കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംഗ് നടന്നതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി റാഗിംഗിന് ഇരയായതായി പരാതി. രണ്ട് അവസാന വർഷ വിദ്യാർത്ഥികളും ഒരു രണ്ടാം വർഷ വിദ്യാർത്ഥിയും റാഗിംഗിന് ഇരയാക്കിയെന്നാണ് പരാതി. ജൂണ്‍ 11 രാത്രിയാണ് സംഭവം. ഒന്നാം വർഷ വിദ്യാർത്ഥിയെ റെക്കോർഡ് എഴുതാൻ ആവശ്യപ്പെട്ട് മർദിച്ചതായി പരാതിയിൽ പറയുന്നു.

കോളജ് പ്രിന്‍സിപ്പാളിനാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ കോളജില്‍ റാഗിംഗ് വിരുദ്ധ സമിതിയുടെ യോഗം ചേര്‍ന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് വൈസ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രൊഫസര്‍മാരും ഒരു അസിസ്റ്റന്റ് പ്രൊഫസറുമാണ് സമിതിയിലുള്ളത്.

ഇവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി പോലീസിന് കൈമാറണോ എന്നതുൾപ്പെടെയുള്ള തുടർനടപടികൾ തീരുമാനിക്കും. കഴിഞ്ഞ മാർച്ചിലും ഇതേ കോളേജിൽ റാഗിംഗ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചു. അന്ന് 19 വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News