യുവ കലാപ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ സ്‌ക്കോളര്‍ഷിപ്പുമായി സീ, ഗിവ് ഇന്ത്യ സംയുക്ത സംരംഭം

കൊച്ചി: രാജ്യത്തെ വളര്‍ന്നുവരുന്ന ബാല കലാകാരന്‍മാര്‍ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്‌കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. കലാപരമായ കഴിവ് പ്രകടമാക്കുന്ന മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് അവരുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്രമത്തിന് പിന്നിലുള്ളത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ഇന്ത്യന്‍ കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജനി നല്‍കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സ്‌ക്കോളര്‍ഷിപ്പിനെ കാണുന്നത്.

വിവിധ കലാരൂപങ്ങളിലായി എത്രയോ പ്രതിഭകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം തങ്ങളുടെ കഴിവുകള്‍ക്ക് പ്രചോദനം ലഭിക്കുന്നുള്ളൂ എന്ന് ആശങ്ക കാരണം വിവിധ കലാരൂപങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച കരകൗശല കലാകാരന്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായിട്ടാണ് കാണുന്നത്. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ അടുത്ത തലമുറയുടെ റോള്‍ മോഡലുകളാകാനും തങ്ങളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ സഹായിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബോണ്‍ ടു ഷൈനിലൂടെ സ്‌ക്കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, കുട്ടികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും വിജയത്തിലേക്ക് എത്തിക്കാനും കഴിയുന്ന ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. എപ്പോഴും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന സീ, ഗിവ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതിലൂടെ അസാമാന്യ പ്രതിഭകളെ പരിപോഷിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അവസരമാണ് ലഭ്യമായിരിക്കുന്നത്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഏതെങ്കിലും കലാരൂപത്തില്‍ വൈദഗ്ധ്യം നേടിയ 15 വയസില്‍ താഴെയുളള ഏത് പെണ്‍കുട്ടികള്‍ക്കും ബോണ്‍ ടു ഷൈന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. അപേക്ഷാ പ്രക്രിയ ആറാഴ്ചയോളം എടുത്താണ് പൂര്‍ത്തിയാക്കുന്നത്. എല്ലാ ഭാഷകളിലും എല്ലാ സംസ്ഥാനങ്ങളിലും നിന്ന് ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. ആദ്യ ഘട്ടത്തില്‍ 100 മുതല്‍ 300 വരെ ബാലപ്രതിഭകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. രാജ്യമെമ്പാടും നിന്നുളള 30 ഓളം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രാജ്യത്തെ അറുപതിനായിരത്തോളം സ്‌ക്കൂളുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു വിധത്തിലുമുള്ള വിവേചനമോ പക്ഷപാതമോ ഇല്ലാതെ ആയിരിക്കും ഇവരെ തെരഞ്ഞെടുക്കുന്നത്. മല്‍സരാര്‍ത്ഥികളെ വെര്‍ച്ച്വലായിട്ടും നേരിട്ടുമാണ് തെരഞ്ഞെടുക്കുന്നത്.

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ മികവിനാണ് തങ്ങള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്ന് സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഉമേഷ് .കുമാർ ബന്‍സാല്‍ പറഞ്ഞു. അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെ മികച്ചയിടം ആക്കാനുളള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും ആ ശ്രമങ്ങളുടെ ഫലമാണ് ബോണ്‍ ടു ഷൈന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാകാരന്‍മാരുടേയും ബാല പ്രതിഭകളുടേയും ലോകത്തിന് വലിയൊരു മാറ്റം വരുത്താന്‍ ഈ സംരംഭം സഹായകരമാകും. അവരുടെ കഴിവുകള്‍ കാണുന്നത് ഏറെ സന്തോഷകരമാണെന്നും അസാധ്യമായത് നേടുന്നതില്‍പരം ആവേശകരമായി മറ്റൊന്നുമില്ലെന്നും ഉമേഷ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.

രജിസ്റ്റർ ചെയ്യാൻ https://borntoshine.in/apply/ ക്ലിക്ക് ചെയ്യുക

Print Friendly, PDF & Email

Leave a Comment

More News