‘ബുസ്‍താനിക’ സന്ദര്‍ശിച്ച് യൂണിയന്‍ കോപ് സംഘം

അറബിയില്‍ ‘നിങ്ങളുടെ പൂന്തോട്ടം’ എന്ന് അര്‍ത്ഥം വരുന്ന ബുസ്‍താനിക, 330,000 ചതുരശ്ര അടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോനിക്സ് കൃഷിയിടമാണ് നിയന്ത്രിത സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്നത്.

ദുബൈ: യൂണിയന്‍ കോപില്‍ നിന്നുള്ള പ്രതിനിധി സംഘം, എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങിന് കീഴില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോനിക് വെര്‍ട്ടിക്കല്‍ ഫാമായ ‘ബുസ്‍താനിക’ സന്ദര്‍ശിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായും ഉത്പാദക കേന്ദ്രങ്ങളുമായും കരാറുകളുണ്ടാക്കുന്നതിലൂടെ ഏറ്റവും മികച്ചതും സൂക്ഷ്‍മതയോടെയും ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയെന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം.

ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ അല്‍ മക്തൂം അന്താരാഷ്‍ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ബുസ്‍താനിക ഫാമിലേക്കുള്ള യൂണിയന്‍ കോപ് പ്രതിനിധികളുടെ സന്ദര്‍ശനം, ഇരു ഭാഗത്തുനിന്നുമുള്ള പരസ്‍പര സഹകരണത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെയും അതുവഴി എല്ലാവര്‍ക്കും വേണ്ടി ആരോഗ്യകരമായ ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നുവെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി വിശദീകരിച്ചു. ഇവിടെ നിന്ന് സാധനങ്ങളുടെ ഉത്പാദനവും വിതരണവും തുടങ്ങുമ്പോള്‍ അവ മാര്‍ക്കറ്റിലെത്തിക്കുന്ന ആദ്യ ഏജന്‍സികളിലൊന്നായി യൂണിയന്‍ കോപ് പരിഗണിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ഒപ്പം അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെയ്‍ക്കാനും കൃഷിയിലും പച്ചക്കറി വ്യാപാരത്തിലും ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച രീതികള്‍ പഠിക്കാനും പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഫ്രഷ് ഉത്പന്നങ്ങളുടെയും വിതരണം കൂടുതല്‍ വിപുലമാക്കാനും സ്വദേശി ഫാമുകളെ പിന്തുണയ്‍ക്കാനുമുള്ള യൂണിയന്‍ കോപിന്റെ പദ്ധതികളുടെ ഭാഗമായി ആഗോള ഫാമായ ‘ബുസ്താനിക’യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ തേടാനും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

ചില്ലറ വിപണന രംഗത്തെ വിജയകരമായ തങ്ങളുടെ അനുഭവത്തെ കൂടുതല്‍ സമ്പന്നമാക്കാനും പുതിയ നിക്ഷേപ അവസരങ്ങള്‍ തേടാനും യൂണിയന്‍ കോപ് എപ്പോഴും പരിശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരത്തിലുള്ള ഫ്രഷ് ഭക്ഷ്യ വസ്‍തുക്കള്‍ ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും വേണ്ടി എമിറാത്തി ഫാമുകളില്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News