മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച്

മലപ്പുറം: മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ നീതി നിഷേധത്തെ തുറന്നെതിർക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.

പ്ലസ് വൺ ,ഡിഗ്രി പ്രവേശനത്തിന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മതിയായ പഠന അവസരം ഇല്ലാതെ മലബാർ ജില്ലകളിൽ പുറത്താക്കപ്പെടുന്നത്. മാറി മാറി വന്ന ഭരണകൂടങ്ങൾ വിദ്യാഭ്യസ മേഖലയിൽ മലബാറിനോടുള്ള ഈ വിവേചനത്തിൽ കുറ്റക്കാരാണ്.

താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നതാണ് ഹയർസെക്കണ്ടറി-ഡിഗ്രി മേഖലയിലെ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം. എന്നാൽ പ്രതിസന്ധിയെ കാര്യക്ഷമമായി പരിഹരിക്കുന്നതിനും ഇടപെടുന്നതിനും പകരം കേവലമായ ശ്രമങ്ങൾ കൊണ്ട് മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഗൗരകരമായ വിധി ഉണ്ടായിട്ടും നിഷേധാത്മക നിലപാട് തുടരുകായാണ്‌ സർക്കാർ ചെയ്യുന്നത്.

ബഹുജന മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പഠിക്കുന്നതിനുള്ള മൗലികാവകാശത്തെ റദ്ദു ചെയ്യാൻ സർക്കാറിന് അവകാശമില്ല. ഒരു പ്രദേശത്തോടുള്ള സർക്കാർ വിവേചനത്തിന്റെ പ്രശ്നമാണിത്. വംശീയ സ്വഭാവമുള്ള വിവേചനം കൂടിയാണിത്. ഒരു പ്രദേശത്തെ വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് സർക്കാർ തുടർന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹ്യ നീതി സങ്കൽപ്പമാണ് സർക്കാർ ഇതിലൂടെ ഇല്ലായ്മ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ചിനെ അഭിമുഖീകരിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സംസാരിച്ചു. വർഷംതോറും സർക്കാർ നടത്തുന്ന ചെപ്പടി വിദ്യകൾ മലപ്പുറത്തെ ഹയർസെക്കന്ററി പ്രശ്നത്തെ പരിഹരിക്കാൻ പര്യാപ്തമല്ലെന്നും സ്ഥിരം ബാച്ചുകളും അധിക ബാച്ചുകളും അനുവദിക്കുകയാണ് ശാശ്വത പരിഹാരമെന്നും പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാപ്രസിഡൻ്റ്  ജസിം സുൽത്താൻ അധ്യക്ഷത വഹിച്ചു. മലപ്പുറത്തെ ആളുകൾ ഇരട്ട പ്രവാസമാണ് അനുഭവിക്കുന്നതെന്നും ജോലിക്കായി വിദേശത്ത് പോകുന്നതുപോലെ തന്നെ വിദ്യാഭ്യാസത്തിനായി തെക്കൻ ജില്ലകളെയും അന്യസംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡൻറ് നാസർ കിഴുപറമ്പ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ, വൈസ് പ്രസിഡൻറ് സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.

മലപ്പുറം MSP സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ഷെഹിൻ ശിഹാബ്, സയ്യിദ് ഉമർ തങ്ങൾ, തഷ്‌രീഫ് കെ.പി, ഷാറൂൺ കോട്ടക്കൽ, അജ്മൽ തൊട്ടോളി, ഡോ. സഫീർ എ.കെ, മുഅ്മിൻ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News