28 വർഷം മുമ്പ് അച്ഛൻ തനിക്ക് വേണ്ടി ബലിയർപ്പിച്ച മെഡൽ മകൻ വീട്ടിലെത്തിച്ചതിന്റെ അവിശ്വസനീയമായ കഥ

ഫ്രാങ്ക് ഹേവൻസ്, അദ്ദേഹം താമസിക്കുകയും പരിശീലിക്കുകയും ചെയ്ത പോട്ടോമാക് തീരത്തുള്ള അദ്ദേഹത്തിന്റെ “ബാച്ചിലർ ക്യാമ്പിന്” മുന്നിൽ. ചിത്രം കടപ്പാട്: ഹേവൻസ് കുടുംബം.

ചിലപ്പോൾ ജീവിതത്തിൽ വളരെ വിചിത്രമായ സംഭവങ്ങൾ നാം കാണാറുണ്ട്. അത് നമ്മുടെ വിധിയെ നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ പങ്കിനെ സൂചിപ്പിക്കുന്നു. സിനിമകളില്‍ പലപ്പോഴും ഇത്തരം നാടകീയ സംഭവങ്ങൾ നാം കാണാറുണ്ട്. എന്നാൽ, ഇടയ്ക്കിടെ ഒരു യഥാർത്ഥ സംഭവം നമ്മൾ സ്ക്രീനിൽ കാണുന്നതിനേക്കാൾ നമ്മെ അമ്പരപ്പിക്കുന്നു. പിതൃദിനത്തെ അനുസ്മരിച്ചുകൊണ്ട്, ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

1924-ൽ പാരീസിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കയുടെ മുൻനിര കനോയിസ്റ്റുകളിലൊരാളായ ബില്‍ ഹേവന്‍സ് ആവേശഭരിതനായി. എന്നാൽ, അദ്ദേഹത്തിന് ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നു. ഗെയിംസില്‍ അദ്ദേഹം പങ്കെടുക്കുന്ന ഏതാണ്ട് അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു.

അതിനാൽ അദ്ദേഹത്തിന് രണ്ട് ഓപ്ഷനുകളുണ്ടായിരുന്നു. ഒന്നുകില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് പാരീസിൽ ഗെയിംസില്‍ പങ്കെടുക്കണമോ അതോ ഭാര്യ പ്രസവിക്കുമ്പോൾ അമേരിക്കയില്‍ ഭാര്യയോടൊപ്പം തങ്ങളുടെ ആദ്യത്തെ കണ്മണിയെ കാണണമോ? ഗെയിംസിന് പോയാൽ സ്വർണ മെഡൽ നേടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ, വലിയ ചോദ്യം ഇതായിരുന്നു – ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് അവിടെ ഉണ്ടാകാതിരുന്നാലോ? ദിവസങ്ങളോളം അദ്ദേഹം മനസ്സിൽ ആ ചോദ്യവുമായി മല്ലിട്ടു.

പലരും പലതരം ഉപദേശങ്ങൾ നൽകി. ഗെയിംസിന് പോകണമെന്ന് ചിലർ ശുപാർശ ചെയ്തു. എല്ലാത്തിനുമുപരി, വളരെ കുറച്ച് കായികതാരങ്ങൾക്ക് മാത്രമേ ഒളിമ്പിക്സിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ബഹുമതി ലഭിക്കുന്നുള്ളൂ. മറ്റുള്ളവർ അദ്ദേഹത്തോട് വീട്ടിൽ തന്നെ തുടരാൻ ഉപദേശിച്ചു. ഒരു കുട്ടി ദൈവത്തിന്റെ വരദാനമാണ്…അനുഗ്രഹമാണ്…. അതിനേക്കാൾ വലുത് മറ്റെന്താണ്?

അങ്ങനെ ബിൽ ഹാവൻസ് ഏറെ ആലോചനകൾക്കുശേഷം, ഹൃദയഭാരത്തോടെ, യുഎസ് ടീമിലെ സ്ഥാനം ഉപേക്ഷിച്ച് ഒളിമ്പിക് ഗെയിംസിൽ നിന്ന് അദ്ദേഹം പുറത്തായി. അദ്ദേഹം നേടുമെന്ന് പ്രതീക്ഷിച്ച സ്വർണ്ണ മെഡൽ മറ്റൊരു മത്സരാർത്ഥിക്ക് കിട്ടി. അതിനുശേഷം ബിൽ ഹാവൻസ് ശ്രദ്ധയിൽപ്പെടാതെ പോയി. ശിഷ്ടകാലം സ്വസ്ഥമായ ജീവിതം നയിച്ച അദ്ദേഹം കുടുംബ കാര്യങ്ങളുമായി മുന്നോട്ടു പോകവേ മാധ്യമങ്ങൾ അദ്ദേഹത്തെ വിസ്മരിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ അയാൾ ചിന്തിച്ചിട്ടുണ്ടാകണം, എന്താണ് സംഭവിക്കാനിടയുള്ളതെന്ന്. തന്റെ ഭാര്യയെ പരിചരിക്കാനും, തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനം കാണാനും, കൊച്ചുകുട്ടിയുടെ ജീവിതത്തിന്റെ ആദ്യ നിമിഷം അനുഭവിക്കാനും അദ്ദേഹം മനസ്സോടെ ത്യജിച്ച പ്രശസ്തിയെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടാകണം.

തന്റെ മകന് ഫ്രാങ്ക് എന്ന പേര് നൽകി. അവൻ വളർന്നു, അവനും കനോയിംഗ് തന്റെ കായിക വിനോദമായി ഏറ്റെടുത്തു. തന്റെ പിതാവിന്റെ കഴിവുകളും കരുത്തും പാരമ്പര്യമായി ലഭിച്ച പോലെ, 1952-ൽ ഹെൽസിങ്കിയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ യുഎസ്എയെ പ്രതിനിധീകരിക്കാൻ ഫ്രാങ്കും തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് ബില്‍ ഹാവന്‍സ് തന്നെയാണ് ഫ്രാങ്കിനേയും പരിശീലിപ്പിച്ചത്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹത്തായ നിമിഷമായിരുന്നു അത്. ഒരു സ്വർണ്ണ മെഡൽ നേടാനുള്ള അവസരം തന്റെ പിതാവിന് നഷ്ടമായിട്ട് ഇരുപത്തിയെട്ട് വർഷങ്ങൾ കഴിഞ്ഞു.

ഫ്രാങ്ക് 1948-ൽ ലണ്ടനിൽ വെള്ളി മെഡൽ നേടിയിരുന്നുവെങ്കിലും അത് മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തനിക്കുവേണ്ടി അച്ഛൻ ഉപേക്ഷിച്ച ആ സ്വർണ മെഡൽ തന്നെ നേടണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഫ്രാങ്ക്. 10,000 മീറ്റർ ഓട്ടത്തിൽ അദ്ദേഹം പങ്കെടുത്തു, അത് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തിരമാലകൾ രൂക്ഷമായതും യാത്ര ദുഷ്‌കരവുമായ ഉൾക്കടലിലാണ് മത്സരം നടന്നത്.

എന്നാൽ 28 വർഷം മുമ്പ് തന്റെ പിതാവ് തനിക്കുവേണ്ടി ത്യജിച്ച മെഡൽ വീട്ടിലേക്ക് കൊണ്ടുവരാൻ ഫ്രാങ്ക് ഹാവൻസ് തീരുമാനിച്ചു. കഠിനമായ പോരാട്ടത്തിന് ശേഷം, അദ്ദേഹത്തിന്റെ പോരാട്ട വീര്യം ഒടുവിൽ അദ്ദേഹത്തിന് വിജയം നൽകുകയും ചെക്ക് റിപ്പബ്ലിക്കിലെ എതിരാളിയായ ആൽഫ്രഡ് ജിന്ദ്രയെ എട്ട് സെക്കൻഡ് വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. അതിനിടയിൽ അദ്ദേഹം ഒരു പുതിയ ലോക റെക്കോർഡും സ്ഥാപിച്ചു. ആഹ്ലാദഭരിതനായ ഫ്രാങ്ക് ഹേവൻസ് ആദ്യം ചെയ്തത് അമേരിക്കയിലുള്ള തന്റെ പിതാവ് ബില്ലിന് ഒരു ടെലിഗ്രാം അയയ്ക്കുക എന്നതാണ്.
അദ്ദേഹം എഴുതി: ”ഡാഡ്… ഞാൻ സ്വർണ്ണ മെഡൽ നേടി. 28 വർഷം മുമ്പ് അങ്ങ് എനിക്കുവേണ്ടി ഉപേക്ഷിച്ച മെഡൽ ഞാൻ വീട്ടിലേക്ക് കൊണ്ടുവരുന്നു. ഈ മെഡലിന് ശരിക്കും അര്‍ഹന്‍ അങ്ങാണ്…..”

നവജാതശിശുവിന് ഒളിമ്പിക്‌സ് സ്വർണ മെഡൽ നേടാനുള്ള അവസരം ത്യജിച്ച ബിൽ ഹാവൻസിന് 28 വർഷത്തിനുശേഷം അതേ മകൻ സ്വർണമെഡൽ സമ്മാനിച്ചു. അത്തരം കാര്യങ്ങൾ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ.

കെട്ടുകഥയേക്കാൾ വിചിത്രമാണ് സത്യം എന്നൊരു ചൊല്ലുണ്ട്. ഈ സാഹചര്യത്തിൽ, അത് തീർച്ചയായും സംഭവിച്ചു. മകൻ ഫ്രാങ്ക് ഹെയ്‌സ് യു‌എസ്‌എയിലെ ഏറ്റവും വിജയകരമായ കനോയിസ്റ്റായി, ദീർഘകാലം ജീവിച്ചു. 2018 ജൂലൈയിൽ 93-ആം വയസ്സിൽ അന്തരിച്ചു. ഇന്നുവരെ, ഒളിമ്പിക് ഗെയിംസിലെ സിംഗിൾസ് കനോയിംഗ് ഓട്ടത്തിൽ സ്വർണ മെഡൽ നേടിയ ഒരേയൊരു യുഎസ് താരമാണ് ഫ്രാങ്ക് ഹാവൻസ്.

Print Friendly, PDF & Email

Leave a Comment

More News