ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍

വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും.

വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം അവിടെ ആയിരുന്നു. നല്ലതും ഒപ്പം ഓർക്കാൻ ഇഷ്ടമില്ലാത്തതുമായ ഒരു പിടി ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വീട്.

മനുഷ്യർക്ക്‌ മാത്രമല്ല വീടുകൾക്കും ആത്മാവുണ്ടാകും. ഒരായുസ്സ് മുഴുവൻ പലതരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യരെ ഉൾക്കൊണ്ട്‌ അവരുടെ തേയ്മാനം കൂടി ഏറ്റു വാങ്ങിയവർ ആയിരിക്കും എല്ലാ വീടുകളും. നിശബ്‍ദം സഹിക്കുന്നവർ. പൊലിഞ്ഞു വീണു കഴിഞ്ഞാലും അവിടെ താമസിച്ച മനുഷ്യർക്കൊപ്പം ആ ആത്മാവും കൂടെ സഞ്ചരിക്കുന്നുണ്ടാകും.

എന്റെ സ്വപ്നങ്ങളിലെ കേന്ദ്രകഥാപാത്രമായി ആ വീട് കൂടെ ഉണ്ടാകാറുള്ളത് എപ്പോഴും അത്ഭുതപെടുത്താറുണ്ട്. ജീവിതത്തിന്റെ പത്തിരുപത് വർഷം മാത്രമേ ഞാനാ വീട്ടിൽ താമസിച്ചിട്ടുള്ളു ബാക്കി പതിനേഴു കൊല്ലകാലമായി
ഭർതൃഗൃഹത്തിലും. ഇത്രമേൽ ആഴത്തിൽ കൂടെ പോരണമെങ്കിൽ അത്രയാഴത്തിൽ ഒരു കാലത്ത് എന്നെ സ്വാധീനിച്ചു കാണണം.

ഇന്നലെ എന്റെ സ്വപ്നത്തിൽ ആ വീട് നല്ല ഐശ്വര്യത്തോടെ എന്നാൽ, നീലം കലക്കിയ കഞ്ഞി വെള്ളത്തിൽ മുക്കി എടുത്തുണക്കിയ മല്ല് മുണ്ടുപോലെ സ്വല്പം നീലിച്ചും എന്നാൽ തെളിമയോടെയും നിന്നിരുന്നു. അമ്മമ്മയുടെ മുണ്ടിനും ചുമരിനും പലപ്പോഴും ഒരേ നിറമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അന്നൊക്കെ കുമ്മായം തേക്യ എന്നായിരുന്നു പറയാറുണ്ടായിരുന്നത്. കുമ്മായം കലക്കുമ്പോൾ ലേശം നീലപൊടി കൂടി ചേർക്കും. വീടിനോട് ചേർന്ന് തന്നെ മണ്ണിന്റെ ഒരു കോഴികൂടും ഉണ്ടായിരുന്നു കോഴികൾക്കു കേറാൻ പാകത്തിൽ മരത്തിന്റെ ഒരു വാതിലും.

വരാന്തയിൽ ഇരുന്നാൽ സന്ധ്യയ്ക്ക് കാക്കകൾ കൂട്ടമായി പറന്നുപോകുന്നത് കാണുമായിരുന്നു. കുട്ടിയായ ഞാൻ ഒരുപക്ഷെ എണ്ണാൻ പഠിച്ചത് അങ്ങനെ ആണ്. നൂറും ഇരുനൂറും കാക്കകളെ എണ്ണി എണ്ണി ഒടുവിലത് കാക്കതൊള്ളയിരത്തിൽ അവസാനിപ്പിക്കും. ആ സമയത്താണ് അമ്മ ചോറ് വാരി തന്നിരുന്നത്.

മഴക്കാലത്തു മൈലാഞ്ചി കൈകൾ ഇറയത്തു നിന്നും വീഴുന്ന വെള്ളത്തിൽ നീട്ടി പിടിച്ചു നിൽക്കും. മഴവെള്ളത്തിൽ കുതിർന്നു നിൽക്കുന്ന കൈകളിൽ മൈലാഞ്ചി ചോപ്പ് തിണർത്തു നിൽക്കുന്നുണ്ടാകും. രാവിലെ കറുത്തിരുണ്ട മാനം പോലെ കൈയ്യും നഖവും ഇരുണ്ടു നിൽക്കും. തൊടിയിലെ മൈലാഞ്ചി ചോപ്പ്.

മാറി വന്നിരുന്ന ഋതുക്കൾ ഓരോന്നും ഓരോ അനുഭവങ്ങൾ ആയി സമ്മാനിച്ച ഇടം. മാർച്ചിൽ സ്കൂൾ അടച്ചു വരുന്ന കാലമായിരുന്നു അവിടെ എനിക്കേറ്റവും പ്രിയപ്പെട്ടത്. അണ്ണാറ കണ്ണൻമാരുമായി അടിപിടി കൂടി നാട്ടുമാങ്ങകൾ എറിഞ്ഞു വീഴ്ത്തി, വേനൽക്കാറ്റിൽ വായനയുമായി, തെക്കേ മലയിൽ കർണ്ണികരം പൂത്തതും നോക്കി സ്വപ്നം കണ്ടിരുന്ന കാലം. മണിക്കൂറുകളോളം എനിയ്ക്ക് ഞാൻ മാത്രമായി ഇരിക്കാൻ പറ്റിയിരുന്ന കാലം.

ഉത്തരത്തിലെ കൊളുത്തിൽ തൂക്കിയിടുന്ന തൂക്കു വിളക്കിന്റെ പ്രകാശത്തിൽ പടിഞ്ഞാറൻ ചക്രവാളത്തിലെ നിറങ്ങൾ നോക്കി ഞാനെന്റെ ക്യാൻവാസിൽ ചായകൂട്ടുകൾ പകർത്തിയിരുന്നു. പിന്നീട് അത്രയേറെ താല്പര്യത്തോടെ ചായകൂട്ടുകളിലേക്ക് മടങ്ങി പോകാൻ സാധിച്ചിരുന്നില്ല.

അവധി ദിവസങ്ങളിൽ പുസ്തകങ്ങളിൽ കണ്ട ചെടികളും തിരഞ്ഞു മലകയറി പോയിരുന്നത് പലപ്പോഴും കാട്ടുതെച്ചിയിൽ ചുറ്റി പിണഞ്ഞ മൂർഖനെ കണ്ട് പേടിച്ചൊരു തിരിച്ചു വരവിൽ അവസാനിപ്പിക്കും. വേനലിൽ മലഞ്ചരുവിൽ കാശാവ് ചെടികൾ വയലറ്റ് നിറത്തിൽ പൂത്തിരിക്കുന്നുണ്ടാകും. കൊമ്പ് നല്ല കട്ടിയുള്ള കുറ്റിചെടിയായിരുന്നു അത്. പൂക്കളുടെ ഭംഗികണ്ടു പറിക്കാന്‍ നോക്കിയാലും കൊമ്പുകൾ അടർത്തിയെടുക്കാൻ പറ്റില്ല.

പലപ്പോഴും സ്വപ്നത്തിൽ ഞാനാ മല കയറി പോകാറുണ്ട്. ഭംഗിയുള്ള മേടുകളും കാറ്റും. മഴ പെയ്യുമ്പോൾ അങ്ങ് ദൂരെ കുന്നുകൾ വെള്ളവിരിച്ചു വരുന്നത് പോലെ തോന്നും. നിമിഷ നേരത്തിൽ മഴയുടെ വെൺപട്ടു നമ്മളെയും ചുറ്റി വരിയും. ഉള്ളിലെ അവസാന സങ്കടവും ചോർത്തിയെടുത്ത് കൊണ്ട് മഴയൊടുവിൽ തെന്നി നീങ്ങി പോകും.

മഴക്കാലം ഏറ്റവും മനോഹരമായതും ദുരിതപൂർണമായതും അവിടെ ആയിരുന്നു. മഴയിൽ മുറ്റവും മതിലും എല്ലാം ഉറവെടുത്തു കുതിർന്നു നിൽക്കും. മഴയൊഴിഞ്ഞ തെളിച്ചത്തിലും ഉറവ് പൊട്ടിയ വെള്ളം തെളിനീരായി ഒഴുകി കൊണ്ടിരിക്കുന്നുണ്ടാകും.

സ്കൂളിൽ നിന്നും വരുന്ന ഇടവഴികൾ എല്ലാം തന്നെ നീരോഴുകികൊണ്ടിരുന്ന ചെറുതോടുകൾ പോലെ ആയിരുന്നു..തിരികെ വീടെത്തുമ്പോൾ കിട്ടുന്ന സന്തോഷം ചെറുതായിരുന്നില്ല. അപ്പോഴേക്കും കാലെല്ലാം ഉറവ വെള്ളത്തിൽ കുതിർന്നു പൊട്ടി തൊലിളകി കാണും. പിന്നെ കർലേകത്തിന്റെ ഇല പറിച്ചു പിഴിഞ്ഞു നീരെടുത്തു വയ്ക്കും. നാടൻ മരുന്നുകൾ അനവധി വളർന്നിരുന്ന തൊടികൾ.

മഴ നോക്കി ചാരുപടിയിൽ പുസ്തകങ്ങളുമായി കൂട്ട് കൂടിയാകാലത്ത് തുടങ്ങിയതാണ് ഈ വായനാപ്രിയം. ഇന്നൊരു പക്ഷേ വായനയുടെ ആ പൂക്കാലം നഷ്ടമായതുപോലെയാണ്. അക്ഷരങ്ങളെ എനിക്കൊപ്പം കൈപിടിച്ച് നടത്തിയ ലോകം തന്നെ ഇല്ലാതായി.

പെരുംമഴക്കാലത്തു അടുപ്പിൽ ചിരട്ട കത്തിച്ച് ഇസ്തിരി ഇട്ടു യൂണിഫോം ഉണക്കി വേണമായിരുന്നു പോകാൻ. നല്ല തണുപ്പിൽ ഇളം ചൂടുള്ള യൂണിഫോമിൽ വീണ്ടും മഴതുള്ളികൾ തെറിപ്പിച്ചു സ്കൂളിലേക്ക്. എണ്ണിയാലൊടുങ്ങാത്ത ഓർമ്മകളുടെ കലവറയായിരുന്നിടം.

ഞാൻ മറന്നുവെന്ന് തോന്നുമ്പോൾ വീണ്ടുമെന്നെ ഓർമ്മിക്കാൻ വീടാത്മാവ് കൂടെയുണ്ട്. പാർവ്വതി പൂക്കളും ചെമ്പരത്തിയും വിവിധ നിറത്തിലുള്ള തെച്ചിപൂക്കളും ഇന്നലെയും വിരിഞ്ഞു നിന്നിരുന്നു. കൊല്ലത്തിലൊരിക്കൽ ഒരു പൂ മാത്രം തന്നിരുന്ന മുല്ലയിന്നലെ നിറയെ പൂത്തിരുന്നു. രാത്രിയുടെ ഏതോ ഗന്ധർവ്വ യാമത്തിൽ ഏതോ യക്ഷികഥയിലെ ഗന്ധർവ്വനെ ഞാനും സ്വപ്നം കണ്ടിരുന്നു. അന്നെല്ലാം ആ മുല്ലയിൽ ഒരു പൂ വിരിഞ്ഞു നിൽക്കും. രാവിലെ മുറ്റമടിക്കുമ്പോൾ അറ്റം നിറം മാറിയ മുല്ലപ്പൂ അപ്പോഴും എനിക്കായി സുഗന്ധം ചൊരിഞ്ഞിരുന്നു. സന്ധ്യക്കു ഒളിഞ്ഞിരുന്ന ആ മുല്ലമൊട്ടിൽ എന്റെ ഗന്ധർവസാന്നിധ്യം ഞാൻ അറിയാൻ തുടങ്ങി.

പിന്നീടെന്നും സന്ധ്യയ്ക്ക് ഗന്ധരാജ പൂവിന്റെ മണവും പിടിച്ചു ഞാനാ തെങ്ങിൻ തറയിൽ കയറി ഇരിക്കും. ഒടുവിൽ അമ്മയുടെ വിളിയാകും എന്നെയാ സ്വപ്ന ലോകത്തുനിന്നും ഉണർത്താറുള്ളത്. ആകാശത്തപ്പോൾ ഒരൊറ്റ നക്ഷത്രം തിളങ്ങി നിൽക്കുണ്ടാകും… എന്റെ ഗന്ധർവ്വൻ.

ഓർമ്മകളെ തള്ളിനിറയ്ക്കുന്ന മറ്റൊരു സ്വപ്ന രാത്രിക്കായി വീണ്ടും കാത്തിരിപ്പോടെ… കുമ്മായമടർന്നു വീണ മൺചുമരുകളെ സാക്ഷിയാക്കി ഞാൻ ഇരിക്കുന്നു, മറന്നെന്നു തോന്നിയ പലതും ഓർത്തെടുക്കാൻ.

Print Friendly, PDF & Email

Leave a Comment

More News