടെ സ്നേഹനിധിയായ ചേച്ചി യാത്രയായത്.”- ജോർജ് പണിക്കർ പറഞ്ഞു.

മറിയാമ്മ പിള്ളയും താനുമായി മുപ്പത്തിയഞ്ചു വര്‍ഷത്തെ സ്‌നേഹബന്ധമാണുള്ളതെന്ന് ജോർജ് പണിക്കർ പറഞ്ഞു. ഇല്ലിനോയി മലയാളി അസോസിയേഷ (ഐ.എം.എ) ന്റെ പ്രസിഡന്റായി മറിയാമ്മ പിള്ള 1997ലും താന്‍ 2001ലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇല്ലിനോയി മലയാളി അസോസിയേഷന് കേരളത്തിലെ നിയമസഭ പോലെ പ്രാധാന്യമുള്ള സമയമായിരുന്നു അത്. ഭരണകക്ഷിയും പ്രതിപക്ഷവും ഉണ്ടായിരുന്നു. പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചപ്പോൾ അത് നടത്തിക്കാതെ ഒഴപ്പിക്കളയാനുള്ള ശ്രമങ്ങള്‍ എതിര്‍കക്ഷികളുടെ ഭാഗത്തു നിന്നുണ്ടായി. ആ സമയത്ത് ധൈര്യമായി മുന്നോട്ടു നീങ്ങാനും താന്‍ കൂടെയുണ്ടെന്നും പറഞ്ഞ് തനിക്ക് ധൈര്യം പകർന്നു നൽകിയ മറിയാമ്മ ചേച്ചി പിന്തുണ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2018-20 കാലഘട്ടത്തില്‍ താന്‍ ഐഎംഎയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സമയത്ത് മറിയാമ്മ പിള്ള എല്ലാ മീറ്റിംഗുകള്‍ക്കും വരികയും എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. തങ്ങള്‍ നടത്തിയ ഫുട്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റി സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു. ചേച്ചിയുടെ വേര്‍പാട് ഒരു മൂത്ത സഹോദരി നഷ്ടപ്പെട്ട വേദനയാണ് തനിക്കുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ ആയിരുന്നു മറിയാമ്മ ചേച്ചിയുടെ വളര്‍ച്ചയുടെ ചവിട്ടുപടി. അവിടെ നിന്നാണ് ഫൊക്കാനയിലും മറ്റ് പല സംഘടനകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുകള്‍ ആര്‍ജ്ജിച്ചത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാഴ്ച മുന്‍പ് മെയ് 11ന് ചേച്ചിയെ കണ്ട് സംസാരിച്ചിരുന്നു. മൂന്നാഴ്ച മുന്‍പ് തന്നെ വിളിച്ച് എപ്പോഴാണ് പോൾ കറുകപ്പള്ളിയുടെ മകളുടെ കല്യാണത്തിന് ന്യൂയോർക്കിൽ പോകുന്നതെന്ന് ചോദിച്ചിരുന്നു.താൻ ശനിയാഴ്ചയാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ ടിക്കറ്റ് വെള്ളിയാഴ്ച്ചയാണെന്ന് പറഞ്ഞു. തന്റെ കൂടെ പോരാനായി ടിക്കറ്റ് ശനിയാഴ്ച്ചയ്ക്ക് മാറ്റാൻ ശ്രമിക്കുകയാന്നെന്നും ചേച്ചി പറഞ്ഞു. പക്ഷേ, അതിനും ഒരാഴ്ചയ്ക്ക് ശേഷം വിളിച്ചിട്ടു പറഞ്ഞു: നല്ല സുഖമില്ല അതിനാല്‍ വരാന്‍ സാധിക്കിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട്. അത് അവിടെ കൊടുക്കാമോ എന്നും വയ്യായ്ക ഒക്കെ മാറി പിന്നീട് പോളിന്റെ മകൾ ലീപയെയും ഭർത്താവിനേയും കാണാൻ വരുന്നുണ്ടെന്ന് പറയണമെന്നും അഭ്യർത്ഥിച്ചു. ഞാന്‍ വീട്ടില്‍ വരാമെന്നും ഗിഫ്റ്റ് വാങ്ങിക്കോളാമെന്നും പറഞ്ഞു. അങ്ങനെയാണ് മെയ് 11ന് ചേച്ചിയുടെ വീട്ടില്‍ പോകുന്നത്. അന്ന് ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. ഫൊക്കാനയുടേയും ഐഎംഎയുടേയും പഴയകാല ഓര്‍മ്മകളെല്ലാം പങ്കുവെച്ചിരുന്നു. സഹജീവികളോട് വളരെയധികം കരുതലുള്ള വ്യക്തിയായിരുന്നു മറിയാമ്മ ചേച്ചി. ചിക്കാഗോയില്‍ ചേച്ചിയുടെ കാരുണ്യസ്പര്‍ശമേല്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല.

മുന്‍കാലത്ത് ചിക്കാഗോയില്‍ വന്നിട്ടുള്ള പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കുന്നതിന് ചേച്ചി ഇടപെട്ടിരുന്നു. ചിക്കാഗോയില്‍ വന്നാല്‍ മറിയാമ്മ ചേച്ചിയുടെ ആതിഥേയത്വം സ്വീകരിക്കാത്ത ഒരു രാഷ്ട്രീയ നേതാവ് പോലും ഉണ്ടാകില്ല.

ദൈവം തരുന്നതെല്ലാം സമ്മാനമായി സ്വീകരിക്കാനുളള മനോധൈര്യം ഉണ്ടായിരുന്ന വ്യക്തിയാണ് മറിയാമ്മ ചേച്ചി. സ്വന്തം മരണത്തെ മുന്നില്‍ക്കണ്ട ചേച്ചി തിരുമേനിയായിരിക്കണം തന്റെ ശവസംസ്‌കാരം നിര്‍വ്വഹിക്കേണ്ടത് എന്നു മുന്‍കൂട്ടി പറഞ്ഞിരുന്നു. മരണത്തെ പോലും ലാഘവത്തോടെ കണ്ട ധൈര്യശാലിയായ ഒരു മഹത് വ്യക്തിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ചിക്കാഗോയുടെ മദര്‍ തെരേസയായിരുന്നു മറിയാമ്മ ചേച്ചി എന്നു പറഞ്ഞാലും അതിശയോക്തിയില്ല. അത്രയധികം സ്‌നേഹവും കരുതലും ചേച്ചി മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. വേര്‍പാടില്‍ കണ്ണീര്‍പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment