സംസ്ഥാനത്തെ തുടര്‍ച്ചയായുള്ള മഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആഗസ്റ്റ് 10 വരെ, റൂൾ കർവ് അനുസരിച്ച് സംഭരണശേഷി 137.5 അടിയാണ്. ജലനിരപ്പ് 137.5 അടിക്ക് മുകളിൽ ഉയർന്നാൽ മാത്രമേ സ്പിൽവേ വഴി വെള്ളം തുറന്നുവിടേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 134.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട്ടിലും മഴയായതിനാല്‍ അവര്‍ ജലമെടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഇടുക്കി ഡാമില്‍ ആകെ സംഭരണ ശേഷിയുടെ 68 ശതമാനം മാത്രമേ വെള്ളമുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ മുല്ലപ്പെരിയാറില്‍ ജലം ഉയര്‍ന്നാലും ഇടുക്കി ഡാമില്‍ അത് സംഭരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി മാസത്തിൽ ഡാമുകളിലെ ചെളിയും എക്കലും നീക്കം ചെയ്തതിനാൽ ഡാമുകളുടെ സംഭരണശേഷി വർദ്ധിച്ചിട്ടുണ്ടെന്നും എല്ലാ വർഷവും ഫെബ്രുവരിയില്‍ ഈ പ്രക്രിയ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News