ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്നു ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് അടുത്ത മൂന്നു മാസത്തേക്കു ഫെഡറല്‍ ടാക്‌സിനു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡന്‍ കോണ്‍ഗ്രസിനെ സമീപിച്ചു. ബുധനാഴ്ചയാണ് ബൈഡന്‍ സെപ്റ്റംബര്‍ വരെ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കണമെന്നു കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടത്.

ഗ്യാസൊലിനു ഗ്യാലന് 18 സെന്റും ഡീസലിന് 24 സെന്റുമാണു ഫെഡറല്‍ ടാക്‌സ് ഈടാക്കുന്നത്.സംസ്ഥാന ടാക്‌സും, ഓയില്‍ കമ്പനികളുടെ ടാക്‌സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഗ്യാസ് വില കൂടിയതിനു റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഓയില്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു ബൈഡന്‍ പറഞ്ഞു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവു അനുഭവപ്പെട്ടിട്ടും ഗ്യാസിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനേയും ബൈഡന്‍ വിമര്‍ശിച്ചു. ഒരു ഗ്യാലന്‍ ഗ്യാസിനു നാഷനല്‍ ആവറേജ് 5 ഡോളറാണ്. ഈ വര്‍ഷാരംഭത്തിനു മുമ്പു അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി ഗ്യാസ് വില 4.14 ഡോളറായിരുന്നു. 2008 ജൂലൈ മാസമാണ് ഇത്രയും ഉയര്‍ന്ന ഗ്യാസ് വില രേഖപ്പെടുത്തിയത്.

ഗ്യാസ് വില ഉയരുന്നതു നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു ബൈഡന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Print Friendly, PDF & Email

Leave a Comment

More News