ചിമ്പാൻസി കട്ടൗട്ടിൽ എംഎം മണിയുടെ മുഖവുമായി മഹിളാ കോൺഗ്രസ്: പിന്തുണയുമായി കെ സുധാകരൻ

തിരുവനന്തപുരം: കെ കെ രമ എം‌എല്‍‌എയ്ക്കെതിരെ എം എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ച്. എംഎം മണിയെ ചിമ്പാൻസിയുടെ കട്ടൗട്ടായി ചിത്രീകരിച്ച് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ചിമ്പാൻസിയുടെ ശരീരത്തിൽ മണിയുടെ മുഖം ഒട്ടിച്ചാണ് പ്രതിഷേധ മാര്‍ച്ചില്‍ പ്രദര്‍ശിപ്പിച്ചത്.

കെ.കെ രമ എംഎല്‍എക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി. സംഭവം വിവാദമായതോടെ കട്ടൗട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു.

ഇതിനിടെ, മഹിള കോൺഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്‍ രംഗത്തെത്തി. അതുതന്നെയല്ലേ അദ്ദേഹത്തിന്‍റെ മുഖമെന്നായിരുന്നു അധിക്ഷേപത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്‍റെ മറുപടി. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്‌ടാവിനോടല്ലേ പോയി പറയേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment