സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമാക്കുമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കോവിഡ് നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ സവിശേഷത കണക്കിലെടുത്ത് നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ വിപുലമായ രീതിയിലാണ് പരേഡ് സംഘടിപ്പിക്കുക. പോലീസ്, മറ്റു സേനാ വിഭാഗങ്ങള്‍, എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവർ പരേഡിൽ പങ്കെടുക്കും.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 13 മുതല്‍ 15 വരെ ദീപാലങ്കാരം നടത്താനും യോഗം നിര്‍ദേശം നല്‍കി. അതാത് ഓഫീസുകള്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിമിതമായ നിലയില്‍ മാത്രമാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിലായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷം.

എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സംവിധാനം ഒരുക്കണമെന്ന് കലക്ടർ നിർദേശിച്ചു. സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളുകളിൽ പതാക ഉയർത്തിയ ശേഷം സ്‌കൂൾ പരിസരത്ത് വിദ്യാർഥികളുടെ ഘോഷയാത്ര സംഘടിപ്പിക്കാനും കലക്ടർ നിർദേശം നൽകി. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, സബ് കലക്ടർ അനുകുമാരി, എഡിഎം കെ.കെ. ദിവാകരൻ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News