പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

പ്രവാചക നിന്ദയുടെ നേർത്ത അലകൾ അതിർവരമ്പുകൾ താണ്ടിയെത്തിയത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്. അതിനെ ഭക്തിനിർഭരമായ മിഴികളോടെ കാണാൻ സാധിക്കില്ല. നിലാവിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില രാജാക്കന്മാർ ഇതര മത വിശ്വാസികളോട് കാട്ടുന്ന അസഹിഷ്ണത ഞാനും ഗൾഫിലുണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. എന്നാലും അവർ മലയാളികളുടെ പോറ്റമ്മയാണ്.
ഇന്ത്യയിൽ അച്ചടക്കമില്ലാതെ വളർന്നവർ ഗൾഫിൽ പോയി വന്നപ്പോൾ അച്ചടക്കമുള്ളവരായിട്ടാണ് കാണുന്നത്. ലോകത്തു് ഏറ്റവും കൂടുതൽ പ്രവാചകന്മാരെ സമ്മാനിച്ചത് ഇസ്രായേൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അവസാനത്തെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബിയെ കാണുന്നത്. പ്രവാചകന്മാരിൽ പ്രവാചകനായി കാണുന്നത് യേശുക്രിസ്തു തന്നെ.

മന്ത്രാക്ഷരങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ വർഗ്ഗീയവാദികളാണ് ഒരു പ്രവാചകനെ കൈകൊട്ടിക്കളിച്ചത്. അതിന് വീണമീട്ടാൻ പാക്കിസ്താനിൽ നിന്നുള്ള മതതീവ്രവാദികളും അരങ്ങിലെത്തി. രാജ്യം ഭരിക്കുന്ന പാർട്ടി വക്താക്കളുടെ ബോധപൂർവ്വമായ വാക്കുകൾ ശുദ്ധി നൽകി പീഠമിട്ട് ആദരിക്കാൻ പ്രധാനമന്ത്രിയും തയ്യാറായില്ല. ഇതിലൊക്കെ ഇത്ര അസഹിഷ്ണത എന്തിനെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്തായാലും ആകാശവാണം പോലെ മുകളിലേക്ക് വിട്ടത് വാനക്കുറ്റിപോലെ കിഴോട്ട് വന്നത് ഒരു രാജ്യത്തിന്റെ ഇന്നത്തെ മതേതര സ്വഭാവത്തെ അറിയാനും അളക്കാനും ലോക ജനതക്ക് സാധിച്ചു. മനുഷ്യ ഹൃദയത്തിൽ നിന്ന് വരുന്ന മലിന വാക്കുകൾ പലപ്പോഴും വായുവിൽ അലിഞ്ഞുചേരുകയാണ് പതിവ്. ഇവിടെയത് കൊടുംങ്കാറ്റിന്റെ വേഗതയിൽ പടർന്നു. വികല മനസ്സുള്ളവരുടെ മനസ്സിൽ കുടികൊള്ളുന്ന വിഷസർപ്പമാണ് ഭീകരത, മതഭ്രാന്ത്. മനസ്സിന്റെ ചാഞ്ചല്യം വെളിപ്പെടുത്തുമ്പോൾ ലോകാപവാദമൊന്നും ഈ കൂട്ടർ പരിഗണിക്കാറില്ല. കോഴിക്കുഞ്ഞിന് ചിറകുകൾ മുളെക്കുന്നതുപോലെയാണ് പിറന്നു വീഴുന്ന കുഞ്ഞിന്റെ മനസ്സിൽ മതത്തിന്റെ ഭ്രാന്തൻ കോശങ്ങൾ കുത്തിനിറച്ചു് മനുഷ്യരെ മത-മനോരോഗികളാക്കുന്നത്. ജീവിത കാലം മുഴുവൻ മനുഷ്യർ എന്തിനാണ് മതങ്ങളെ ചുമക്കുന്നത്?

ഓരോ സംസ്‌ക്കാരങ്ങളും പടുത്തുയർത്തപ്പെട്ടത് വർണ്ണവർഗ്ഗജാതി വിവേചനങ്ങളിൽ ജീവിക്കാനല്ല അതിലുപരി സന്തോഷത്തോടെ ഈ മണ്ണിൽ ജീവിക്കാനാണ്. ഇന്ന് മനുഷ്യത്വത്തിന് മീതെ മതങ്ങൾ കഴുകനെപ്പോലെ പറന്നു തുടങ്ങി. ഇന്ത്യയിൽ പ്രവാചകനിന്ദക്കെതിരെ മലവെള്ളംപോലെ പ്രതിഷേധങ്ങൾ കുതിച്ചു പൊങ്ങുന്നു. യൂ.പി. ബീഹാർ, ബംഗാൾ തുടങ്ങി പലയിടത്തും സംഘർഷങ്ങൾ, വെടിവെപ്പിൽ മരണം, അറസ്റ്റ്, കേസുകൾ നടക്കുന്നു. ഒരു ടെലിവിഷൻ ചർച്ചയിൽ പാർട്ടിയുടെ വക്താവ് മറ്റൊരു മത പ്രവാചകനെ കണ്ടത് എതിരാളിയായിട്ടാണ്. മിത്രമായിട്ടല്ല. അത് ആ വ്യക്തിയുടെ സംസ്‌ക്കാര ശൂന്യതയാണ് തുറന്നുകാട്ടിയത്. ആ വാക്കുകൾക്ക് നിറക്കൂട്ട് പകരാൻ ഗൾഫിൽ പാക്കിസ്താനികളെങ്കിൽ ഇന്ത്യയിൽ മത മൗലിക വാദികൾ ജനങ്ങളെ തെരുവിലിറക്കുന്നു. നാവുകൊണ്ടുള്ള ഏത് കൊലവിളിക്കും പശ്ചാത്താപമാണ് വേണ്ടത് അല്ലാതെ സമൂഹത്തിൽ അസന്തുഷ്ടിയും വെറുപ്പുമല്ല വളർത്തേണ്ടത്.ഇങ്ങനെ സോഷ്യൽ മീഡിയയിൽ അകാ രണമായി എത്രയോ പ്രമുഖ വ്യക്തികളെ വിവരദോഷികൾ അപമാനിക്കുന്നു. അവിടേക്ക് പ്രതികാരദാഹികളായി കൂട്ടം കൂടിയെത്തി ജീവൻ വെടിയുന്നതിനേക്കാൾ വി.ഖു. (13.28) പഠിപ്പിക്കുന്നത് ‘അല്ലാഹുവെപ്പറ്റിയുള്ള ഓർമ്മകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’.ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസിയിൽ കാണേണ്ടത് കരുണയും സമാധാനവുമാണ്. ഇപ്പോൾ നടക്കുന്നത് എന്ത് സമാധാന സന്ദേശമാണ്?

ഒരു വ്യക്തി, ജനത അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ ആദ്യം വേണ്ടത് അവനിലെ മതവിദ്വേഷം, വർഗ്ഗീ യത, ശത്രുത, അസൂയ അവസാനിപ്പിക്കണം. എല്ലാ പ്രവാചകന്മാരും, ഗുരുക്കന്മാരും മനുഷ്യരെ പഠിപ്പിച്ചത് പ്രകാശത്തിലേക്ക് വരാനാണ്. അല്ലാതെ മതത്തിലേക്ക് വരാനല്ല.’തമസോമാ ജ്യോതിർഗമയ’ (എന്നെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ചാലും).മതമനുഷ്യരുടെ മനസ്സിൽ ഇന്ന് തളം കെട്ടിക്കിടക്കുന്നത് അന്ധ കാരമാണ്. ആത്മാവിന്റെ, അക്ഷരത്തിന്റെ പ്രകാശമല്ല.ഇന്ത്യയുടെ പലഭാഗങ്ങളിലും മത വർഗ്ഗീയത ആളിക്ക ത്തിച്ചു് അധികാരം നിലനിർത്താൻ ശവപ്പറമ്പുകളാക്കിയത് നമ്മൾ കണ്ടു. മുൻപ് മതത്തിന്റെ വക്താക്കൾ പുരോഹിതർ ആണെങ്കിൽ ഇന്നത് രാഷ്ട്രീയക്കാർ കൈക്കലാക്കി മത പുരോഹിതരെ വക്താക്കളാക്കി വളർത്തുന്നു. മനുഷ്യമനസ്സുകളിൽ കുഴിച്ചുമൂടേണ്ട മതാന്ധതെയെ ഒപ്പം കൂട്ടി അറിവോ വിവേകമോയില്ലാത്തവ രുടെ മനസ്സിൽ മതം കുത്തിനിറച്ചു് വോട്ടുകൾ വാങ്ങി അധികാരത്തിലെത്തിക്കുന്നു. അധികാരത്തിലിരിന്ന് അഴിമതി നടത്തിയും വൻകിട മുതലാളിമാരിൽ നിന്ന് വാരിക്കൂട്ടിയ കൊള്ള മുതൽ മടിശീല വീർപ്പിക്കുന്നു, വിദേശത്തേക്ക് കടത്തുന്നു.പണമെന്നു പറഞ്ഞാൽ പിണവും വാ പിളർക്കുമെന്നാണ് പ്രമാണം.ആ പിണത്തിൽ മത വർഗ്ഗീയവാദികളും, സാമൂഹ്യവിരുദ്ധരും ഗുണ്ടകളും വളരുന്നു. അതിന്റെ ഒരു ഭാഗം നേതാക്കൾക്കും വക്താക്കൾക്കും കിട്ടുന്നു. അതിലൊരു പങ്ക് മത മയക്കുമരുന്നിനടിമപ്പെട്ടവരെ വേഷങ്ങൾ അണിയിച്ചു് റോഡിലിറക്കി അഴിഞ്ഞാടുന്നു. മതവികാരമിളക്കി വിട്ടവർക്ക് പട്ടും വളയും കീരിടവും കിട്ടുമ്പോൾ തെരുവീ ഥിയിൽ വന്നവർക്ക് പൊലീസ് മർദ്ദനം. ആശുപത്രി വാസം. ചിലരാകട്ടെ വേർപാടിന്റെ നൊമ്പരങ്ങളിൽ കഴി യുന്നു. ചുരുക്കത്തിൽ സ്വരക്ഷ തിരിച്ചറിയാതെ ജീവിതം നരകതുല്യമാക്കുന്നു. ജീവിതം നരകനഗരത്തിലേക്കുള്ള യാത്രയാക്കുന്നു. അവകാശ-അനീതിക്കെതിരെയായുള്ള പോരാട്ടം ഭരിക്കാനുള്ള അവകാശമാകരുത്.എന്തുകൊണ്ടാണിവർ ഗാന്ധിയൻ സമരമുറകൾ സ്വീകരിക്കാത്തത്?

മത വർഗ്ഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടുന്നവർക്ക് മതത്തിന്റെ മഹത്വം എന്തെന്നറിയില്ല. ഈശ്വര ചിന്തയുള്ളവർക്കും വിവേകികൾക്കും മത ചിന്തയില്ല. ഈ കപടസദാചാരവാദികൾ വികസിത രാജ്യങ്ങളെ കണ്ടുപഠിക്കണം. ബ്രിട്ടൻ ഒരു ക്രിസ്ത്യൻ രാജ്യമാണ്. ഇവിടെ എത്രയോ രാജ്യക്കാർ, വ്യത്യസ്ത മതക്കാർ ജീവിക്കുന്നു. വീടും നാടും വിട്ടുവന്ന മലയാളിപോലും ബ്രിട്ടനെപ്പറ്റി ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയത പറയാറില്ല. അവർ മതത്തേക്കാൾ മനുഷ്യ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ വർഗ്ഗീയവാദികൾ എന്തിനാണ് പുഴുക്കളെ പോലെ കുമിഞ്ഞുകൂടുന്ന മതനിന്ദകളിറക്കി എതിർപ്പിന്റെ നിന്ദകളാക്കി മാറ്റുന്നത്. ഇവർ ജാതിമതക്കാരുടെ വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കുന്ന ജീവിതത്തിൽ നിന്ന് ഭയന്നോടുന്ന ഭീരുക്കളാണ്. ജാതി മതങ്ങളെ പാലും നെയ്യും ചേർത്ത് പാകം ചെയ്തു കഴിച്ചാൽ മനസ്സിനെ ഏകാഗ്രമാക്കി പ്രാർത്ഥിക്കാനോ നിലവിലിരിക്കുന്ന അഴിമതി അതിക്രമങ്ങൾ അവസാനിപ്പിക്കാനോ സാധിക്കില്ല. ഈശ്വരന് ഒരു മതവുമില്ല. നന്മയുടെ പാതയിൽ സഞ്ചരിക്കുന്ന വിവേകമുള്ള മനുഷ്യർക്കും ഈ ആകാശഭൂമികയിൽ ഒരു രക്ഷക നേയുള്ളു അതാണ് ഈശ്വരൻ. ഇന്ത്യയിലെ യൂ,പി. മുഖ്യമന്ത്രി 34 വേദികളിൽ 100-ലധികം മത വിദ്വേഷ പ്രസംഗം ചുരുങ്ങിയ കാലയളവിൽ നടത്തി. ഇന്ത്യയെ പോലെ മതനിരപേക്ഷതയുള്ള ഒരു രാജ്യത്തു മതനിന്ദ, ന്യൂനപക്ഷ പീഡനങ്ങൾ മാത്രമല്ല നാഷണൽ ക്രൈം ബ്യുറോ കണക്ക് പ്രകാരം 1919-20 ൽ നടന്നത് 96% വർഗ്ഗീയ കലാപങ്ങളാണ്. 2015 അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിൽ വന്നപ്പോൾ പറഞ്ഞത് ‘ഇന്ത്യ എല്ലാം മതങ്ങളെയും ഒരുപോലെ കാണണം’.പ്രവാചക നിന്ദയിൽ അറബ് രാജ്യങ്ങൾ കണ്ണുരുട്ടിയപ്പോൾ ഇന്ത്യൻ ഭരണകൂടത്തിന്റെ മുഖം ലോകം കണ്ടു. ഇനിയും ലോക രാജ്യങ്ങൾകുടി കണ്ണുരുട്ടിക്കാണിക്കാൻ ഇടവരുത്തരുത്. വർഗ്ഗീയവിഷം തുപ്പുന്ന, മതസ്പർദ്ധ വളർത്തുന്നവരെ തുറുങ്കിലടക്കാൻ സർക്കാരുകൾ മുന്നോട്ട് വരണം. ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്നിൽ ദുഷിപ്പിക്കുന്നത് വിദേശ ഇന്ത്യക്കാർക്കും അപമാനമാണ്. മനുഷ്യർ ജനിച്ച മണ്ണിൽ മനസമാധാനത്തോടെ ജീവിച്ചു മരിക്കട്ടെ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News