തദ്ദേശീയ സ്‌കൂൾ പീഡനത്തില്‍ ക്ഷമാപണം നടത്താൻ പോപ്പ് കാനഡയിലേക്ക് പുറപ്പെട്ടു

കത്തോലിക്കാ സഭയുടെ കീഴിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ പതിറ്റാണ്ടുകളായി പീഡനത്തിനിരയായ തദ്ദേശീയരോട് ഒരിക്കൽ കൂടി മാപ്പു ചോദിക്കാൻ പോപ്പ് ഫ്രാൻസിസ് റോമിൽ നിന്ന് കാനഡയിലേക്ക് പുറപ്പെട്ടു.

തദ്ദേശീയരായ കുട്ടികളെ സമൂഹത്തിലേക്ക് ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി വത്തിക്കാൻ കാനഡയിൽ തദ്ദേശീയ റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയിരുന്നു.

ഏകദേശം 150,000 തദ്ദേശീയരായ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി ജയിൽ പോലുള്ള സ്കൂളുകളിലേക്ക് കൊണ്ടുപോയി. അവിടെ അവർ ദുരുപയോഗം, ബലാത്സംഗം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് വിധേയരായി. തന്മൂലം അനേകം കുട്ടികൾ മരിക്കുകയും അവരെ അടയാളപ്പെടുത്താത്ത കുഴിമാടങ്ങളിൽ സംസ്ക്കരിക്കുകയും ചെയ്തു.

ഇക്കാര്യം അന്വേഷിക്കുന്ന സർക്കാർ സ്പോൺസേഡ് ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ 2015-ൽ ഫസ്റ്റ് നേഷൻ, ഇൻയൂട്ട്, മെറ്റിസ് സ്വദേശികൾക്കെതിരെ സഭ നടത്തിയ അതിക്രമങ്ങളെ “സാംസ്കാരിക വംശഹത്യ” എന്ന് വിശേഷിപ്പിച്ചു.

അതിക്രമങ്ങളിൽ സഭയുടെ പങ്കിന് അതിജീവിച്ചവരോട് വ്യക്തിപരമായി ക്ഷമാപണം നടത്തുന്നതിനുള്ള “സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും” “പശ്ചാത്താപ തീർത്ഥാടനം” എന്നാണ് 85 കാരനായ പോണ്ടിഫ് തന്റെ കാനഡ സന്ദർശനത്തെ വിശേഷിപ്പിച്ചത്.

ഏപ്രിലിൽ, കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധികൾ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂളുകളിൽ കുട്ടികൾക്കെതിരായ പീഡനത്തിനും മരണത്തിനും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കാൽമുട്ടിന് അസുഖം ബാധിച്ച്, സമീപകാല യാത്രകളിൽ ഊന്നുവടിയും വീല്‍‌ചെയറും ഉപയോഗിക്കാന്‍ നിർബന്ധിതനായ ലോകത്തിലെ കത്തോലിക്കരുടെ നേതാവിനെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ച എഡ്മന്റണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഔദ്യോഗികമായി സ്വീകരിക്കും.

ചൊവ്വാഴ്ച എഡ്മണ്ടണിൽ പതിനായിരക്കണക്കിന് വിശ്വാസികൾക്കൊപ്പം കുർബാന നടത്തിയ ശേഷം, മാര്‍പാപ്പ എഡ്മണ്ടനിൽ നിന്ന് 75 കിലോമീറ്റർ പടിഞ്ഞാറ് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ ലാക് സെന്റ് ആനിയിലേക്ക് പോകും.

“ഞാൻ അദ്ദേഹത്തെ കാണാൻ പോകുകയില്ലെന്ന് എഡ്മണ്ടനിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് സെന്റ് പോളിന് സമീപമുള്ള സാഡിൽ ലേക്ക് ക്രീ നാഷനിൽ നിന്നുള്ള 68 കാരിയായ ലിൻഡ മക്ഗിൽവറി പറഞ്ഞു. തന്റെ ബാല്യകാലത്തിന്റെ എട്ട് വർഷം ആ സ്കൂളുകളിലൊന്നിൽ ചെലവഴിച്ചതായി മക്ഗിൽവറി പറഞ്ഞു.

“റെസിഡൻഷ്യൽ സ്‌കൂളിലായതിനാൽ എനിക്ക് എന്റെ സംസ്‌കാരവും വംശപരമ്പരയും നഷ്ടപ്പെട്ടു. അത് വർഷങ്ങളുടെ നഷ്ടമാണ്,” അവർ പറഞ്ഞു.

ജൂലൈ 27 മുതൽ 29 വരെ ക്യൂബെക്ക് സിറ്റി സന്ദർശനത്തിന് ശേഷം, ഫ്രാൻസിസ് മാര്‍പാപ്പ തന്റെ കാനഡ പര്യടനം കാനഡയിലെ ഏറ്റവും വലിയ ഇൻയൂട്ട് ജനസംഖ്യയുള്ള ഇക്കാലൂയിറ്റിൽ അവസാനിപ്പിക്കും. അവിടെ അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് മുൻ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും.

കാനഡയിലെ ജനസംഖ്യയുടെ 44 ശതമാനം കത്തോലിക്കരാണെന്നും 18 ശതമാനം പ്രൊട്ടസ്റ്റന്റ് ആണെന്നും പറയപ്പെടുന്നു. കാനഡയിലെ 38 ദശലക്ഷം ജനസംഖ്യയിൽ 3.2 ശതമാനം മുസ്ലീങ്ങളാണ്.

Print Friendly, PDF & Email

Leave a Comment

More News