യുഎഇ വെള്ളപ്പൊക്കത്തിൽ മരിച്ച മൂന്ന് പേരില്‍ ഒരു ഇന്ത്യാക്കാരനും

അബുദാബി: യുഎഇയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ശക്തമായ വേലിയേറ്റത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരില്‍ തെലങ്കാന സ്വദേശിയും. ഫുജൈറയില്‍ വെച്ചാണ് അത്യാഹിതം നടന്നത്.

തെലങ്കാന മഞ്ചേരിയൽ ജില്ലയിലെ ജന്നാരം മണ്ഡലം സ്വദേശി ഉപ്പു ലിംഗ റെഡ്ഡി (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പാലം മുറിച്ചു കടക്കുന്നതിനിടെ നദിയിൽ നിന്നുള്ള ശക്തമായ വേലിയേറ്റത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന റെഡ്ഡി, വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 20 തൊഴിലാളികളിൽ ഒരാളായിരുന്നു. കനത്ത മഴയെത്തുടർന്ന് ലിംഗ റെഡ്ഡി ജോലി ചെയ്യുന്ന കമ്പനി ജാഗ്രത പാലിക്കാൻ സൈറ്റിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചതായി ഫുജൈറയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞു.

“കമ്പനി മാനേജര്‍ തൊഴിലാളികളോട് ജാഗ്രത പാലിക്കാനും താമസ സ്ഥലത്തേക്ക് തിരികെ പോകാൻ ഒരു ബസ് അയക്കാമെന്നും, രാവിലെ വരെ കാത്തിരിക്കാനും പറഞ്ഞു. എന്നാല്‍, സൈറ്റിൽ രാത്രി മുഴുവൻ കാത്തിരിക്കുന്നതിന് പകരം അവർ നടക്കാൻ തീരുമാനിച്ചു,” സഹപ്രവര്‍ത്തകനായ വെങ്കിടേഷ് പറഞ്ഞു.

ശക്തമായ വേലിയേറ്റത്തിനെതിരെ പരസ്പരം കൈകോർത്ത് പാലം കടന്ന 20 തൊഴിലാളികളില്‍ പതിനേഴു പേര്‍ പാലം മുറിച്ചുകടന്നു. ലിംഗ റെഡ്ഡിക്കൊപ്പം ബാക്കിയുള്ള 3 പേർ അവസാനമായിരുന്നു. ഒഴുക്കിന്റെ ശക്തിയില്‍ അവരുടെ പിടി അയഞ്ഞ് വെള്ളത്തിൽ മുങ്ങുകയായിരുന്നു എന്ന് വെങ്കിടേഷ് വിശദീകരിച്ചു.

ലിംഗ റെഡ്ഡിയുടെ മൃതദേഹം ഫുജൈറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വെങ്കിടേഷ് കൂട്ടിച്ചേർത്തു.

യുഎഇയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഷ്യൻ പൗരൻമാരായ ഏഴുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. എന്നാൽ, ഇന്ത്യൻ അധികൃതർ ഇതുവരെ ആളപായത്തെക്കുറിച്ച് ഒരു അറിയിപ്പും നൽകിയിട്ടില്ല.

ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് 800-ലധികം ആളുകളെ രക്ഷപ്പെടുത്തുകയും ആയിരക്കണക്കിന് ആളുകളെ താത്കാലിക താമസ സ്ഥലങ്ങളിൽ പാർപ്പിക്കുകയും ചെയ്തതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News