ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം; ജൂലൈ 4 മുതൽ 10 വരെ

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 2022, ജൂലൈ 4 മുതൽ 10 വരെ നടക്കും. സാക്ഷാൽ ഗുരുവായൂർ ക്ഷേത്രത്തിലേതുപോലെ തന്നെ താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകളാണ് നടക്കുന്നത്. ഇത് ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനും അതുവഴി അവിടെ ദർശനത്തിനെത്തുന്ന ഭക്തരുടെ അഭിവൃദ്ധിക്കും കാരണമാകും.

പുതിയ അമ്പലത്തിന്റെ പ്രതിഷ്ഠ നടക്കുന്നതിന് മുമ്പുതന്നെ ഗുരുവായൂരപ്പനുമായി ഒരാത്മബന്ധം നമ്മുടെ മനസ്സിൽ ജനിച്ചു എന്നു വേണം പറയാൻ. ഒരല്പം പുറകിലേക്ക് പോകാം. കൈയ്യും മനസ്സും ശുദ്ധമാക്കി നമ്മൾ നാരായണനാമം തൊട്ടു ജപിച്ച നെന്മണികൾ, നിധിയായി ഭഗവാന്റെ കാൽച്ചുവട്ടിലുണ്ട്. നാരായണീയകവചം തൊട്ടു ജപിച്ചു സമർപ്പിച്ച ഇഷ്ടികകൾ കൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഭഗവാൻ ഇരുന്നരുളുന്നത്. ഒരുപക്ഷേ കേരളത്തിലായിരുന്നെങ്കിൽ പോലും നമുക്ക് ഈ ഭാഗ്യം ഇത്ര സുലഭമായി നമുക്ക് ലഭിക്കുമോ?

സന്ധ്യാസമയത്ത് അമ്പലത്തിൽ ചെല്ലുമ്പോൾ നാട്ടിലെത്തിയ പ്രതീതിയാണ്. പല സ്ഥലങ്ങളിലായി ഇരുന്നു ജപിക്കുന്ന തിരുമേനിമാർ, നാമജപത്തോടെ വലം വെച്ചു പ്രാർത്ഥിക്കുന്ന ഭക്തർ. ദീപാരാധന സമയത്ത് വിളക്കുകളുടെ പ്രഭയിൽ തെളിയുന്ന ശ്രീഗുരുവായൂരപ്പന്റെ മുഖം. മനസ്സ് നിറയാൻ മറ്റെന്തു വേണം.

ഒരിക്കൽ ഭക്തി മനസ്സിൽ നിറഞ്ഞാൽ ആത്മോന്നതിക്കുള്ള ആഗ്രഹം ഉണ്ടാകും. അതിന് സഹായിക്കുന്ന അനേകം പ്രഭാഷണങ്ങളും ക്ലാസ്സുകളും GTOB സംഘടിപ്പിക്കുന്നുണ്ട്. അവനവന്റെ സമയത്തിനും അഭിരുചിക്കും ചേരുന്ന ക്ലാസ്സുകളിൽ ചേരാൻ ശ്രമിക്കണം.

അതുപോലെ പല വഴിപാടുകളും ചെയ്യാനുള്ള അവസരങ്ങളും ഉണ്ട്. വഴിപാട് ഈശ്വരന് നൽകുന്ന കൈക്കൂലിയിണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. എന്താണ് വഴിപാട്? വഴിമുട്ടുന്ന സമയത്ത് കൂടെ നിൽക്കുന്ന ഈശ്വരന് നമ്മൾ സമർപ്പിക്കുന്ന നന്ദിയാണത്. ഈശ്വരൻ കൂടെയുണ്ടെന്ന വിശ്വാസമാണ് പല വിഷമഘട്ടത്തിലും നമ്മുടെ ശക്തി.

നമുക്ക് ശക്തി നൽകുന്ന അമ്പലം നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വഴിപാടിലൂടെ വരുന്ന പണം ഭക്തിയും നന്ദിയും നിറഞ്ഞതാണ്. അതിൽ അഹങ്കാരം ഉണ്ടാകില്ല അല്ലെങ്കിൽ ഉണ്ടാകരുത്. അങ്ങനെ വരുന്നവ ദേവസ്വമാകും. ദേവസ്വത്തിലേക്കു നൽകുന്ന ധനം നമുക്കാവശ്യം വരുമ്പോൾ പലരൂപത്തിൽ നമ്മുടെ തന്നെ കയ്യിലേക്ക് തിരിച്ചെത്തും. അത് ആവശ്യത്തിനുതകുന്ന ധനമായോ അനുഗ്രഹമായോ കരുതലായോ ആവാം.

ഉത്സവങ്ങളും കലാപരിപാടികളും വളരെ സന്തോഷം തരുന്നവയാണല്ലോ. വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവർക്കും പങ്കെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News