ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്റ്റാലിന്റെ ശബ്ദം ഉയരുന്നു: പിണറായി വിജയൻ

ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്റെ ശബ്ദമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ് നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും പകരം അവഹേളിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ഭീഷണിയിലാണെന്നും പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണം. എല്ലാവര്‍ക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യശബ്ദം ഉയര്‍ത്തിയായിരുന്നു ചെന്നൈയിലെ സ്റ്റാലിന്റെ പുസ്തകപ്രകാശന ചടങ്ങ് നടന്നത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്‍, തേജസ്വി യാദവ്, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വൈവിധ്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുകയാണെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ എന്ന ആശയം ചോദ്യം ചെയ്യപ്പെടുകയാണെന്ന് ഒമർ അബ്ദുള്ള ആരോപിച്ചു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും എതിരെയുള്ള ഭീഷണിയെയും തേജസ്വി യാദവ് വിമർശിച്ചു. ഇന്ത്യയിൽ മതമൗലികവാദവും ഏകാധിപത്യവും ശക്തിപ്പെടുകയാണെന്ന് പിണറായി പറഞ്ഞപ്പോൾ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും നേതാക്കള്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News