കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ കുടുംബത്തിന് സുരേഷ് ഗോപിയുടെ സഹായ ഹസ്തം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പെട്ട് പണം നഷ്ടപ്പെട്ട വൃക്ക രോഗിയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായഹസ്തവുമായി സുരേഷ് ഗോപി എത്തി. സെറിബ്രൽ പാൾസി ബാധിച്ച രണ്ട് കുട്ടികളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കൂടാതെ, ഇവര്‍ക്ക് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് മക്കളുടെയും ചികിത്സയ്ക്ക് പ്രതിമാസം 20,000 രൂപയിലധികം വേണം. ജോസഫിന്റെ ചികിത്സയ്ക്ക് 4,000ത്തിലധികം രൂപയും ആവശ്യമാണ്. ഒരു മകന്റെ മാത്രം വരുമാനത്തിലാണ് ജോസഫിന്റെ കുടുംബം പിടിച്ചുനില്‍ക്കുന്നത്. റാണിയ്ക്ക് വയറ്റില്‍ മുഴയുണ്ടെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ചികിത്സ മാത്രമല്ല, ജോസഫിന്റെ കുടുംബത്തിന്റെ ജീവിതവും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വഴിമുട്ടിയിരിക്കുകയാണ്.

കൂടാതെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ വീടും സുരേഷ് ഗോപി സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഫിലോമിന അന്തരിച്ചത്.

Leave a Comment

More News