നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ശ്രീലേഖയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഉപേക്ഷിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായി റിപ്പോർട്ട്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും അവര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥർക്ക് ശ്രീലേഖയെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് നിയമോപദേശമെന്ന് പറയപ്പെടുന്നു. അതിന്റെ കാരണം, അവര്‍ക്ക് സർവീസ് റൂൾ ബാധകമാണ്. അതുകൊണ്ട് ശ്രീലേഖയുടെ റാങ്കിന് താഴെയുള്ള ഒരു ഉദ്യോഗസ്ഥന് അവരെ ചോദ്യം ചെയ്യാന്‍ തയ്യാറാവില്ല. മാത്രമല്ല, റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്താൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാം.

തൃശൂർ സ്വദേശി കുസുമം ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമോ എന്ന് തീരുമാനിക്കാന്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. അതിന് ശ്രീലേഖയെ ചോദ്യം ചെയ്യണം. പക്ഷെ, വിരമിച്ച ഡിജിപിയെ ചോദ്യം ചെയ്യാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിരവധി പരിമിതികളുണ്ട്.

ഇനി അഥവാ ചോദ്യം ചെയ്യുകയാണെങ്കിലും ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മുന്‍പ് പല നടിമാരെയും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തതായി മറ്റുപലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനമെന്താണെന്നാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഉയരുന്ന ചോദ്യം. പ്രതിഭാഗം ശ്രീലേഖയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കും.

കള്ള സാക്ഷികളും തെളിവുകളും പോലീസ് സൃഷ്ടിക്കുന്നത് പതിവാണെന്ന ശ്രീലേഖയുടെ ആരോപണം സേനയെ മൊത്തത്തില്‍ തളര്‍ത്തുന്ന ഒന്നാണ്. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പോലീസുകാരെ പ്രതിക്കൂട്ടിലാക്കിയാണ് ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കാന്‍ ചില പോലീസുകാര്‍ കൂട്ടുനിന്നു എന്നാണ് ശ്രീലേഖയുടെ ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവര്‍ കത്തും നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ഒന്നും എടുത്തതായി അറിവില്ല.

ഇതും പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടെന്ന കാരണം മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടിവരും. ഉന്നതതലത്തില്‍ കേസില്‍ ഇടപെടലുണ്ടായി എന്ന വാദിഭാഗം ആരോപണത്തെ പ്രോസിക്യൂഷന് കോടതിയില്‍ സമ്മതിക്കേണ്ട അവസ്ഥയും വരും. ഇതെല്ലാം കണക്കിലെടുത്ത് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു അന്വേഷണം നടത്താതിരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശ്രീലേഖ ഈ വെളിപ്പെടുത്തലുകളെല്ലാം നടത്തിയത്. ഉന്നയിച്ച ആരോപണങ്ങളിലൊന്നും ശ്രീലേഖ ഉള്‍പ്പെട്ടിട്ടുമില്ല. സംഭവങ്ങള്‍ക്ക് സാക്ഷിയോ പരാതിക്കാരോ ഇല്ലെന്നതും ശ്രീലേഖയെ ഈ കേസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് ബാലചന്ദ്രകുമാര്‍ പല കാര്യങ്ങളിലും ഉള്‍പ്പെട്ടതുകൊണ്ട് മാത്രമാണ്. മാത്രമല്ല പലരുമായും ഉള്ള സംഭാഷണത്തിന്റെ ടേപ്പുകളും ചില തെളിവുകളും അദ്ദേഹം ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ബാലചന്ദ്രനെ കേസില്‍ ഉള്‍പ്പെടുത്തിയതു പോലെ ശ്രീലേഖയെ കൂടി ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അഭിപ്രായം.

Print Friendly, PDF & Email

Leave a Comment

More News