എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു

ന്യൂഡൽഹി : പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങുന്ന ഒരു അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്.

ഇന്ന് വാദം കേൾക്കുന്നതിനിടെ ശർമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനോട് ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും അത് പിൻവലിക്കാൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.

അവരും അവരുടെ അയഞ്ഞ നാവും രാജ്യമാകെ അഗ്നിക്കിരയാക്കിയെന്നും രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് അവര്‍ (നൂപുര്‍ ശര്‍മ്മ) ഒറ്റയ്‌ക്ക് ഉത്തരവാദിയാണെന്നും “രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം” എന്നും സുപ്രീം കോടതി പറഞ്ഞു.

ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് അവരുടെ എടുത്തു ചാട്ടമാണ് ഉത്തരവാദിയെന്നും കോടതി പരാമര്‍ശിച്ചു.

അന്വേഷണത്തിനായി എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന ശർമ്മയുടെ അഭ്യർത്ഥന നിരസിച്ച ബെഞ്ച് അവരുടെ അഭിഭാഷകൻ മനീന്ദർ സിംഗിനോട് പറഞ്ഞു, “ഇല്ല, മിസ്റ്റർ സിംഗ്. കോടതിയുടെ മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനനുസരിച്ച് നിയമം രൂപപ്പെടുത്താൻ നമുക്കാവില്ല.” തുടര്‍ന്ന് ശർമ്മയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ഹർജി പിൻവലിച്ചു.

വാദത്തിനിടെ, ശർമ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന് സിംഗ് ബെഞ്ചിനോട് പറഞ്ഞപ്പോൾ, “അവര്‍ക്ക് ഭീഷണിയുണ്ടോ അതോ സുരക്ഷാ ഭീഷണിയായി മാറിയോ?” ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

“അവര്‍ രാജ്യത്തുടനീളം വികാരങ്ങൾ ജ്വലിപ്പിച്ച രീതി. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഒറ്റയ്‌ക്ക് ഉത്തരവാദിയാണ്,” ബെഞ്ച് പറഞ്ഞു.

“അവര്‍ എങ്ങനെ പ്രേരിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള ചർച്ച ഞങ്ങൾ കണ്ടു. പക്ഷേ, പത്തു വർഷത്തെ അഭിഭാഷകയായിരുന്നിട്ടു കൂടി അവര്‍ ഇതെല്ലാം പറഞ്ഞത് ലജ്ജാകരമാണ്. അവര്‍ രാജ്യമൊട്ടാകെ മാപ്പ് പറയണം,” സുപ്രീം കോടതി പറഞ്ഞു.

ജ്ഞാനവാപി കേസിനെക്കുറിച്ചുള്ള ചർച്ച നടത്തിയതിന് ടിവി ന്യൂസ് ചാനലിനെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. നൂപൂർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി നിരീക്ഷണങ്ങളെ അഭിനന്ദിക്കുന്നു എന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും കാരണമായ മുഹമ്മദ് നബിയെക്കുറിച്ചുള്ള ടിവി ന്യൂസ് ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശർമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Print Friendly, PDF & Email

Leave a Comment

More News