കർണ്ണന്‍ നേരിട്ട അപമാനം ഇനിയാരും നേരിടേണ്ടതില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളിലും രേഖകളിലും അമ്മയുടെ പേര് മാത്രമായാലും മതി: ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിലും മറ്റു തിരിച്ചറിയൽ രേഖകളിലും ഇനി മുതല്‍ അമ്മയുടെ പേര് മാത്രമായാലും മതിയാകുമെന്ന് ഹൈക്കോടതി. ഒരു ഇന്ത്യന്‍ പൗരന്റെ അവകാശമാണതെന്നും കോടതി ചൂണ്ടിക്കാട്ടി. അവിവാഹിതയായ യുവതിയില്‍ ജനിച്ച മകന്‍ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അവിവാഹിതയായ അമ്മയായാലും അവര്‍ക്ക് ജനിച്ച കുട്ടി രാജ്യത്തെ പൗരനാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആർക്കും എടുത്തുകളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പാസ്‌പോര്‍ട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേര്‍ത്തു നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് മാതാവ് ഗര്‍ഭിണിയായതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ തിരിച്ചറിയല്‍ രേഖകളില്‍ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്.

അവിവാഹിതരുടെയും ബലാത്സംഗത്തിനിരയായവരുടേയും മക്കളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ നിഷേധിക്കാൻ അധികാരികൾക്ക് കഴിയില്ലെന്നും, അവരുടെ സ്വകാര്യതയില്‍ കൈകടത്തുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക വ്യഥകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. മാതാപിതാക്കള്‍ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരില്‍ സ്വന്തം ജന്മത്തെ ശപിക്കുന്ന കര്‍ണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടതെന്നും ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാല്‍ പുതിയ കാലത്തെ കര്‍ണന്മാര്‍ക്ക് മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാനാവുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News