അനന്തപുരി ഹിന്ദു മഹാ സമ്മേളന ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുക: എസ്.ഐ.ഒ കേരള

തിരുവനന്തപുരം: 2022 ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി കാമ്പസില്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടകര്‍ക്കും വിദ്വേഷ പ്രചാരകരായ പ്രഭാഷകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ കീഴില്‍ കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായും ഗോകുല്‍ യുവരാജ് ജനറല്‍ കണ്‍വീനറായും വേണുഗോപാല്‍, ജയ പിള്ള, ജയശ്രീ, സരിന്‍ ശിവന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും രൂപീകരിച്ച സംഘാടക കമ്മിറ്റിയാണ് അനന്തപുരി ഹിന്ദു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

സമ്മേളനത്തിലുടനീളം മുസ്ലിം സമുദായത്തിന് നേരെ വിദ്വേഷം വമിപ്പിക്കുന്നതും മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതുമായ സെഷനുകളും സംസാരങ്ങളും ആണ് സംഘാടകര്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പ്രസ്തുത സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് കേരളത്തിന്റെ മുന്‍ ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 5 ദിവസം നീണ്ടു നിന്ന സമ്മേളനത്തിലെ മറ്റു ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇവയെല്ലാം മുസ്ലിം സമുദായത്തിന് നേരെ അങ്ങേയറ്റം വെറുപ്പ് ഉല്‍പാദിപ്പിക്കാന്‍ കാരണമായിട്ടുള്ളതാണ്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗങ്ങള്‍ മുഴുവന്‍ https://www.youtube.com/c/TatwamayiNews എന്ന youtube ചാനലില്‍ ലഭ്യമാണ്. ഇതെല്ലാം സമൂഹത്തില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പരിപാടിയില്‍ ഉടനീളം മുസ്ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കണമെന്നും മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടിയുള്ള പ്രസംഗങ്ങളും സംസാരങ്ങളും ആണ് നടന്നിട്ടുള്ളത്. ഇതിന് പിന്നിലെ ഗൂഢാലോചന അടക്കം അന്വേഷിച്ച് പ്രസ്തുത സമ്മേളനത്തിലെ ഓരോരുത്തരുടെയും പ്രസംഗങ്ങള്‍ പരിശോധിച്ച് സംസാരിച്ചവരും പരിപാടിയുടെ സംഘാടകരുമായിട്ടുള്ള കുറ്റക്കാരായവര്‍ക്കെതിരെ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.ഐ.ഒ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും നടപടിയുണ്ടാകുന്നില്ല എന്ന സ്ഥിതിയാണെങ്കില്‍ ശക്തമായ സമര പരിപാടികളുമായി എസ്.ഐ.ഒ മുന്നോട്ട് പോകും.

മുസ്ലിം വിരുദ്ധ വംശീയ പ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന് കീഴില്‍ കേരള പോലീസ് സ്വീകരിച്ച് വരുന്നത്. അത് കൊണ്ടാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത്. നെയ്യാറ്റിന്‍കരയില്‍ വാളുമായി പഥസഞ്ചലനം നടത്തിയ ദുര്‍ഗ്ഗവാഹിനിയുടെയും വി.എച്ച്.പി യുടെയും നേതാക്കള്‍ക്കെതിരെ കേസെടുക്കാനും പോലീസ് തയ്യാറായിരുന്നില്ല. എസ്.ഐ.ഒ അടക്കമുള്ള സംഘടനകള്‍ പരാതി നല്‍കുകയും ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്ത ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്. എന്നാല്‍ ഇത് വരെയും ആരെയും അറസ്റ്റ് ചെയ്യാനോ യഥാവിധം അന്വേഷണം നടത്താനോ പോലീസ് തയ്യാറായിട്ടില്ല. പേരാമ്പ്രയിലെ ആര്‍.എസ്.എസ് വിദ്വേഷ പ്രകടനത്തിനെതിരെയും പോലീസ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഗതാഗതം തടസ്സപ്പെടുത്തിയതിന് മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

മുസ്ലിം സമുദായത്തിന് നേരെ നിരന്തരം വെറുപ്പ് വിതക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി ആര്‍.എസ്.എസ് മുസ്ലിം വംശഹത്യക്ക് കളമൊരുക്കുകയാണ്. അതിനെ സംരക്ഷിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

അന്‍വര്‍ സലാഹുദ്ദീന്‍ (ജന. സെക്രട്ടറി, എസ്.ഐ.ഒ കേരള), റഷാദ് വി.പി (സെക്രട്ടറി, എസ്.ഐ.ഒ കേരള), അഡ്വ. അബ്ദുല്‍ വാഹിദ് (സെക്രട്ടറി, എസ്.ഐ.ഒ കേരള), അഡ്വ. അനീസ് റഹ്മാന്‍ (മീഡിയ സെക്രട്ടറി , എസ്.ഐ.ഒ കേരള), ഷഹീന്‍ (സെക്രട്ടറി, എസ്.ഐ.ഒ തിരുവനന്തപുരം)

Print Friendly, PDF & Email

Leave a Comment

More News