കടപ്പുറത്ത് കണ്ട മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു

കോഴിക്കോട്: ജൂലൈ 17-ന് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

മേപ്പയൂർ വടക്കേക്കണ്ടി സ്വദേശി ദീപക്കിന്റെതാണെന്ന് കരുതിയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ, ഇത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് രണ്ട് ദിവസം മുമ്പ് വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍ എ ശേഖരിച്ച് വീണ്ടും പരിശോധന നടത്തി.

ജൂലൈ 16-ന് രാത്രി പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേയ്ക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇര്‍ഷാദിന്റേതാണെന്നും തെളിഞ്ഞതും.

കേസില്‍ ഇതുവരെ കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷെഹീല്‍, പൊഴുതന സ്വദേശി സജീര്‍, പിണറായി സ്വദേശി മര്‍സീദ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അറസ്റ്റിലായവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മെയ് 13നാണ് ഗള്‍ഫില്‍ നിന്ന് ഇർഷാദ് നാട്ടിലെത്തിയത്. ജോലിക്കായി വയനാട്ടിലേക്ക് പോയ മകനെ ഇതുവരെ കണ്ടിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിനിടെ ഇർഷാദിന്റെ വീട്ടിലേക്ക് വിളിച്ച സ്വർണക്കടത്ത് സംഘം മകൻ കസ്റ്റഡിയിലാണെന്നും ഗൾഫിൽ നിന്ന് കൊടുത്തയച്ച 60 ലക്ഷം രൂപയുടെ സ്വർണം തിരികെ നൽകിയില്ലെന്നും ഭീഷണിപ്പെടുത്തി. ഇർഷാദിനെ തട്ടിക്കൊണ്ടുപോയതിന്റെയും തടങ്കലിൽ വെച്ചതിന്റെയും ചിത്രവും തെളിവിനായി അയച്ചു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News