ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാല ഒരുക്കുന്നു. ജില്ലയിലെ ആദ്യത്തെ ആധുനിക അറവുശാലയാണിത്. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഒരു കോടി ഇരുപതിനായിരം രൂപ ചെലവിലാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കശാപ്പ് മുതൽ മാലിന്യ സംസ്കരണം വരെയുള്ള എല്ലാ പ്രക്രിയകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടെ നടത്താം. പ്രതിദിനം 10 മുതൽ 15 വരെ കന്നുകാലികളെ കശാപ്പ് ചെയ്യാൻ കഴിയുന്ന യന്ത്രങ്ങളുണ്ട്. കട്ടിംഗ് മെഷീനുകൾ, ഹാംഗറുകൾ, കൺവെയറുകൾ, സംഭരണ കേന്ദ്രങ്ങൾ, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മേഖലകൾ എന്നിവയുടെ ജോലികൾ പൂർത്തിയായി.
ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനിലപരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേകഇടങ്ങളിലേക്ക് മാറ്റും. ഇറച്ചി അരിഞ്ഞു പായ്ക്ക്‌ചെയ്തതിനുശേഷം വിപണിയില്‍ എത്തിക്കും. പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനുമാകും. മുറികള്‍ ശീതീകരിച്ചവയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) അനുമതിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
ആധുനിക യന്ത്രസഹായത്തോടെ മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും. അറവ്മാലിന്യം വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്ത് ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് നായ ബിസ്‌ക്കറ്റുകളും കോഴിത്തീറ്റയും വളവുമാക്കി മാറ്റും. റെന്‍ഡറിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നുമുണ്ട്, കെട്ടിടത്തിന്റെ പ്രധാനഭാഗത്തിന്റെ ജോലികള്‍, വൈദ്യുതി വിതരണ ക്രമീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
നല്ല ഫ്രീസർ പ്ലോട്ടുകൾ സ്ഥാപിക്കുന്നത് അറുക്കുന്ന മാംസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. മാംസം ശാസ്ത്രീയമായി പ്രത്യേക അറവുശാലകളിൽ മുറിച്ച് ഒരു നിശ്ചിത സമയത്തേക്ക് തണുപ്പിച്ച ശേഷം ബാക്ടീരിയകളുടെ വളർച്ച തടയുകയും പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്നുവെന്ന് ഓതറ വെറ്ററിനറി ഡിസ്പെൻസറിയിലെ സർജൻ ഡോ. പി.എസ്. സതീഷ് കുമാർ പറഞ്ഞു. എല്ലാവർക്കും ഗുണനിലവാരമുള്ളതും ശുദ്ധവുമായ മാംസം നൽകുക എന്ന ലക്ഷ്യത്തോടെ ഇരവിപേരൂർ മീറ്റ്‌സ് എന്ന ലേബലിൽ മാംസം വിപണനം ചെയ്യുമെന്ന് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള പറഞ്ഞു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍